തിരുവനന്തപുരം: വിഴിഞ്ഞം അദാനി പോർട്ട് വിരുദ്ധ സമരത്തിൽ പരിസ്ഥിതി, മനുഷ്യാവകാശ, തീരദേശ പ്രവർത്തകരുമായ ഒമ്പത് പേർക്ക് അപകീർത്തി വരുത്തും വിധം ഫോട്ടോ പ്രസിദ്ധീകരിച്ചതിൽ നിയമ നടപടി സ്വീകരിക്കുമെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മാധ്യമ പ്രവർത്തനത്തെ മറയാക്കിയുള്ള വ്യക്തിഹത്യാ ശ്രമമാണ് ദേശാഭിമാനി പത്രത്തിന്റെ ഒന്നാം പേജിൽ നൽകിയ വാർത്തയും ചിത്രവുമെന്ന് സമിതി ചെയർമാർ ബാബുജി പറഞ്ഞു..
പശ്ചിമഘട്ട സംരക്ഷണ സമിതി സംസ്ഥാന കമ്മിറ്റി അംഗവും മനുഷ്യാവകാശ പ്രവർത്തകനുമായ പ്രസാദ് സോമരാജൻ അടക്കമുള്ള എട്ട് പേരുടെ ചിത്രങ്ങളും വാർത്തയുമാണ് ബുധനാഴ്ച ദേശാഭിമാനിയുടെ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ചത്. പരിസ്ഥിതി വിഷയത്തിലും മറ്റും രാഷ്ട്രീയ പാർട്ടികളുടെ സുതാര്യമല്ലാത്ത സമീപനത്തെ തുറന്നുകാട്ടുവാൻ ശ്രമിച്ചിട്ടുള്ളവർ അധികാര കേന്ദ്രങ്ങളുമായി അകലം പാലിക്കാൻ ശ്രമിച്ചിട്ടുള്ളത് ജനാധിപത്യ മാർഗങ്ങളിലൂടെ മാത്രമാണ് എന്നു സർക്കാർ വകുപ്പുകൾക്കറിയാം.
വിഴിഞ്ഞം അദാനി പോർട്ട് വിരുദ്ധ സമരത്തിൽ ആശയപരമായ പിന്തുണ നൽകിയിട്ടുള്ളവർ ഏതെങ്കിലും നിരോധിത സംഘടനയുടെ ഭാഗമോ അക്രമ സമരങ്ങളുടെ ഭാഗമോ ആയിട്ടുള്ളവരല്ല. ഭരണത്തിലിരിക്കുന്ന പാർട്ടിയുടെ മുഖ പത്രത്തിൽ വസ്തുതകളുടെ പിൻബലമില്ലാതെ, അർഥശൂന്യവും സ്വഭാവഹത്യ മാത്രം ലക്ഷ്യം വെച്ചുള്ള വാർത്ത അവതരിപ്പിക്കുമ്പോൾ, പത്ര സ്വാതന്ത്ര്യത്തെയും ജനകീയ ധാർമ്മികതെയും വെല്ലുവിളിക്കുകയാണ്.
ദേശാഭിമാനിയിലെ വാർത്തക്കെതിരെ, ഇതിനു പിന്നിൽ പ്രവർത്തിച്ചവരുടെ നിയമ വിരുദ്ധ നിലപാടിനെതിരെ പരിസ്ഥിതി പ്രവർത്തകർ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പരിസ്ഥിതി പ്രവർത്തകരായ ഇ.പി. അനിൽ, അഡ്വ. സുഗതൻപോൾ, സുശീലൻ, ഡോ. പ്രസാദ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.