കാൺപൂർ: ആരിഫിനെ കണ്ടതും അടച്ചിട്ട കൂട്ടിൽനിന്ന് ആ സാരസ കൊക്ക് ചിറകുകൾ വിടർത്തി പരക്കം പാഞ്ഞു. പുറത്തേക്കുള്ള വഴികൾ തുറന്നുകിട്ടിയാൽ തന്റെ രക്ഷകന്റെ അടുത്തെത്താൻ കൊതിച്ചെന്നപോലെ. എന്നാൽ, നിയമത്തിന്റെ നൂലാമാലകൾ തനിക്കുമുന്നിൽ പ്രതിബന്ധം തീർത്തതിനാൽ ആ കൊക്കിന്റെ സ്നേഹപ്രകടനം നിസ്സഹായതയോടെ കണ്ടുനിൽക്കാനേ മുഹമ്മദ് ആരിഫിന് കഴിഞ്ഞുള്ളൂ. കാൺപൂർ മൃഗശാലയിലെ കൂട്ടിനരികെ ആരിഫിനെ കണ്ടപ്പോഴുള്ള കൊക്കിന്റെ ആഹ്ലാദം സമൂഹമാധ്യമങ്ങളിൽ വൈറലായി. ബി.ബി.സി ഉൾപെടെയുള്ള മാധ്യമങ്ങൾ ഏറെ പ്രാധാന്യത്തോടെ ഈ കൂടിക്കാഴ്ച റിപ്പോർട്ട് ചെയ്തു.
ഉത്തർപ്രദേശിൽ അമേത്തിയിലെ മന്ദേഖ ഗ്രാമത്തിലുള്ള തന്റെ കൃഷിയിടത്തിൽനിന്ന് 2022 ഫെബ്രുവരിയിലാണ് 35കാരനായ ആരിഫിന് ആ സാരസ കൊക്കിനെ ലഭിച്ചത്. കാലിന് ഗുരുതര പരിക്കേറ്റ പക്ഷിയെ വീട്ടിൽ കൊണ്ടുപോയി നാടൻ മരുന്നുകൾ വെച്ചുകെട്ടി ചികിത്സ നൽകി. പരിക്ക് മാറി ആരോഗ്യം വീണ്ടെടുത്താൽ അത് പറന്നുപോയ്ക്കോളുമെന്നായിരുന്നു ആരിഫിന്റെ കണക്കുകൂട്ടൽ. എന്നാൽ, അതുണ്ടായില്ല. പരിക്കു മാറിയിട്ടും പക്ഷി ആരിഫിനെ വിട്ടുപോകാൻ കൂട്ടാക്കിയില്ല. ഇരുവരും വലിയ ചങ്ങാത്തത്തിലായി. ഒരു പാത്രത്തിൽ ഒന്നിച്ച് ഭക്ഷണം. ആരിഫ് ബൈക്കിൽ സഞ്ചരിക്കുമ്പോൾ ഒപ്പം പറക്കുന്ന സാരസ് കൊക്കിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പക്ഷി പകൽ സമയം കറങ്ങി നടന്ന് വൈകീട്ട് ആരിഫിന്റെ വീട്ടിൽ തിരിച്ചെത്തും. ആരിഫ് എവിടെപ്പോയാലും പക്ഷി പിന്തുടരും. 25-30 കിലോമീറ്റർ വരെ വാഹനത്തിനു പിന്നാലെ പക്ഷി പറന്നെത്താറുണ്ട്. ഒടുവിൽ അത് ആരിഫിന്റെ വീട്ടിലെ അംഗത്തെപ്പോലെയായി.
ആരിഫും കൊക്കുമായുള്ള അപൂർവ സൗഹൃദത്തിന്റെ വാർത്തയറിഞ്ഞ് സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് സന്ദർശിക്കാനെത്തിയിരുന്നു. ആരിഫിനോടും കൊക്കിനോടും ഒപ്പമുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. പിന്നാലെ ആരിഫിന്റെ വീട്ടിലേക്ക് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി. മാർച്ച് 21ന് വനം വകുപ്പ് ഉദ്യോഗസ്ഥർ കൊക്കിനെ ആരിഫിന്റെ വീട്ടിൽനിന്ന് കൊണ്ടുപോയി. സാരസ കൊക്കിനെ പരിചരിച്ച് അസുഖം മാറ്റിയ യുവാവിനെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുക്കുകയും ചെയ്തു.
ആരിഫും സാരസ കൊക്കും തമ്മിലുള്ള സമാഗമത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി രംഗത്തെത്തുന്നത്. ആരിഫിന് തിരികെ കൊക്കിനെ നൽകൂവെന്ന് മിക്കവരും ആവശ്യമുന്നയിക്കുന്നു. അയാൾ അതിനെ കൂട്ടിലടയ്ക്കാതെയാണ് വളർത്തിയത്. നിങ്ങളാകട്ടെ അതിനെ കൂട്ടിലടച്ചിരിക്കുകയാണ് എന്ന് പലരും ചൂണ്ടിക്കാട്ടുന്നു. അഞ്ചുമിനിറ്റ് മാത്രമാണ് കൂടിക്കാഴ്ച നീണ്ടുനിന്നത്.
നീണ്ട കഴുത്തുകളോടും കാലുകളോടും കൂടിയ ഒരിനം പക്ഷിയാണ് സാരസ കൊക്ക്. ഇന്ത്യൻ ഉപഭൂഖണ്ഡം, തെക്കുകിഴക്കൻ ഏഷ്യ, ആസ്ട്രേലിയ എന്നിവിടങ്ങളിലാണ് ഇവയെ കണ്ടുവരുന്നത്. ഉത്തർപ്രദേശിന്റെ തണ്ണീർത്തടങ്ങളിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ സാരസ കൊക്കുകളുള്ളത്. ഉത്തർപ്രദേശിന്റെ സംസ്ഥാന പക്ഷി കൂടിയാണ് ഇത്.
സാരസ കൊക്കിനെ മുഹമ്മദ് ആരിഫിന് തിരികെ നൽകണമെന്ന് ബി.ജെ.പി എം.പി വരുൺ ഗാന്ധി ആവശ്യപ്പെട്ടു. ‘ആരിഫിന്റെയും സാരസ കൊക്കിന്റെയും കഥക്ക് ഏറെ പ്രത്യേകതകളുണ്ട്. അവരുടെ സ്‌നേഹം എത്ര ശുദ്ധമാണെന്നതിന്റെ തെളിവാണ് പരസ്പരം കണ്ടപ്പോഴുള്ള ആ സന്തോഷപ്രകടനം. സ്വതന്ത്രമായ ആകാശത്ത് പറന്നുനടക്കാനാണ് ഈ മനോഹര ജീവിയെ സൃഷ്ടിച്ചിരിക്കുന്നത്. അല്ലാതെ, കൂട്ടില്‍ ജീവിക്കാനല്ല. അവന്റെ ആകാശവും സ്വാതന്ത്യവും ഒപ്പം കൂട്ടുകാരനെയും തിരികെ നല്‍കുക’ -വരുൺ ഗാന്ധി ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.