കടലൊഴിഞ്ഞുപോയി കരയായി തീർന്ന നിരവധി സങ്കീർണമായ പ്രദേശങ്ങൾ മരുഭൂമിയിലുണ്ട്. ഇന്നും കടലിന്റെ സ്വഭാവം കാണിക്കുന്ന ഈ മണലാരണ്യങ്ങൾ യു.എ.ഇയുടെ പ്രകൃതി സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്നവയാണ്. മരുഭൂമിക്കിടയിൽ ദ്വീപുകളായി പരിണമിച്ച് കിടക്കുന്ന കണ്ടൽക്കാടുകൾ കടലിന്റെ പ്രാചീനമായ ചരിത്രത്തെ രേഖപ്പെടുത്തുന്നവയാണ്. കടലിന്റെ മണവും ഗുണവും ഇവിടെ നിന്ന് വേർതിരിച്ചെടുക്കാൻ പ്രകൃതിയുമായൊന്ന് ലയിച്ചിരുന്നാൽ മാത്രം മതി.
കണ്ടൽമരങ്ങളും അവയുടെ കൂടെ വളരുന്ന കണ്ടലിതര സസ്യങ്ങളും ഈ പ്രദേശങ്ങളിൽ ഇടതിങ്ങി വളരുന്നു. വേലിയേറ്റ സമയത്ത് ജലാവൃതമായും വേലിയിറക്ക സമയത്ത് അനാവൃതവുമായ അന്തരീക്ഷവുമായി ബന്ധപ്പെടുന്ന തണ്ണീർത്തടങ്ങളിലെ ചതുപ്പു നിലങ്ങളിലാണ് കണ്ടൽക്കാടുകൾ വളരുന്നത്. കണ്ടൽക്കാടുകളെ ഉൾപ്പെടുത്തിയുള്ള വിനോദസഞ്ചാരമേഖല യു.എ.ഇയുടെ സൗഭാഗ്യമാണ്. ഇതിൽ പ്രധാനപ്പെട്ടതാണ് അബൂദബിയിലെ ജുബൈൽ കണ്ടൽ മേഖല.
തെളിനീരിൽ മീനുകൾ പരക്കം പായുന്നതും ജലപക്ഷികൾ നീന്തിതുടിക്കുന്നതും തൊട്ടടുത്ത് കാണാം. കണ്ടൽവനത്തിലൂടെ പോകുന്ന കാറ്റിനുപ്പോലുമുണ്ട് ഔഷധഗുണം എന്നാണ് ചൊല്ല്. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനുള്ള സവിശേഷമായ ജൈവീകോദ്യാനമാണ് അബൂദബി ജുബൈല്‍ ദ്വീപിലെ കണ്ടല്‍ പാര്‍ക്ക്. 19 ചതുരശ്ര കിലോമീറ്ററിലായി പരന്നുകിടക്കുന്ന ജുബൈല്‍ കണ്ടൽ പാര്‍ക്കിൽ കണ്ടലിതര സസ്യങ്ങളും വളരുന്നു.
സവിശേഷമായ മത്സ്യസമ്പത്തും പക്ഷികളും ജലസസ്യങ്ങളും കൊണ്ട് സമ്പന്നമാണ് ജുബൈൽ. കാർബൺ പ്രസരണങ്ങളെ കടന്നാക്രമിച്ച് ശുദ്ധവായി സദാപ്രധാനം ചെയ്യുന്ന കണ്ടലുകളെ കണ്ണിലെ കൃഷ്ണമണിപ്പോലെയാണ് അബൂദബി സംരക്ഷിക്കുന്നത്. കണ്ടല്‍ക്കാടുകള്‍ക്കിടയിൽ പ്രത്യേകം സജ്ജീകരിച്ച നടപ്പാലത്തിലൂടെ പോകുമ്പോൾ പക്ഷികളെയും മല്സ്യങ്ങളെയുമെല്ലാം അടുത്ത് കാണാം. കാറ്റ് വന്ന് ഹൃദയത്തോട് സല്ലപിക്കുന്നതായി തോന്നും. മനസ്സിന്റെ ഉപോത്പന്നമായ ചിന്തകളിൽ കവിതകൾ കുറുകാൻ തുടങ്ങും.
