കോഴിക്കോട്: മിഠായിത്തെരുവിലെ അഴുക്കുചാല്‍ അറ്റകുറ്റപ്പണിക്കെത്തിയ ജല അതോറിറ്റി ഉദ്യോഗസ്ഥരെയും കൗൺസിലറെയും തടഞ്ഞ് വ്യാപാരികള്‍. മേയർ നേരിട്ടെത്താതെ പണി നടത്താന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞാണ് തൊഴിലാളികളുമായി എത്തിയ ജല അതോറിറ്റി വിഭാഗം ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും മിഠായിത്തെരുവിലെ വ്യാപാരികള്‍ തടഞ്ഞുവെച്ചത്.
ദിവസങ്ങളായി മിഠായിത്തെരുവിൽ നിലനിൽക്കുന്ന പ്രശ്നമാണിത്. ഇതിന് താൽക്കാലിക പരിഹാരമല്ല, ശാശ്വത പരിഹാരമാണ് ആവശ്യമെന്ന നിലപാടിൽ വ്യാപാരികൾ ഉറച്ചുനിന്നതോടെ വ്യാഴാഴ്ച രാത്രി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി അധികൃതരെത്തി പരിശോധിക്കാമെന്ന് ഉറപ്പ് നൽകുകയായിരുന്നു. ജല അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയര്‍ ഗിരീഷിന്റെ നേതൃത്വത്തിലെത്തിയ ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും കൗണ്‍സിലര്‍ എസ്.കെ. അബൂബക്കറിനെയും വ്യാഴാഴ്ച രാവിലെ 11ഓടെ വ്യാപാരി വ്യവസായ സമിതിയുടെയും വ്യാപാരി വ്യവസായ ഏകോപന സമിതിയുടെയും നേതൃത്വത്തിലാണ് തടഞ്ഞത്.
രണ്ടാഴ്ചയിലധികമായി മിഠായിത്തെരുവിൽ മേലേപാളയം ജങ്ഷനോട് ചേർന്ന ഭാഗത്തെ അഴുക്കുചാലില്‍ തടസ്സമുണ്ടായി മലിനജലം പുറത്തേക്കൊഴുകുകയാണ്. ഇതിലൂടെ ആർക്കും മൂക്കുപൊത്താതെ നടക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. രണ്ടാഴ്ചയായി നിലനിന്ന കനത്ത മഴ ഇരട്ടി ദുരിതമാണ് സമ്മാനിച്ചത്. സെപ്ടിക് ടാങ്കിൽനിന്നടക്കമുള്ള മാലിന്യമുണ്ടെന്നും തെരുവ് നവീകരിച്ചശേഷം ഓട വൃത്തിയാക്കൽ നടന്നിട്ടില്ലെന്നുമാണ് പരാതി.
അഴുക്കുചാലിൽ മണ്ണുൾപ്പെടെ കെട്ടിക്കിടന്നാണ് തടസ്സമുണ്ടായതെന്നാണ് കോർപറേഷൻ എൻജിനീയറിങ് വിഭാഗം കരുതുന്നത്. അഴുക്കുചാലിലെ സ്ലാബ് നീക്കി വെള്ളം ചീറ്റിയാൽ ബ്ലോക്ക് നീക്കാൻ കഴിയുമെന്നായിരുന്നു പ്രതീക്ഷ. തിങ്കളാഴ്ച അഗ്നിരക്ഷാസേനയെത്തി വെള്ളം ചീറ്റിയെങ്കിലും തടസ്സം നീങ്ങിയിരുന്നില്ല. നിരവധി തവണ കോര്‍പറേഷനില്‍ ബന്ധപ്പെട്ടിരുന്നെങ്കിലും ഫലമുണ്ടാകാത്ത സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരെ തടഞ്ഞതെന്ന് വ്യാപാരികൾ വ്യക്തമാക്കി.
2017 ഡിസംബറിൽ ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് മിഠായിത്തെരുവ് നവീകരിച്ചത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കായിരുന്നു നടത്തിപ്പ് ചുമതല.
സ്ലാബ് ഉയർത്തി പരിശോധിച്ചാൽ മാത്രമേ യഥാർഥ പ്രശ്നമെന്തെന്ന് കണ്ടെത്താൻ കഴിയൂ. ഓടക്കുമുകളിൽ പത്തുമീറ്റർ നീളത്തിൽ സ്ലാബ് സ്ഥാപിച്ചിട്ടുണ്ട്. സ്ലാബിൽ ടൈൽസ് പതിച്ചിരിക്കുകയാണ്. ഇതെല്ലാം പൊളിച്ചശേഷമേ സ്ലാബ് നീക്കി പരിശോധന നടത്താൻ കഴിയൂ എന്നതാണ് നിലവിലെ അവസ്ഥ.
നേരത്തേ ജല അതോറിറ്റി വിതരണ ലൈനിനോട് ചേർന്ന് മാൻഹോൾ ഉണ്ടായിരുന്നെങ്കിലും മിഠായിത്തെരുവ് നവീകരിച്ചതോടെ ഇതെല്ലാം മൂടിപ്പോയി. ഇതാണ് പ്രശ്നപരിഹാരം നീണ്ടുപോകാൻ കാരണം. ഡി.ടി.പി.സി ചെയർമാൻ കൂടിയായ കലക്ടറാണ് പ്രശ്നപരിഹാരത്തിനുവേണ്ടി ഇടപെടേണ്ടത്.
ഊരാളുങ്കൽ സൊസൈറ്റിയുടെ കരാർ അവസാനിച്ചെന്ന കാര്യത്തിലും ആശയക്കുഴപ്പമുണ്ടായിരുന്നു.
എന്തായാലും പ്രശ്നത്തിന് പരിഹാരമുണ്ടാക്കണമെന്ന് കാണിച്ച് കോർപറേഷൻ അധികൃതർ കലക്ടർക്ക് കത്ത് നൽകിയിരുന്നു. കലക്ടർ പ്രശ്നത്തിൽ ഇടപെട്ട് തടസ്സം നീക്കേണ്ട കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് നിർദേശിച്ചതോടെയാണ് ഊരാളുങ്കൽ സൊസൈറ്റി അധികൃതരെത്തി വ്യാഴാഴ്ച രാത്രി പ്രശ്നം പരിശോധിക്കാമെന്ന് വ്യാപാരികൾക്ക് ഉറപ്പുനൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.