അഗ്സൂരിലെ നഴ്സറിയിൽ ചെടികൾ പരിപാലിക്കുന്ന തുളസി ഗൗഡ

'നമഗെ കാടു ബേക്കു' - ഇത്​ തുളസി ഗൗഡയുടെ ജീവിത കഥ

ഹൊന്നാലി എന്ന കൊച്ചുഗ്രാമത്തിൽനിന്ന്​ പരമ്പരാഗത വേഷമണിഞ്ഞ് നഗ്​നപാദയായി എത്തി 77ാം വയസ്സിൽ രാജ്യത്തിെൻറ നാലാമത്തെ പരമോന്നത ബഹുമതിയായ പത്മശ്രീ പുരസ്കാരം രാഷ്​​ട്രപതിയിൽനിന്ന്​ തുളസി ഗൗഡ ഏറ്റുവാങ്ങി. സ്വന്തം ജീവിതം തന്നെ പ്രകൃതിക്കായി സമർപ്പിച്ച അവർക്കുള്ള രാജ്യത്തി​െൻറ സ്​നേഹസമ്മാനമായിരുന്നു അത്​. 'കാടിെൻറ സർവവിജ്ഞാനകോശം' എന്ന്​ ഒരു നാട്​ മുഴുവൻ ഓമനപ്പേരിട്ട്​ വിളിച്ച തുളസി ഗൗഡയുടെ ജീവിത കഥ

ഹൊന്നാലിയിലെ കാടുകളിൽ നഗ്​നപാദയായി വർഷങ്ങളായി അവർ നടന്നുകൊണ്ടേയിരിക്കുകയാണ്. ഒാരോ തവണയും കാടുകയറി തിരിച്ചിറങ്ങുമ്പോൾ അവരുടെ കൈക്കുമ്പിളിലും സാരിത്തലപ്പിലും നിറയെ ജീവ​െൻറ തുടിപ്പുള്ള വിത്തുകളുണ്ടാകും. ത​െൻറ ഗർഭപാത്രത്തിലുള്ള കുഞ്ഞ് പിറക്കുന്നതും കാത്തുനിൽക്കുന്ന അമ്മമാരെ പോലെ അവർ ആ വിത്തുകൾ പാകി വളവും വെള്ളവും നൽകി കാത്തിരിക്കും. കുഞ്ഞിെൻറ ഒാരോ വളർച്ചയും ആശ്ചര്യത്തോടെ നോക്കിക്കാണുന്ന മാതാപിതാക്കളുടെ അതേ കൗതുകത്തോടെ വിത്ത് പൊട്ടിമുളച്ച് ചെടിയായി വളരുന്നത്​ അവർ നോ

ക്കിനിൽക്കും. വേനൽക്കാലമാകുന്നതുവരെ ആ തൈകളെ പറക്കമുറ്റാത്ത കുഞ്ഞുങ്ങളെപോലെ സംരക്ഷിക്കും. വളർന്ന് പാകമായെന്നുറപ്പാക്കിയ തൈകളുമായി വീണ്ടും വനത്തിലേക്ക് നടന്നുകയറും. വർഷങ്ങൾക്കിപ്പുറം അവർ നട്ടുവളർത്തിയ തൈകളെല്ലാം വടവൃക്ഷങ്ങളായി മാറിയിട്ടുണ്ടാകും. കഴിഞ്ഞ ആറു ദശാബ്​ദക്കാലത്തോളമായി തുളസി ഗൗഡ എന്ന ആദിവാസി സ്ത്രീ തുടരുന്ന ജീവിതചര്യയാണിത്.

