കൊക്കയാര്‍, കൂട്ടിക്കല്‍, കവളപ്പാറ: പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചില്ലെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: കൊക്കയാര്‍, കൂട്ടിക്കല്‍, കവളപ്പാറ ഉരുള്‍പൊട്ടലുകളിൽ ഇരകളായവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കൊക്കയാറിലും കൂട്ടിക്കലിലും വീട് തകര്‍ന്ന ഭൂരിപക്ഷം പേര്‍ക്കും നഷ്ടപരിഹാരമായി നാമമാത്രമായ തുക മാത്രമാണ് ലഭിച്ചത്.

2021 ഒക്ടോബര്‍ ആറിന് ഇടുക്കി ജില്ലയിലെ കൊക്കയാര്‍ കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍ എന്നിവിടങ്ങളിലും 2019 ഓഗസ്റ്റ് എട്ടിന് മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ കവളപ്പാറയിലും ഉണ്ടായ ഉരുള്‍പൊട്ടലില്‍ നിരവധി പേര്‍ മരിക്കുകയും വീടുകള്‍ക്കും കൃഷിയിടങ്ങള്‍ക്കും വലിയതോതില്‍ നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു. സംഭവങ്ങള്‍ക്ക് ശേഷം വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ സാധിച്ചിട്ടില്ല.

കവളപ്പാറയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് 32 പട്ടികവർഗ കുടുംബങ്ങളെ പോത്തുകല്ലിലുള്ള താല്‍ക്കാലിക ക്യാമ്പിലേക്ക് മാറ്റിയിരുന്നു. പുനരധിവാസ പദ്ധതിയുടെ ഭാഗമായി ഹൈക്കോടതി നിർദേശാനുസരണം സര്‍ക്കാര്‍ ധനസഹായത്തോടെ ഇവര്‍ സ്വന്തം നിലയ്ക്ക് വാങ്ങിയ 10 സെന്റ് വീതമുള്ള ഭൂമിയില്‍ കുറച്ചു വീടുകള്‍ നിലവില്‍ നിര്‍മിച്ചു.

എന്നാല്‍ ഇത്രയും പട്ടികവർഗ കുടുംബങ്ങള്‍ ഒരുമിച്ച് താമസിക്കേണ്ട സ്ഥലത്ത് കുടിവെള്ള സൗകര്യം ഒരുക്കുന്നതിനോ ഗതാഗത സൗകര്യം ഉണ്ടാക്കുന്നതിനോ നടപടി സര്‍ക്കാര്‍ സ്വീകരിച്ചില്ല. കുടിവെള്ളം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി നല്‍കാതെ ക്യാമ്പില്‍ നിന്നും പട്ടികവർഗ കുടുംബങ്ങളെ നിര്‍ബന്ധപൂർവം ഒഴിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ സര്‍ക്കാര്‍ നടത്തുന്നത്.

കൊക്കയാറിലും കൂട്ടിക്കലിലും വീടും സ്ഥലവും വാങ്ങുന്നതിനായി 10 ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചെങ്കിലും യാഥാർഥ്യബോധമില്ലാതെ തയാറാക്കിയ മാനദണ്ഡങ്ങള്‍ കാരണം പലര്‍ക്കും 20 ശതമാനം തുക പോലും ലഭിച്ചിട്ടില്ല. പലരും അപകട സാധ്യതയുള്ള പഴയ വീടുകളില്‍ തന്നെ താമസിക്കുകയോ സ്വന്തം നിലയില്‍ വാടക വീട് എടുത്ത് മാറി താമസിക്കുകയോ ചെയ്യുന്ന സാഹചര്യമാണുള്ളത്.

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ഭീഷണിയുള്ളതിനാല്‍ വാസയോഗ്യമല്ല എന്ന് കണ്ടെത്തിയ പ്രദേശത്തെ വീടുകളിലുള്ളവരെ പുനരധിവസിപ്പിക്കുന്നതിനായി പ്രത്യേക പദ്ധതികള്‍ ഒന്നും തന്നെ നടപ്പാക്കിയിട്ടില്ല. ഇത്തരം ആളുകള്‍ ജീവന്‍ പണയം വെച്ച് വീടുകളില്‍ തന്നെ തുടരുകയോ സ്വന്തം നിലയില്‍ വാടക വീടുകളിലേക്ക് മാറുകയോ ആണ് ചെയ്തിട്ടുള്ളത്.