2020 ജനുവരി 30നാണ് പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. പ്രകൃതി സ്നേഹികളുടെയും കുടുംബങ്ങളുടെയും ഇഷ്ടയിടമാണിവിടം. ജുബൈല്‍ മാംഗ്രോവ് പാര്‍ക്കിലെ പ്രധാന ആകര്‍ഷണം മൂന്ന് നടപ്പാതകളാണ്. മരങ്ങളുടെ സൗന്ദര്യം തുളുമ്പുന്ന ഇവ നടത്തത്തെ നടനമാക്കുന്നു. പാലങ്ങളിൽ ഏറ്റവും നീളംകൂടിയത് രണ്ട് കി.മീറ്ററാണ്. 1.6, ഒരു കിലോമീറ്റർ ദൈര്‍ഘ്യമുള്ള നടപ്പാതകളുമുണ്ട്.
കണ്ടല്‍ ചെടിയുടെ വേരുകൾ കാണാവുന്ന സംവിധാനം, വേലിയേറ്റങ്ങളെ കുറിച്ച് അറിയാനുള്ള വാട്ടര്‍ കളക്ടര്‍ നോഡ്, ബീച്ച് ടവര്‍ തുടങ്ങിയവും ആകര്‍ഷണങ്ങളാണ്. സംശയ നിവാരണത്തിനും മറ്റ് വിനോദങ്ങളില്‍ സഹായിക്കാനും നിരവധി ഗൈഡുമാരെയും റേഞ്ചര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. 80 രാജ്യങ്ങളിലായി ഏകദേശം 14 ദശലക്ഷം ഹെക്റ്റർ പ്രദേശത്ത് കണ്ടൽക്കാടുകൾ ഉണ്ട്. ഭൂമിശാസ്ത്രപരമായി കണ്ടൽക്കാടുകൾ രണ്ട് മേഖലകളിലായാണ് കാണപ്പെടുന്നത്. ഇന്ത്യയുൾപ്പടെയുള്ള ഇന്തോ പസിഫിക് മേഖലയും അമേരിക്കയും പടിഞ്ഞാറൻ ആഫ്രിക്കൻ തീരങ്ങൾ ഉൾപ്പെടുന്ന ആഫ്രോ അമേരിക്കൻ മേഖലയും.
യു.എ.ഇയിലെ വിവിധ പ്രദേശങ്ങളിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന കണ്ടൽ ഇനമാണ് ചെറുഉപ്പട്ടി. ഏഷ്യയിൽ ഇവ അറേബ്യൻ തീരപ്രദേശങ്ങളിലാണ് പ്രധാനമായും കണ്ടുവരുന്നത്. അറേബ്യൻ ഐക്യനാടുകൾ, ഖത്തർ, ഒമാൻ, യെമൻ, സൗദി അറേബ്യ, ഈജിപ്ത്, എരിത്രിയ, സുഡാൻ എന്നിവടങ്ങളിലും ഇറാന്റെ തെക്കു ഭാഗങ്ങളിലും ഇന്ത്യയുടെ തീരങ്ങളിലും ഇവ കാണപ്പെടുന്നു. ചെറുഉപ്പട്ടി ചെറിയ സസ്യങ്ങളാണ്. 10 -14 മീറ്ററോളം ഉയരം വക്കും ഇവയുടെ ശാഖകൾ കെട്ടുപിണഞ്ഞ് കാണപ്പെടുന്നു. തടിക്ക് ഇളം ചാരനിറമാണ്. ഇത് കനം കുറഞ്ഞ ശൽകങ്ങൾ കൊണ്ട് ആവൃതമാണ്.
