ബ്രഹ്മപുരം:രാജ്യത്ത് ലഭ്യമാകുന്ന എല്ലാ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയെന്ന് പി. രാജീവ്

കൊച്ചി: ബ്രഹ്‌മപുരംമാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തവും തുടര്‍ന്നുണ്ടായ പുകയും അണക്കുന്നതിന് രാജ്യത്ത് ലഭ്യമാകുന്ന എല്ലാ സംവിധാനങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയെന്ന് മന്ത്രി പി. രാജീവ്. സര്‍വകലാശാലകള്‍, മാലിന്യ സംസ്‌കരണ വിദഗ്ധര്‍ തുടങ്ങി ലഭ്യമായ വിദഗ്ധരുടെയെല്ലാം അഭിപ്രായം ഏകോപിപ്പിച്ച് കൃത്യമായാണ് പദ്ധതി നടപ്പാക്കിയത്. നേരത്തേ മൂന്ന് തവണ തീപിടിത്തമുണ്ടായപ്പോഴും നാല് ദിവസങ്ങള്‍ക്കുള്ളില്‍ അണഞ്ഞു.

എന്നാല്‍, ഇത്തവണ അത് ഒന്‍പത് ദിവസം വരെ നീണ്ടു. തുടര്‍ന്ന് സര്‍ക്കാരിന്റെ സജീവമായ ഇടപെടലുണ്ടായി. മന്ത്രിമാരുടെ നേതൃത്വത്തില്‍ ഏകോപന സംവിധാനമുണ്ടാക്കി. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. അഗ്നി രക്ഷാ സേനയുടെ നേതൃത്വത്തില്‍ മാലിന്യക്കൂമ്പാരം ഇളക്കി അകത്തേക്ക് വെള്ളം പമ്പ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ രാവും പകലും നടത്തി. 55 എസ്‌കവേറ്ററുകളാണ് ഇതിനായി ഉപയോഗിച്ചത്. നേവിയുടെയും വ്യോമസേനയുടെയും സേവനം പ്രയോജനപ്പെടുത്തി.

കലക്ടര്‍ ചുമതലയേറ്റ ശേഷം ഉടന്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. രാത്രിയില്‍ സബ് കലക്ടറുടെയും ഡെപ്യൂട്ടി കലക്ടറുടെയും നേതൃത്വത്തില്‍ സ്ഥലത്ത് ക്യാംപ് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. ഇതേ തുടര്‍ന്ന് നിലവില്‍ 80 ശതമാനം ഭാഗത്തെയും പുക ശമിപ്പിക്കാനായി. ഫയര്‍ ആന്റ് റെസ്‌ക്യൂവിന്റെയും സിവില്‍ ഡിഫന്‍സിന്റെയും കോര്‍പ്പറേഷന്‍ ജീവനക്കാരുടെയും എസ്‌കവേറ്റര്‍ ഡ്രൈവര്‍മാരുടെയും വിശ്രമമില്ലാത്ത പ്രവര്‍ത്തനമാണ് നടക്കുന്നത്. എട്ട് സെക്ടറുകളായി തിരിഞ്ഞാണ് പുക അണക്കല്‍. ഇനി മൂന്ന് സ്ഥലത്താണ് പുക അണക്കാനുള്ളത്. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്.

ബ്രഹ്‌മപുരത്ത് നിന്നുയരുന്ന പുകയെ തുടര്‍ന്ന് ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ ഒന്‍പത് മെഡിക്കല്‍ ക്യാംപുകള്‍ സംഘടിപ്പിച്ചു. രണ്ട് കണ്‍ട്രോള്‍ റൂമുകളും പ്രവര്‍ത്തിക്കുന്നു. മരുന്നുകള്‍ ഉറപ്പാക്കുന്നതിന് നടപടി സ്വീകരിച്ചു. ബ്രഹ്‌മപുരത്തേക്ക് പ്ലാസ്റ്റിക് കൊണ്ടുപോകരുതെന്ന് തീരുമാനിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് ഒഴികെയുള്ള മാലിന്യനീക്കം ആരംഭിച്ചിട്ടുണ്ട്.

തീപിടിത്തവുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം നടക്കുകയാണ്. പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും. ഇക്കാര്യത്തില്‍ വിപുലമായ അന്വേഷണം നടത്തണമെങ്കില്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കും. ബ്രഹ്‌മപുരത്തു നിന്നുയരുന്ന പുക ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടോ എന്നത് സംബന്ധിച്ച് വിദഗ്ധ ഏജന്‍സിയെക്കൊണ്ട് പടനം നടത്തുന്നത് പരിഗണിക്കുകമെന്നും മന്ത്രി പറഞ്ഞു.

അവലോകന യോഗത്തിൽ മന്ത്രിമാരായ എം.ബി. രാജേഷ്, പി. രാജീവ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, എം.പിമാരായ ഹൈബി ഈഡന്‍, ബെന്നി ബഹനാന്‍, മേയര്‍ എം. അനില്‍ കുമാര്‍, എം.എല്‍എ.മാരായ പി.വി. ശ്രീനിജിന്‍, എല്‍ദോസ് കുന്നപ്പിള്ളി, ടി.ജെ. വിനോദ്, അനൂപ് ജേക്കബ്, കെ.ബാബു, കെ.ജെ. മാക്‌സി, അന്‍വര്‍ സാദത്ത്, റോജി എം. ജോണ്‍, ഉമ തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, സിറ്റി പൊലീസ് കമീഷണര്‍ കെ. സേതുരാമന്‍, റൂറല്‍ എസ്.പി വിവേക് കുമാര്‍, സബ് കലക്ടര്‍ പി. വിഷ്ണു രാജ്, എ.ഡി.എം എസ്. ഷാജഹാന്‍, ആലുവ നഗരസഭ ചെയര്‍മാന്‍ എം.ഒ. ജോണ്‍, വിവിധ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. 

Tags:    
News Summary - P. Rajiv said that all the systems available in the country have been put in place.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.