കൊടും വരൾച്ച; ആനകളും കാട്ടുപോത്തുകളും ഉൾപ്പെടെ വന്യജീവികളെ കൊന്ന് ജനങ്ങൾക്ക് ഭക്ഷണമായി നൽകാൻ നമീബിയ

വിൻഡൂക്ക്: കടുത്ത വരൾച്ചയും ഭക്ഷ്യക്ഷാമവും നേരിടുന്ന ആഫ്രിക്കൻ രാജ്യമായ നമീബിയ ആനകളെയും കാട്ടുപോത്തുകളെയും ഹിപ്പൊപ്പൊട്ടാമസുകളെയും കൊന്ന് ജനങ്ങൾക്ക് ഭക്ഷണം ലഭ്യമാക്കാനുള്ള നടപടിയിലേക്ക്. 83 ആനകൾ, 60 കാട്ടുപോത്തുകൾ, 30 ഹിപ്പൊപ്പൊട്ടാമസുകൾ എന്നിവയുൾപ്പടെ 723 വന്യജീവികളെ കൊന്ന് മാംസം വരൾച്ചാമേഖലയിൽ വിതരണം ചെയ്യാനുള്ള പദ്ധതി തയാറാക്കിയതായാണ് റിപ്പോർട്ടുകൾ.

സംരക്ഷിത മേഖലകളിലും വനങ്ങളിലും കൂടുതലുള്ള വന്യമൃഗങ്ങളുടെ എണ്ണം കണക്കാക്കിയാണ് തീരുമാനമെന്ന് പരിസ്ഥിതി മന്ത്രാലയം അധികൃതർ പറഞ്ഞു. കടുത്ത വരൾച്ച കാരണം നമീബിയയിൽ കഴിഞ്ഞ മാസം ഭക്ഷ്യസ്രോതസ്സിൽ 84 ശതമാനത്തിന്‍റെ കുറവ് സംഭവിച്ചു. ആകെ ജനസംഖ്യയുടെ പകുതിപേരും വരും മാസങ്ങളിൽ കനത്ത ഭക്ഷ്യക്ഷാമം നേരിടേണ്ടിവരുമെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇത്തരമൊരു സാഹചര്യത്തിൽ, വന്യമൃഗങ്ങളുടെ എണ്ണം കൂടുതലുള്ള മേഖലയിൽ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകൾക്ക് കൂടുതൽ സാധ്യതയുണ്ടെന്ന് പരിസ്ഥിതി മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇതും പരിഹരിക്കുക ലക്ഷ്യമിട്ടാണ് മൃഗങ്ങളെ കൊന്നൊടുക്കൽ നടപടി. 50 മാനുകൾ, 100 വൈൽഡ് ബീസ്റ്റുകൾ, 300 സീബ്ര, മാൻ വിഭാഗത്തിൽപെട്ട 100 എലാൻഡുകൾ എന്നിവയെയും കൊന്ന് ഭക്ഷണത്തിനുപയോഗിക്കും.

മൃഗങ്ങളെ കൊല്ലാനായി പ്രഫഷണൽ വേട്ടക്കാരെയും ഈ രംഗത്തെ കമ്പനികളെയും സർക്കാർ സമീപിച്ചിട്ടുണ്ട്. 56,800 കിലോഗ്രാം മാംസം ആകെ ലഭിക്കുമെന്നാണ് സർക്കാറിന്‍റെ കണക്കുകൂട്ടൽ. നടപടി ഭരണഘടനാനുസൃതമാണെന്നും ജനങ്ങളുടെ ആവശ്യങ്ങൾക്കായി പ്രകൃതിയിലെ വിഭവങ്ങളെ ഉപയോഗിക്കാമെന്ന വ്യവസ്ഥ ഭരണഘടനയിലുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

ലോകത്ത് ഏറ്റവും കൂടുതൽ ആനകളുള്ള മേഖലയാണ് നമീബിയ, സിംബാബ്വേ, സാംബിയ, അങ്കോള, ബോട്സ്വാന എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന തെക്കേ ആഫ്രിക്കൻ മേഖല. നാല് രാജ്യങ്ങളിലുമായി രണ്ട് ലക്ഷം ആനകൾ മാത്രമുണ്ട്. കഴിഞ്ഞ വർഷം വരൾച്ചയെ തുടർന്ന് ബോട്സ്വാനയിലും സിംബാബ്വെയിലും നൂറുകണക്കിന് ആനകൾ ചത്തിരുന്നു. 

Tags:    
News Summary - Namibia to cull 83 elephants and distribute meat to people affected by drought

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.