പ്രകൃതിയുടെ അമ്മയായി മാറിയ ഇവരുടെ ജീവിതം പുതുതലമുറക്ക് വലിയൊരു പാഠപുസ്തകമാണ്. സ്കൂൾ വിദ്യാഭ്യാസം അന്യമായ തുളസി ഗൗഡക്ക് എഴുതാനോ വായിക്കാനോ അറിയില്ല, എന്നാൽ, വിത്തുകളുടെയും ചെടികളുടെയും തൈകളുടെയും മരങ്ങളുടെയും മനസ്സ്​ വായിക്കാനറിയാം. ഹൊന്നാലി എന്ന കൊച്ചു ഗ്രാമത്തിൽനിന്ന്​ പരമ്പരാഗത വേഷമണിഞ്ഞ് നഗ്​നപാദയായി എത്തി 77ാം വയസ്സിൽ രാജ്യത്തിെൻറ നാലാമത്തെ പരമോന്നത ബഹുമതിയായ പത്മശ്രീ പുരസ്കാരം രാഷ്​​ട്രപതിയിൽനിന്ന്​ അവർ ഏറ്റുവാങ്ങി. സ്വന്തം ജീവിതംതന്നെ പ്രകൃതിക്കായി സമർപ്പിച്ച തുളസി ഗൗഡക്കുള്ള രാജ്യത്തി​െൻറ സ്​നേഹസമ്മാനമായിരുന്നു അത്​. പുരസ്കാരങ്ങളേക്കാൾ വിത്തുകളും തൈകളും മരങ്ങളുമാണ് കൂടുതൽ സന്തോഷം നൽകുന്നതെന്ന അവരുടെ വാക്കുകളിൽതന്നെ പ്രകൃതിയോടുള്ള സ്നേഹത്തിെൻറ ആഴമറിയാനാകും. 'നമഗെ കാടു ബേക്കു' എന്നാണ് അവർ അന്നും ഇന്നും എപ്പോഴും പറയുന്നത്.

കാടില്ലാതെ നാടില്ല എന്ന യാഥാർഥ്യത്തെ ചെറുപ്പത്തിലേ മനസ്സിലാക്കിയ തുളസി ഗൗഡ പരിസ്ഥിതി പ്രവർത്തകർക്ക് 'കാടിെൻറ സർവവിജ്ഞാനകോശ'മാണെങ്കിൽ അവർ ജനിച്ചുവളർന്ന ഹാലക്കി വൊക്കലിഗ‍ എന്ന ഗോത്രവിഭാഗത്തിന് 'വൃക്ഷ ദേവത'യാണ്. ചെറുപ്പം മുതൽ ഇതുവരെ എത്ര തൈകൾ നട്ടുപിടിപ്പിച്ചെന്ന കണക്കുപോലും അവർ കൃത്യമായി സൂക്ഷിച്ചിട്ടില്ല. തുളസി ഗൗഡ ഒരു ലക്ഷത്തിലധികം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചിട്ടുണ്ടെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാക്ഷ്യം. ഹാലക്കി വൊക്കലിഗ വിഭാഗത്തിൽനിന്ന് പത്മശ്രീ പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെ വ്യക്തിയാണ് ഇവർ.

അംകോളയും ഒരു ഗ്രാമവും

അംകോള, കുംത, കാർവാർ, ഹൊന്നാവർ തുടങ്ങിയ നാലു താലൂക്കുകളിലായുള്ള ഗോത്രവിഭാഗമാണ് ഹാലക്കി വൊക്കലിഗ. 400 വർഷത്തിലധികം പഴക്കമുള്ള ഗോത്രവിഭാഗമായ ഹാലക്കി വൊക്കലിഗർക്ക് ആഫ്രിക്കയിലെ മസായി ഗോത്രവിഭാഗത്തോടാണ് സാമ്യമുള്ളത്. പല നിറങ്ങളിലുള്ള സാരി പ്രത്യേക തരത്തിലാണ് ഹാലക്കി വൊക്കലിഗ വിഭാഗത്തിലെ സ്ത്രീകൾ അണിയുക. മഞ്ഞയും കറുപ്പും വെളുപ്പും നിറങ്ങളിലുള്ള ചെറിയ മുത്തുമാലകൾ കഴുത്തിൽ ആറിലധികം തട്ടുകളിലായി ധരിക്കും. നല്ല നിറത്തിലുള്ള പൂക്കളും മുടിക്കൊപ്പം ചേർത്തുവെക്കും.

