കോട്ടയം: കാറ്റും മഞ്ഞും മിന്നലുമെല്ലാമുണ്ടെങ്കിലും ഇലവീഴാപ്പൂഞ്ചിറ ഇവർക്ക് അന്നം നൽകുന്ന മണ്ണാണ്. താഴ്വരയിലെ നിരവധി കുടുംബങ്ങളാണ് ഇലവീഴാപ്പൂഞ്ചിറയെ ആശ്രയിച്ച് ഉപജീവനം നടത്തുന്നത്.
പൂഞ്ചിറയിലെ ചിറ്റീന്തിന്റെ ഓലകൾ മുറിച്ച് ചൂലുണ്ടാക്കുന്ന കമ്പനികൾക്കു നൽകുകയാണ് ഇവർ ചെയ്യുന്നത്. ഓലകൾ മുറിച്ചെടുത്ത് ചീകി ചൂലാക്കി കെട്ടിവെച്ചാൽ മതി. കമ്പനികളുടെ ആളുകൾ വണ്ടിയിൽ വന്ന് എടുത്തുകൊണ്ടുപോകും. ഒരു ഓലക്ക് 1.30 പൈസയാണ് കമ്പനിക്കാർ നൽകുക. രാവിലെ മുതൽ ഉച്ചവരെ ഓല വെട്ടിയാൽ മതി. ആഴ്ചയിൽ 3000 രൂപയുടെ പണിയെടുക്കുമെന്ന് ചക്കിക്കാവ് തച്ചുപുരക്കൽ ലീല പറഞ്ഞു.
കാഞ്ഞാറിൽനിന്നടക്കം സ്ത്രീകളും പുരുഷന്മാരും ഓല വെട്ടാൻ പൂഞ്ചിറയിലെത്തുന്നുണ്ട്. പൂഞ്ചിറയിൽ നിറയെ ചിറ്റീന്ത് ഉണ്ട്. അതുകൊണ്ട് പണി ഇല്ലാത്ത ദിവസമില്ല. വീട്ടിൽ വെറുതെയിരിക്കണ്ടല്ലോ എന്നുകരുതി സമീപത്തെ സ്ത്രീകളെല്ലാം ഇവിടെയെത്തുമെന്ന് ലീല പറയുന്നു. മഞ്ഞും മഴയും വന്നാൽ ഇടക്ക് പണി നിർത്തും. എന്തായാലും മിന്നൽ പേടിച്ച് ഉച്ചക്കുശേഷം ആരും നിൽക്കാറില്ല.
ലീലയും ഭർത്താവ് കൃഷ്ണൻകുട്ടിയും ചേർന്നാണ് രാവിലെ പൂഞ്ചിറ കയറുക. കാണാൻ കാഴ്ചളേറെ ഉണ്ടെങ്കിലും പറഞ്ഞുകേൾക്കുന്നതല്ലാതെ ലീല അതൊന്നും കണ്ടിട്ടില്ല. ഓല വെട്ടിയെടുത്ത് മടങ്ങും.
എന്നാൽ, ഇലവീഴാപ്പൂഞ്ചിറയിൽ ജനിച്ചുവളർന്ന കൃഷ്ണൻകുട്ടിക്ക് ഇവിടത്തെ ഓരോ കാര്യങ്ങളും ഹൃദിസ്ഥമാണ്. അതുകൊണ്ടുതന്നെ സഞ്ചാരികളുടെ ഏതു സംശയവും തീർക്കാൻ കൃഷ്ണൻകുട്ടി മുന്നിലുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.