തായ്‌വാനിൽ ആഞ്ഞടിച്ച് ‘കോങ് റേ’; മൂന്നു പതിറ്റാണ്ടിനിടെയുള്ള ഏറ്റവും വലിയ ചുഴലിക്കാറ്റ്

തായ്പേ: മൂന്നു പതിറ്റാണ്ടിനിടെ തായ്‌വാൻ നേരിട്ട ഏറ്റവും വലിയ ചുഴലിക്കാറ്റായി ‘കോങ് റേ’. ദ്വീപി​ന്‍റെ കിഴക്കൻ തീരംതൊട്ട ചുഴലിയിൽ നിരവധിയിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. ദശലക്ഷക്കണക്കിന് നിവാസികൾ മുൻകരുതൽ എടുത്തതിനാൽ കാര്യമായ ജീവനാശം റിപ്പോർട്ട് ചെയ്തിട്ടില്ല. തായ്‌വാനിലുടനീളം സ്‌കൂളുകളും തൊഴിലിടങ്ങളും സൂപ്പർമാർക്കറ്റുകളും അടച്ചിട്ടു. തായ്‌വാനിലുടനീളം നീങ്ങിയശേഷം കോങ് റേ വെള്ളിയാഴ്ചയോടെ ദുർബലമാകുമെന്ന് പ്രതീക്ഷിക്കുന്നു. ദ്വീപിലെ കാലാവസ്ഥാ ഏജൻസി പറയുന്നതനുസരിച്ച് കോങ് റേ ഏറ്റവും കൂടുതൽ ബാധിക്കാൻ പോകുന്ന തായ്‌വാനി​ന്‍റെ കിഴക്കൻ ഭാഗത്ത് 1,200 മില്ലിമീറ്റർ വരെ മഴ പെയ്തേക്കാമെന്നാണ്. രക്ഷാപ്രവർത്തനത്തിനായി തായ്‌വാൻ പ്രതിരോധ മന്ത്രാലയം 36,000 സൈനികരെ സജ്ജമാക്കിയിട്ടുണ്ട്.

തായ്‌വാനിലെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനൊപ്പം നൂറുകണക്കിന് വിമാനങ്ങളും ഫെറികളും താൽക്കാലികമായി സ്തംഭിച്ചു. വർഷാവസാനത്തിലേക്ക് ഇത്രയും വലിയ ചുഴലിക്കാറ്റ് എത്തുന്നത് അസാധാരണമാണ്. കാലാവസ്ഥാ ഏജൻസി പറയുന്നതനുസരിച്ച് സാധാരണയായി ജൂലൈ മുതൽ സെപ്റ്റംബർ വരെയാണ് തായ്‌വാനിലെ ടൈഫൂൺ സീസൺ. കഴിഞ്ഞ എട്ട് പതിറ്റാണ്ടുകളായി എല്ലാ ശക്തമായ ചുഴലിക്കാറ്റുകളും ആ കാലയളവിൽ വന്നിട്ടുണ്ട്. എന്നാൽ, ഈ വർഷം ഒക്ടോബറിൽ തായ്‌വാനിൽ രണ്ട് വലിയ കൊടുങ്കാറ്റുകളാണ് ഉണ്ടായത്. കോങ് റേയും ക്രാത്തണും. ക്രാത്തണിൽ നാല് പേർ കൊല്ലപ്പെടുകയും 700ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വർഷാവസാനം ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നത് ത​ന്‍റെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലെന്ന് 70കാരൻ ടി.വി റിപ്പോർട്ടറോട് പങ്കുവെച്ചു.

സമുദ്ര ശാസ്ത്രജ്ഞർ ജൂലൈ മുതൽ ആഗോള സമുദ്രോപരിതല താപനില റെക്കോർഡ് നിലവാരം റിപ്പോർട്ട് ചെയ്തിരുന്നു. കൊടുങ്കാറ്റുകളുടെ തീവ്രമായ വേഗതക്കൊപ്പം അവ വഹിക്കുന്നത് വലിയ അളവിലുള്ള ഈർപ്പമാണെന്നും ഇത് അമിതമായ മഴക്കും വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും ഇടയാക്കുമെന്നും ശാസ്ത്രജഞർ പറയുന്നു. സമീപ ദശകങ്ങളിൽ തായ്‌വാനിൽ ഉണ്ടായ ഏറ്റവും മാരകമായ കൊടുങ്കാറ്റ് 2009 ആഗസ്റ്റിലെ മൊറാകോട്ട് ആയിരുന്നു. പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 900 ഓളം ആളുകൾ അന്ന് മരിച്ചു.

Tags:    
News Summary - Typhoon Kong-rey makes landfall in Taiwan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.