ഉത്തര കന്നഡയിലെ പശ്ചിമഘട്ടത്തിെൻറ താഴ്വാരങ്ങളിലാണ് ഹാലക്കി വൊക്കലിഗർ കൂടുതലായുള്ളത്. ആറു തട്ടുകളിലായി െചറിയ മുത്തുമാലകൾ. തുളസി ഗൗഡ ഉൾപ്പെടുന്ന ഹാലക്കി വൊക്കലിഗ‍ എന്ന ഗോത്രവിഭാഗം ആരാധിക്കുന്ന വനത്തിൽ വളരുന്ന മരമാണ് അംകോള. ഗോത്രാചാര പ്രതീകമായ അംകോള എന്ന മരത്തിൽനിന്നാണ് കർണാടകയിലെ ഉത്തര കന്നട ജില്ലയിലെ അംകോള താലൂക്കിന് ഇത്തരമൊരു പേരുണ്ടായത്. അംകോള താലൂക്കിലാണ് തുളസി ഗൗഡയുടെ ഗ്രാമമായ ഹൊന്നാലി. നാടിെൻറ പേരിലും സ്വന്തം പേരിലും പ്രകൃതിതന്നെ. ഹാലക്കി വൊക്കലിഗരുടെ ആരാധന പ്രതീകം മരമായതിനാൽതന്നെ വനസംരക്ഷണം ഇവരുടെ രക്തത്തിൽ അലിഞ്ഞുചേർന്നതാണ്.

ജന്മംകൊണ്ടുതന്നെ പ്രകൃതിയെ സംരക്ഷിക്കാനുള്ള ദൗത്യം ആരും പറഞ്ഞുകൊടുക്കാതെതന്നെ തുളസി ഗൗഡ ഏറ്റെടുക്കുകയായിരുന്നു. ഒൗഷധ സസ്യമായ തുളസി എന്ന പേരിൽതന്നെ അവരുടെ ജീവിത ലക്ഷ്യം മാതാപിതാക്കൾ എഴുതിച്ചേർത്തു. അഗ്സൂർ പഞ്ചായത്തിലെ അറബിക്കടലിനോട് ചേർന്നുകിടക്കുന്ന ഗ്രാമമാണ് ഹൊന്നാലി. ഉത്തര കന്നട ജില്ലയുടെ 80 ശതമാനത്തോളം വനമേഖലയാണ്. ഇതിൽ നിത്യഹരിത വനമേഖല ഉൾപ്പെടുന്ന താലൂക്കുകളിലൊന്നാണ് അംകോള. 82 ശതമാനത്തോളമാണ് അംകോളയില വനമേഖലയുടെ വിസ്തൃതി. ആഞ്ഞിലി, കാരമരം, വെള്ളക്കുന്തിരിക്കം, കരിമരുത്, വെൺതേക്ക് തുടങ്ങിയ മരങ്ങളാൽ സമ്പന്നം.

തൈകൾക്കൊപ്പം കൂട്ടുകൂടിയ ബാല്യം

1944ൽ അഗ്സൂർ പഞ്ചായത്തിലെ ഹൊന്നാലിയിലെ ഗോത്ര ഊരിൽ ജനിച്ച തുളസി ഗൗഡയുടെ കുട്ടിക്കാലം അത്ര സന്തോഷകരമായിരുന്നില്ല. അവരുടെ മൂന്നാം വയസ്സിൽ പിതാവ് മരിച്ചതോടെ മാതാവിെൻറ കൈപിടിച്ച് അഗ്സൂരിലെ വനംവകുപ്പിെൻറ തൈകൾ വളർത്തുന്ന നഴ്സറിയിലെത്തി. സമപ്രായക്കാരായ മറ്റു കുട്ടികൾ അംഗൻവാടികളിലേക്കും പിന്നീട് സ്കൂളുകളിലേക്കും പോകുമ്പോൾ തുളസി ഗൗഡക്ക് കൂട്ട് അഗ്സൂർ നഴ്സറിയിലെ ഒൗഷധച്ചെടികളും വൃക്ഷത്തൈകളുമായിരുന്നു. മാതാവിന്​ അഗ്സൂർ നഴ്സറിയിലായിരുന്നു ജോലി. വീട്ടിലെ ദുരിതത്തിനിടയിൽ തുളസിയെ സ്കൂളിൽ കൊണ്ടുപോയി പഠിപ്പിക്കാൻ ആരുമുണ്ടായിരുന്നില്ല. ഇതോടെ എഴുത്തും വായനയും അന്യമായി.