ചാരനിറമോ വെള്ള നിറമോ ഉള്ളതു കൊണ്ട് ഇംഗ്ലീഷ് നാമമായ ഗ്രേ/വൈറ്റ് മാംഗ്രോവ് എന്ന പേരിലും അറിയപ്പെടുന്നു. വളരുന്ന പ്രദേശങ്ങളിലെ വെള്ളത്തിൽ നിന്നുള്ള ലവണാംശം ഇലകളിലൂടെ പുറം തള്ളിക്കളയാനുള്ള കഴിവ് ഇവക്കുണ്ട്. ഇത് മൂലം പരിസരങ്ങളിലെ വെള്ളത്തിന്റെ ലവണാംശം കുറയുന്നതിനാൽ പാരിസ്ഥിതിക പ്രാധാന്യം ഏറെയുള്ള ഒരു ഇനമാണ് ഉപ്പട്ടികൾ. മറ്റു കണ്ടലുകളെ പോലെ തന്നെ ഉപ്പു ജലത്തിന്റേയും ശുദ്ധജലത്തിന്റേയും പ്രാദേശികഭിത്തികളായി ഇവ വളരുന്നു. യു.എ.ഇയിൽ കൂടുതൽ കാണപ്പെടുന്ന കണ്ടലാണിത്.
ഇവയുടെ ഇലകളിൽ ഉപ്പ് അടിഞ്ഞു കൂടുന്നത് കൊണ്ട് ഉപ്പ് ഊറ്റിയെടുക്കുന്നവ എന്നർത്ഥത്തിൽ ഉപ്പൂറ്റി അഥവ ഉപ്പട്ടി എന്നും, തമ്മിൽ ചെറിയ വലിപ്പത്തിൽ വളരുന്ന രണ്ടു ജനുസ്സുള്ളിൽ പെടുന്നതിനാൽ ചെറിയ ഉപ്പട്ടി എന്നും പേരു വന്നു. അബൂദബിയിലെ അൽ ജുബൈല്‍ ദ്വീപിലാണ് ജുബൈല്‍ കണ്ടൽ പാര്‍ക്ക്. അബൂദബി അന്താരാഷ്ട്ര വിമാനതാവളത്തിൽ നിന്ന് 22 മിനിറ്റും യാസ് ദ്വീപ്, റീം ദ്വീപ്, ഖാലിദിയ എന്നിവിടങ്ങളില്‍ നിന്ന് 25 മിനിറ്റിൽ താഴെയുമാണ് ഇവിടേക്കുള്ള യാത്ര. ദുബൈ മറീനയില്‍ നിന്ന് 60 മിനിറ്റ് സഞ്ചരിക്കണം.
സമയവും പാര്‍ക്കിങ്ങും: ദിവസവും രാവിലെ ഏഴിന് തുറക്കും. അവസാന പ്രവേശനം രാത്രി ഒമ്പതിനാണ്. രാത്രി 10ന് അടക്കും. സൗജന്യ പാര്‍ക്കിങ് ലഭ്യമാണ്. പാര്‍ക്കിലേക്കുള്ള പ്രവേശന ഫീസ് അഞ്ച് ദിര്‍ഹമാണ്. സാഹസികരായ അതിഥികള്‍ക്ക് ഇലക്ട്രിക് ഡ്രാഗണ്‍ ബോട്ട് അനുഭവം വേറിട്ടതാണ്. കയാക്കിങ്, രാത്രികാല കയാക്കിങ്, സൂര്യാസ്തമയ കയാക്കിങ്, സ്റ്റാന്‍ഡ്അപ്പ് പാഡില്‍ ബോര്‍ഡിങ്, യോഗ തുടങ്ങിയവയുണ്ട്. ഓരോന്നിനും പ്രത്യേകം ഫീസാണ് ഈടാക്കുന്നത്. അഞ്ച് മുതല്‍ 130 ദിര്‍ഹം വരെ ഫീസ് അടയ്ക്കേണ്ട വിനോദ പരിപാടികളാണുള്ളത്. ആറ് വയസും അതില്‍ താഴെയും പ്രായമുള്ള കുട്ടികള്‍ക്ക് നടപ്പാതയിലൂടെ യാത്ര സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.