ഏകാകിയായ ആ ഡോൾഫിൻ കരയുന്നതെന്തിന്?

ഡെന്മാർക്കി​ന്‍റെ തണുത്തുറഞ്ഞ തീരക്കടലിൽ വർഷങ്ങളായി ഏകാകിയായ നീന്തുന്ന ഒരു ഡോൾഫി​ന്‍റെ രസകരവും അമ്പരപ്പിക്കുന്നതുമായ കഥയാണിത്. ത​ന്‍റെ ശബ്ദത്തിന് പ്രതികരിക്കാനാരുമില്ലാഞ്ഞിട്ടും ആ ഡോൾഫി​ൻ ശൂന്യതയിലേക്ക് ഉയർന്ന് കൂവുകയും അലറുകയും ചെയ്യുന്നതെന്തിനായിരിക്കണം​? അഞ്ചു വർഷം മുമ്പാണ് സ്വെൻഡ്‌ബോർഗ്‌സണ്ട് ചാനലിൽ ഒരു ഡോൾഫിൻ കറങ്ങുന്നത് നാട്ടുകാർ ആദ്യമായി കണ്ടത്. ഡോൾഫിനുകൾ സാധാരണയായി സഞ്ചരിക്കുന്ന പ്രദേശത്തിന് പുറത്തായതിനാൽ ഈ കാഴ്ച വിചിത്രമായിരുന്നു. 17 വയസ്സുള്ള കുപ്പിമൂക്കൻ ഡോൾഫിന് നാട്ടുകാർ ‘ഡെല്ലെ’ എന്ന് പേരിട്ടു. ഡെല്ലെ അവിടെ സ്വയം പ്രത്യക്ഷപ്പെടുകയായിരുന്നു.

സതേൺ ഡെന്മാർക്ക് സർവകലാശാലയിലെ മറൈൻ ബയോളജിസ്റ്റുകൾ ഡെല്ലെയെക്കുറിച്ച് കേട്ടു. കടലിൽ ഒറ്റപ്പെട്ട ഡോൾഫിൻ ഉണ്ടാക്കുന്ന ശബ്ദം കേൾക്കാനുള്ള അവസരം അവർ സൃഷ്ടിച്ചു. ഡെല്ലെ മാസങ്ങളോളം യാത്ര ചെയ്ത സ്ഥലത്ത് അവർ മൈക്രോഫോൺ സ്ഥാപിച്ചു. എന്തെങ്കിലും ചില ശബ്ദങ്ങൾ മാത്രം പ്രതീക്ഷിച്ച മറൈൻ ബയോളജിസ്റ്റുകൾ അത് പുറത്തെടുത്ത് പരിശോധിച്ചപ്പോൾ ഞെട്ടിപ്പോയി. തങ്ങളുടെ പ്രതീക്ഷകൾക്ക് വിരുദ്ധമായി ഏകാകിയായ ആ ഡോൾഫിൻ വളരെയേറെ ശബ്ദങ്ങൾ ഉണ്ടാക്കുന്നതായി കണ്ടെത്തിയെന്ന് ഗവേഷകർ കഴിഞ്ഞ മാസം ‘ബയോകൗസ്റ്റിക്സ്’ ജേണലിൽ പ്രസിദ്ധീകരിച്ച പ്രബന്ധത്തിൽ വെളിപ്പെടുത്തി.

മൂന്ന് മാസത്തിനിടെ 10,833 ശബ്ദങ്ങളാണ് ഡെല്ലെ പുറപ്പെടുവിച്ചത്. പരസ്പരം തിരിച്ചറിയാൻ ഡോൾഫിനുകൾ സാധാരണയായി ഉപയോഗിക്കുന്ന ഒന്നിലധികം ‘സിഗ്നേച്ചർ’ വിസിലുകൾ പോലും ഡെല്ലെ സൃഷ്ടിച്ചു. ഡോൾഫിൻ ഇത്തരം ശബ്ദങ്ങൾ ഉണ്ടാക്കുന്നത് വളരെ അസാധാരണമാണെന്നും ഗവേഷകർ എഴുതി.
2022 ഡിസംബർ 8നും 2023 ഫെബ്രുവരി 14 നും ഇടയിൽ 69 ദിവസത്തേക്ക് അണ്ടർവാട്ടർ മൈക്രോഫോൺ ഉപയോഗിച്ച് ഗവേഷകർ ഡെല്ലെയെ ശ്രദ്ധിച്ചു. അതിൽ 35 ദിവസങ്ങളിലും ആശയവിനിമയ ശബ്ദങ്ങൾ പതിഞ്ഞതായി ഗവേഷകർ പറയുന്നു.

ആ ദിവസങ്ങളിൽ ഡെല്ലെ വളരെ വാചാലയായിരുന്നു. മൊത്തത്തിൽ 2,239 ചൂളമടികൾ, 5,487 താഴ്ന്ന ​​ആവൃത്തി സ്വരങ്ങൾ, 767 കൊട്ടുന്നതരം ശബ്ദങ്ങൾ, 2288 പൊട്ടിത്തെറി ശബ്ദം എന്നിവ കണ്ടെത്തിയതായി ഗവേഷകർ പറയുന്നു. ദ്രുതഗതിയിലുള്ള ക്ലിക്കുകൾ പോലെ തോന്നുന്ന പൊട്ടിത്തെറി പൾസുകൾ പ്രത്യേകിച്ചും രസകരമായിരുന്നു. കാരണം, ഡോൾഫിനുകൾ പലപ്പോഴും അത്തരം ശബ്ദം അവരുടെ പരിധിയിലെ മറ്റുള്ളവരോടുള്ള ആക്രമണത്തി​ന്‍റെ സൂചകമായി പുറപ്പെടുവിക്കുന്നതാണ്. എന്നാൽ, ഡെല്ലെ ഒറ്റക്കായിരുന്നു. ഡെല്ലെ മൂന്ന് വ്യത്യസ്ത സിഗ്നേച്ചർ വിസിലുകളും തീർത്തിരുന്നു. കുപ്പിമൂക്കൻ ഡോൾഫിനുകൾക്ക് സാധാരണയായി പ്രത്യേക ചൂളമടിയുണ്ട്. അത് മറ്റുള്ളവർക്ക് തിരിച്ചറിയാൻ സ്വയം ഉപയോഗിക്കുന്ന പേരിന് സമാനമാണ്.