12ാം വയസ്സിൽ തുളസി ഗൗഡക്ക് വിവാഹിതയാകേണ്ടിവന്നു. 20ാം വയസ്സിൽ വനംവകുപ്പിെൻറ അഗ്സൂർ നഴ്സറിയിൽ ദിവസക്കൂലിയിൽ ജോലിയിൽ പ്രവേശിച്ചതോടെ പിന്നീടുള്ള അവരുടെ ജീവിതം പൂർണമായും വിത്തുകൾക്കും വൃക്ഷത്തൈകൾക്കും വൃക്ഷങ്ങൾക്കുമൊപ്പമായി. ഇതിനിടയിൽ അവരുടെ ഭർത്താവ് ഗോവിന്ദെ ഗൗഡ മരിച്ചു. 35 വർഷത്തോളം ദിവസവേതനക്കാരിയായി നഴ്സറിയിൽ ജോലി ചെയ്തശേഷം 55ാം വയസ്സിലാണ് വനവത്കരണത്തോടുള്ള അവരുടെ പകരംവെക്കാനില്ലാത്ത പ്രവർത്തനങ്ങൾ തിരിച്ചറിഞ്ഞ് തുളസി ഗൗഡക്ക് വനംവകുപ്പിൽ സ്ഥിര നിയമനം നൽകുന്നത്.

അഗ്സൂർ നഴ്സറിയിലുള്ള വിത്തുകൾ തൈകളായി മാറ്റുന്നതായിരുന്നു പ്രധാന ദൗത്യം. 70ാം വയസ്സിലാണ് വിരമിക്കുന്നത്. എന്നാൽ, വന​ത്തോടും വൃക്ഷങ്ങളോടുമുള്ള സ്നേഹം തുളസി ഗൗഡ അവിടെ അവസാനിപ്പിച്ചില്ല. 77ാം വയസ്സിലും അവർ മാതൃവൃക്ഷങ്ങളിൽനിന്ന്​ വിത്തുകൾ ശേഖരിച്ച് നഴ്സറിയിലെത്തിച്ച് വൃക്ഷത്തൈകൾ വളർത്തിയെടുക്കുന്നു.

കാടിന്‍റെ സർവവിജ്ഞാനകോശം

ഹൊന്നാലി ഗ്രാമത്തിലെ മസ്തികട്ടയിൽ എത്തിയാലറിയാം തുളസി ഗൗഡ എന്ന സ്ത്രീ നടത്തിയ ഇടപെടലുകളുടെ മാഹാത്മ്യം. ഗ്രാമത്തിലുള്ളവർക്ക് തുളസി ഗൗഡ അവരുടെ സ്വന്തം തുളസി ആജ്ജിയാണ്. കരിമരുത്, വെൺതേക്ക് തുടങ്ങിയ നിരവധി മരങ്ങളുടെ മാതൃവൃക്ഷം കൃത്യമായി കണ്ടെത്തി അവിടെനിന്നും ഏറ്റവും അനുയോജ്യമായ വിത്തുകൾ കണ്ടെത്താനുള്ള കഴിവുതന്നെയാണ് അവരെ വേറിട്ടുനിർത്തുന്നത്.

എപ്പോഴാണ് ഒാരോ മരവും പൂവിടുക, ഒാരോ മരത്തിെൻറയും വിത്തുകൾ ശേഖരിക്കേണ്ട സമയം, വിത്തുകളിൽ മുളപൊട്ടുന്ന സമയം, ഒാരോ വൃക്ഷങ്ങളുടെയും സസ്യങ്ങളുടെയും പുനരുജ്ജീവനത്തിനായി മാതൃവൃക്ഷത്തെ തിരിച്ചറിയൽ, നഴ്സറിയിലെത്തിച്ച വിത്തിെൻറ പരിപാലനം, തൈകൾ വളരാൻ എത്ര അളവിൽ വെള്ളവും മറ്റും നൽകണം തുടങ്ങി മരങ്ങളും തൈകളും വിത്തുകളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളുടെയും 'എൻസൈക്ലോപീഡിയ' തന്നെയാണ് തുളസി ഗൗഡ. അവരുടെ പ്രവർത്തനങ്ങൾ ആരും ഇതുവരെ അടയാളപ്പെടുത്തിയിട്ടില്ല. അതിനാൽ, നേരിട്ട് കാണാതെ ഒന്നും മനസ്സിലാകില്ല. അതത് പ്രദേശത്ത് വളരുന്ന ചെടികളും വൃക്ഷത്തൈകളും പുനരുജ്ജീവിപ്പിക്കാനുള്ള കഴിവാണ് തുളസി ഗൗഡയെ വേറിട്ടുനിർത്തുന്നത്. രാജ്യത്തെ നിത്യഹരിത വനമേഖലയിൽ ഉൾപ്പെടെ നിരവധി മരങ്ങൾ അന്യംനിന്നുപോവുകയാണ്. ഒട്ടേറെ ഗവേഷണങ്ങളുണ്ടായിട്ടും ഇപ്പോഴും തദ്ദേശീയമായുള്ള മരങ്ങളെ പുനരുജ്ജീവിപ്പിക്കുന്നത് വെല്ലുവിളിയാണ്. അവിടെയാണ് തുളസി ഗൗഡ ഒരു അത്ഭുതമായി മാറുന്നത്. മാതൃവൃക്ഷം കണ്ടെത്തി വിത്തുകൾ ശേഖരിച്ചുള്ള വൃക്ഷത്തൈ ഉൽപാദനം കഴിഞ്ഞ ആറു ദശാബ്​ദത്തോളമായി അവർ വിജയകരമായി നടത്തിവരുന്നു.