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആരംഭിച്ച താല്‍ക്കാലിക ക്യാമ്പുകള്‍ ഒന്നരമാസം കഴിഞ്ഞപ്പോള്‍ അടച്ചുപൂട്ടി. നഷ്ടപരിഹാരമായി നാമമാത്രമായ തുക മാത്രമാണ് ലഭിക്കുന്നത് എന്ന് ബോധ്യപ്പെട്ടപ്പോള്‍ മാറി താമസിക്കുവാന്‍ മറ്റു വഴികള്‍ ഒന്നുമില്ലാത്ത അവസ്ഥയിലാണ് ഭൂരിപക്ഷം പേരും. വീടുകള്‍ക്ക് ഉണ്ടായ കേടുപാടുകളുടെ മാത്രം അടിസ്ഥാനത്തില്‍ നഷ്ടപരിഹാരത്തുക അനുവദിക്കുന്ന അപ്രയോഗികമായ മാനദണ്ഡം പരിഷ്‌കരിച്ചു കൊണ്ട് ഉരുള്‍പൊട്ടല്‍ മണ്ണിടിച്ചില്‍ ദുരന്ത ഭീഷണി നേരിടുന്ന എല്ലാ കുടുംബങ്ങളെയും മാറ്റി പാര്‍പ്പിക്കാന്‍ പര്യാപ്തമായ പുനരധിവാസ പാക്കേജ് നടപ്പാക്കുവാന്‍ സര്‍ക്കാര്‍ തയാറാകണം.

മണ്ണിടിച്ചില്‍ തകര്‍ന്നു പോയ കൂട്ടിക്കല്‍-ഏന്തിയാര്‍ ഈസ്റ്റ് പാലം അടിയന്തരമായി പുനര്‍ നിര്‍മ്മിക്കണം. ഇടുക്കി കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ പാലം തകര്‍ന്നതുമൂലം കൊക്കയാര്‍ മേഖലയിലെ കുട്ടികള്‍ സ്‌കൂളില്‍ പോകുന്നത് ഉള്‍പ്പെടെ നാട്ടുകാരുടെ ദൈനംദിന ജീവിതത്തില്‍ വലിയബുദ്ധിമുട്ടുകള്‍ നേരിടുകയാണ്. ഏഴു മരണങ്ങള്‍ സംഭവിച്ച പൂവഞ്ചി വാര്‍ഡില്‍ ഒലിച്ചുപോയ റോഡിന് നാളിതുവരെ സംരക്ഷണഭിത്തി നിര്‍മ്മിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. പൂർണമായും തകര്‍ന്നു പോയ കല്ലേപ്പാലം കുടിവെള്ള പദ്ധതി പുനസ്ഥാപിക്കുന്നതിനും നടപടി സ്വീകരിച്ചിട്ടില്ല. ഈ കാര്യങ്ങളില്‍ അടിയന്തരമായ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണം.

കൊക്കയാര്‍, കൂട്ടിക്കല്‍, കവളപ്പാറ എന്നിവിടങ്ങളില്‍ ദുരന്തബാധിതരുടെ പുനരധിവാസം ഉറപ്പാക്കുന്ന രീതിയില്‍ നഷ്ടപരിഹാരത്തുക ഉയര്‍ത്തി നല്‍കുന്നതിനും ദുരന്ത സാധ്യത മേഖലയില്‍ ഉള്ളവരെ പൂർണമായും പുനരധിവസിപ്പിക്കുന്നതിനും റോഡുകള്‍, പാലങ്ങള്‍, കുടിവെള്ള പദ്ധതികള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍സ്ഥാപിച്ചു കൊണ്ട് സമഗ്രമായ പുനരധിവാസ പദ്ധതി നടപ്പാക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന് വി.ഡി സീശൻ ആവശ്യപ്പെട്ടു. 

Tags:    
News Summary - Kokkayar, Koottikal, Kavalapara: V. D. Satheesan said that the rehabilitation work has not been completed.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.