ദോഹ: ലോക രാജ്യങ്ങൾക്കൊപ്പം തണ്ണീർത്തട ദിനം ആചരിച്ച് ഖത്തർ. ആവാസവ്യവസ്ഥയിൽ തണ്ണീർത്തടങ്ങളുടെ പ്രാധാന്യം സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം വളർത്തുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് എല്ലാ വർഷവും ലോക തണ്ണീർത്തടദിനം ആചരിച്ചുവരുന്നത്. ഖത്തർ നാഷനൽ വിഷൻ 2030ന്റെയും പരിസ്ഥിതിക്കും കാലാവസ്ഥാ വ്യതിയാനത്തിനുമായുള്ള ദേശീയതന്ത്രത്തിന്റെയും നിർണായക ഭാഗമായാണ് ഖത്തറിന്റെ പരിസ്ഥിതി പ്രതിബദ്ധതയെ വിലയിരുത്തുന്നത്. ആരോഗ്യകരവും സുസ്ഥിരവുമായ ആവാസവ്യവസ്ഥകൾക്കായി ജൈവവൈവിധ്യം സംരക്ഷിക്കുകയും പുനഃസ്ഥാപിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിനുള്ള ശ്രമങ്ങൾ ഊർജിതമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
എല്ലാ ജീവജാലങ്ങൾക്കും പ്രയോജനം ചെയ്യുന്നതും അവയുടെ നിലനിൽപ്പിന് സംഭാവന നൽകുന്നതുമായ ആവാസവ്യവസ്ഥകളെ സംരക്ഷിച്ച് നിലനിർത്തിപ്പോരുന്നതിൽ തണ്ണീർത്തടങ്ങൾ മനുഷ്യർക്കും പ്രകൃതിക്കും ഒരുപോലെ അത്യന്താപേക്ഷിതമാണെന്ന് ലോക തണ്ണീർത്തട ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം ട്വീറ്റ് ചെയ്തു. തണ്ണീർത്തടങ്ങൾ പുനഃസ്ഥാപിക്കാനുള്ള സമയമെന്ന ആഗോള പ്രമേയത്തിലൂന്നിയാണ് ഈ വർഷം ലോക തണ്ണീർത്തട ദിനം ആചരിക്കുന്നത്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 35 ശതമാനം തണ്ണീർത്തടങ്ങളും അപ്രത്യക്ഷമായെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
യു.എൻ.ഇ.പി (യു.എൻ പരിസ്ഥിതി പ്രോഗ്രാം) കണക്കുകൾ പ്രകാരം 1700 മുതൽ ലോകത്തെ 90 ശതമാനം തണ്ണീർത്തടങ്ങളും നശിച്ചിട്ടുണ്ട്. വനങ്ങളേക്കാൾ മൂന്നിരട്ടി വേഗത്തിലാണ് തണ്ണീർത്തടങ്ങൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതെന്നും ദ്രുതഗതിയിലുള്ള നാശം തടയുന്നതിനും അവയെ സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും തണ്ണീർത്തടങ്ങളെക്കുറിച്ച അവബോധം ദേശീയ-ആഗോളാടിസ്ഥാനത്തിൽ വളർത്തേണ്ടത് അനിവാര്യമാണെന്നും യു.എൻ.ഇ.പി വ്യക്തമാക്കുന്നു.
ആവാസവ്യവസ്ഥയിൽ തണ്ണീർത്തടങ്ങൾ ഏറെ നിർണായകമാണെന്നും ജൈവവൈവിധ്യം, കാലാവസ്ഥാ ലഘൂകരണം, ശുദ്ധജല ലഭ്യത, കണ്ടൽക്കാടുകൾ എന്നിവക്ക് ഇത് അനിവാര്യമാണെന്നും അറബ് യൂത്ത് ക്ലൈമറ്റ് മൂവ്മെൻറ് ഖത്തർ എക്സിക്യൂട്ടിവ് ഡയറക്ടർ നിഷാദ് ഷാഫി ‘ദി പെനിൻസുല’യോട് പറഞ്ഞു. അൽ ദഖീറ, അൽ അലിയാഹ് ദ്വീപ്, ഖോർ അൽ ഉദൈദ് എന്നിവിടങ്ങളിലാണ് ഖത്തറിലെ പ്രധാന തണ്ണീർത്തടങ്ങളുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.