ചില മരങ്ങളുടെ വിത്തുകൾ ശേഖരിച്ച് നടുന്നതിന് മുമ്പ് ഉണക്കും. മറ്റുള്ളവ നേരെ നഴ്സറിയിലെ ചട്ടിയിലേക്ക് മാറ്റും. ൈതകളായശേഷം വീണ്ടും കാട്ടിലേക്ക് മാറ്റിനടും. തൈകളായിതന്നെ ലഭിക്കുന്നവ നഴ്സറിയിലേക്ക് നേരെ മാറ്റിയശേഷം ശക്തിപ്പെടുത്തി പിന്നീട് വനത്തിലേക്ക് മാറ്റും. ഏപ്രിൽ, മേയ് മാസങ്ങളിലാണ് കരിമരുത് പോലുള്ള മരങ്ങളുടെ തൈകൾ നടാറുള്ളത്. ഹൊന്നെ, പുളി, പുളിനെല്ലി തുടങ്ങിയ വിവിധ മരങ്ങളുടെ വിത്തുകൾ നേരിട്ട് മുളപ്പിക്കും. മുളയുടെ വിത്തുകൾ ഏപ്രിൽ, മേയ് മാസങ്ങളിലാണ് ശേഖരിക്കാറ്​. വിത്തുകൾ കണ്ടെയ്നറിൽ നാലു ദിവസത്തോളം വെള്ളത്തിലിട്ടുവെച്ചശേഷം വെള്ള നിറമാകുന്നതുവരെ ഉരക്കും.

നട്ട് 25 ദിവസത്തിനുള്ളിൽ മുള വന്നുതുടങ്ങും. തൈകളുടെ ഉൽപാദനത്തിന് പുറമെ 300ലധികം ഒൗഷധ സസ്യങ്ങൾ തുളസി ഗൗഡക്ക് തിരിച്ചറിയാനാകും. രോഗങ്ങൾക്ക് ചികിത്സ നൽകുന്നതിനേക്കാൾ വരാതിരിക്കാനുള്ള പ്രതിേരാധത്തിനായി ഹലക്കി വിഭാഗക്കാർ ഒൗഷധ സസ്യങ്ങൾ ഉപയോഗിച്ചുവരുന്നുണ്ട്. പരമ്പരാഗതമായി കിട്ടിയ ഈ അറിവും അവർക്ക് മുതൽക്കൂട്ടായി.