‘ഞങ്ങൾ കരുതിയത് ഏതാനും വിസിലുകളോ മറ്റെന്തെങ്കിലുമോ മൈക്രോഫോൺ പിടിച്ചെടുക്കുമെന്നായിരുന്നുവെന്ന്’ സതേൺ ഡെന്മാർക്ക് സർവകലാശാലയിലെ സെറ്റേഷ്യൻ ബയോളജിസ്റ്റും പ്രധാന പ്രബന്ധകനുമായ ഓൾഗ ഫിലാറ്റോവ ‘ലൈവ് സയൻസി’ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ആയിരക്കണക്കിന് വ്യത്യസ്ത ശബ്‌ദങ്ങൾ റെക്കോർഡുചെയ്യുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. സുഹൃത്തുക്കളുടെ അഭാവത്തിൽ ഡെല്ലെ ആത്മ സംഭാഷണത്തിൽ ഏർപ്പെട്ടിരിക്കാം -അദ്ദേഹം പറഞ്ഞു.

എന്തുകൊണ്ടാണ് ഡെല്ലെ ഇത്ര വാചാലനായതെന്ന് ഗവേഷകർക്ക് കൃത്യമായി പറയാൻ കഴിഞ്ഞില്ല. ആദ്യമവർ കരുതിയത് അടുത്തുള്ള ഒരു ​ജലാതിർത്തിലേക്ക് ആശയവിനിമയം നടത്താൻ ശ്രമിച്ചതാകാമെന്നാണ്. പക്ഷേ ആരുമില്ലാത്ത സമയത്തും ഡെല്ലെ ശബ്ദം ഉണ്ടാക്കിയെന്ന് ക​​​ണ്ടെത്തിയതോടെ ആ സിദ്ധാന്തം തകർന്നു. മറ്റ് ഡോൾഫിനുകളുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമത്തിൽ ഡെല്ലെ വെറുതെ വിളിച്ചിരിക്കാമെന്നും ഗവേഷകർ കരുതി. പ്രദേശത്ത് ഒറ്റപ്പെട്ടതായി കാണപ്പെട്ട സമയദൈർഘ്യം കണക്കിലെടുക്കുമ്പോൾ അതിനും സാധ്യതയില്ല.

തമാശയുള്ള എന്തെങ്കിലും കേട്ടാൽ നമ്മൾ സ്വയം എങ്ങനെ ചിരിക്കും എന്നതിന് സമാനമായി ഡെല്ലെ വൈകാരികാവസ്ഥകൾ ഉണർത്തുന്ന അനിയന്ത്രിതമായ ശബ്ദങ്ങൾ ഉണ്ടാക്കിയേക്കാം എന്നതാണ് കൂടുതൽ സാധ്യതയുള്ള ഉത്തരമെന്ന് ഫിലാറ്റോവ പറഞ്ഞു. എന്നാൽ അതിനേക്കാൾ കൂടുതൽ ഊഹാപോഹങ്ങൾ നിറഞ്ഞ മറ്റൊരു ഉത്തരമുണ്ട്. മറ്റു ഡോൾഫിനുകളുമായുള്ള ഇടപെടലുകളില്ലാത്തതിനാൽ തന്നോട് തന്നെ ഡെല്ലെ സംസാരിച്ചിരിക്കാമെന്നാണത്. ദീർഘകാലത്തേക്ക് ഒറ്റപ്പെട്ടിരിക്കുന്ന മനുഷ്യർ ഉയർന്ന തോതിൽ സ്വയം സംസാരത്തിൽ ഏർപ്പെടുന്നതായി ഗവേഷണങ്ങൾ കാണിക്കുന്നു. എന്നിരുന്നാലും, ആ വഴിയിലുള്ള നിഗമനങ്ങളിലേക്കും ഗവേഷകർക്ക് അധികം നീങ്ങാനായില്ല. പ്രത്യേകിച്ചും മനുഷ്യരിലെ ‘സ്വയം സംസാരം’ അത്ര നന്നായി തിരിച്ചറിയ​പ്പെടാത്തതിനാൽ.

പഠനം പൂർണമായ ഉത്തരം നൽകുന്നില്ലെങ്കിലും ആഴത്തിലുള്ള മറ്റൊരു രഹസ്യം കൂടിയുണ്ട്. എന്തുകൊണ്ടാണ് ഡെല്ലെ തണുത്ത ബാൾട്ടിക് കടലിൽ ഒറ്റക്ക് സഞ്ചരിക്കാൻ തീരുമാനിച്ചത്? അവൻ ത​ന്‍റെ കൂട്ടത്തിൽനിന്ന് പുറത്താക്കപ്പെട്ടോ? എങ്ങനെയെങ്കിലും വഴിതെറ്റി വന്നതാണോ​? മഞ്ഞുമൂടിയ ഒറ്റപ്പെടലിൽ ത​ന്‍റെ ‘ആദ്യ നോവൽ’ എഴുതുന്ന പണിയിലാണോ? ഉറപ്പായും നമുക്കൊരിക്കലും അറിയില്ല.

Tags:    
News Summary - A lone dolphin has been yelling into Baltic Sea for years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.