പുനലൂർ: തെന്മല ശെന്തുരുണി വന്യജീവി സങ്കേതത്തിൽ അപൂർവ ഇനത്തിൽപെട്ടതടക്കം194 ഇനം പക്ഷികളെ കണ്ടെത്തി. തെന്മല ശെന്തുരുണി വന്യജീവി വിഭാഗം, കേരള കാർഷിക സർവകലാശാല, കൊല്ലം ബേർഡ് ബറ്റാലിയൻ, പത്തനംതിട്ട ബേർഡേഴ്സ്, ഡബ്ല്യു.ഡബ്ലു.എഫ് കേരള സംഘം എന്നിവ ചേർന്ന് സങ്കേതത്തിൽ നടത്തിയ വാർഷിക സർവേയിലാണ് ഇത്രയധികം പക്ഷികളെ കണ്ടെത്തിയത്.
പക്ഷി നിരീക്ഷകരും ഗവേഷകരും വിദ്യാർഥികളും ഉൾപ്പെടെ 36 പേരാണ് സർവേക്ക് ഉണ്ടായിരുന്നത്. 172 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള സങ്കേതത്തിലെ വ്യത്യസ്തമായ ആവാസമേഖലകളിൽ സംഘങ്ങളായി തിരിഞ്ഞ് നാലു ദിവസംകൊണ്ടാണ് ഇവർ പക്ഷികളെ നിരീക്ഷിച്ച് കണ്ടെത്തിയത്.
കോഴിക്കിളി പൊന്നൻ, തവിട്ടുകൊക്ക്, പല്ലാസ്പുൽക്കുരുവി എന്നിവയാണ് അപൂർവ ഇനത്തിൽ കണ്ടെത്തിയത്. സർവേയുടെ വിശദ റിപ്പോർട്ട് ഉടൻ പ്രസിദ്ധീകരിക്കുമെന്ന് വൈൽഡ് ലൈഫ് വാർഡൻ ബി. സജീവ് കുമാർ അറിയിച്ചു. അസി. വൈൽഡ് ലൈഫ് വാർഡൻ അജയൻ, ഡോ. ജിഷ്ണു, ഹരി മാവേലിക്കര, ബിജു പി.ബി എന്നിവരാണ് സർവേക്ക് നേതൃത്വം നൽകിയത്.
ഒരുമരത്തിന്റെ പേരിൽ ലോകത്ത് അറിയപ്പെടുന്ന ഏക വന്യജീവി സങ്കേതമാണ് ശെന്തുരുണി വന്യജീവി സങ്കേതം. അനാകാർഡിയേസി കുടുംബത്തിൽപെട്ട ഗ്ലൂട്ടാ ട്രാവൻകൂറിക്ക എന്ന ശെന്തുരുണി മരങ്ങൾ ധാരാളമായി വളരുന്നതുകൊണ്ടാണ് ഈ പേര് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.