വിത്തുകളുടെ സ്വന്തം അമ്മ

മരങ്ങൾ പരിപാലിക്കുന്നതിലും തൈകൾ വളർത്തുന്നതിലും ത​േൻറതായ അടയാളമുണ്ടാക്കിയ തുളസി ഗൗഡയെ തേടി ഇതിനു മുമ്പും ഒട്ടേറെ അംഗീകാരങ്ങൾ എത്തിയിട്ടുണ്ട്. 1986ൽ ഇന്ദിര പ്രിയദർശിനി വൃക്ഷാമൃത പുരസ്കാരവും 1999ൽ കർണാടകയുടെ രാജ്യോത്സവ പുരസ്കാരവും നേടി. ഇതിനു പുറമെ ഉത്തര കന്നട ജില്ലയിലെ വിവിധ വനവത്കരണ പദ്ധതികളുടെ ഭാഗമായും പ്രവർത്തിച്ചുണ്ട്. യെല്ലപ്പ റെഡ്ഡി എന്ന മുൻ ഐ.എഫ്.എസ് ഒാഫിസറാണ് തുളസി ഗൗഡയുടെ സമാനതകളില്ലാത്ത ജീവിതം പുറംലോകത്തെ അറിയിക്കുന്നത്. ജോലിയിൽനിന്ന്​ വിരമിച്ചശേഷം മക്കൾക്കും പേരക്കുട്ടികൾക്കുമൊപ്പമുള്ള വിശ്രമ ജീവിതത്തിനിടയിലും വനത്തിൽനിന്ന്​ കണ്ടെത്തുന്ന ഏറ്റവും നല്ല വിത്തുകൾ സ്ഥിരമായി അഗ്സൂരിലെ നഴ്സറിയിൽ അവർ എത്തിക്കുന്നുണ്ട്. ഇതോടൊപ്പം ഒൗഷധച്ചെടികളെക്കുറിച്ചും പൂക്കളെക്കുറിച്ചും മരങ്ങളെക്കുറിച്ചും അവയുടെ പ്രാധാന്യത്തെക്കുറിച്ചും ത​െൻറ ജീവിതാനുഭവങ്ങളിലൂടെ പുതുതലമുറക്ക് കൈമാറുകയും ചെയ്യുന്നു.

കുട്ടികൾതന്നെ വിത്തു പാകി അത് ചെടിയായി വളർത്തി പരിപാലിക്കണമെന്നാണ് ഈ മരമുത്തശ്ശിക്ക് പറയാനുള്ളത്. അവരുടെ അറിവുകൾ പരിസ്ഥിതി സംരക്ഷണത്തിനായി പുതുതലമുറക്ക് പ്രചോദനമാകും. വിത്തുകളെ സ്വന്തം മക്കളായിതന്നെയാണ് തുളസി ഗൗഡ കാണുന്നത്. കഴിഞ്ഞ ആറു ദശാബ്​ദക്കാലത്തോളമായി സ്വന്തം കുഞ്ഞിനെ നോക്കുന്നപോലെ വിത്തുകൾ വളർത്തി മരമായി വളരുന്നത് നോക്കിക്കാണുന്നു. പുരസ്കാരത്തേക്കാൾ വനവും മരങ്ങളുമാണ് എപ്പോഴും സന്തോഷം നൽകുന്നതെന്നാണ് തുളസി ഗൗഡയുടെ പക്ഷം.

പത്മശ്രീ പുരസ്കാരത്തിെൻറ തിളക്കത്തേക്കാൾ അവർ മരങ്ങൾ നൽകുന്ന കുളിരിനെയാണ് ഏറെ ഇഷ്​​ടപ്പെടുന്നത്. അതുതന്നെയാണ് പുതിയ തലമുറയോടും അവർക്ക് പറയാനുള്ളത്. ഇതുവരെ നട്ട മരങ്ങളുടെ കണക്ക് ചോദിച്ചാൽ ലക്ഷങ്ങളാണോ കോടിയാണോ എന്നുപോലും അവർക്കറിയില്ല. എന്നാൽ, അടിസ്ഥാനപരമായുള്ള, നാമെല്ലാം മറന്നുപോകുന്ന മരങ്ങളും വനങ്ങളുമില്ലാതെ നാടിന് നിലനിൽപ്പുണ്ടാകില്ലെന്ന ‍യാഥാർഥ്യം അവർക്കറിയാം. വനമുണ്ടെങ്കിലേ നാടുണ്ടാകൂവെന്ന തിരിച്ചറിവ് സ്വന്തം ജീവിതത്തിലൂടെ തുറന്നുകാണിച്ച ഈ കന്നട നാടിെൻറ മരമുത്തശ്ശിക്ക് പുതുതലമുറയോട് പറയാനുള്ളതും ഇതുമാത്രമാണ്.

Tags:    
News Summary - ‘Namage Kadu Beku’ - This is the life story of Tulsi Gowda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.