മഞ്ചേരി: കടലില്‍ മാത്രം കാണുന്ന കറുത്ത കടല്‍ ആളയെ മഞ്ചേരി ചെറുകുളം വലിയപാറയിൽ കണ്ടെത്തി. വന്യജീവി ഫോട്ടോഗ്രാഫറും പക്ഷി നിരീക്ഷകനുമായ ശബരി ജാനകിയാണ് ഇതിനെ കാമറയിൽ പകർത്തിയത്. പറന്നുകൊണ്ട് ഉറങ്ങാൻ കഴിയുമെന്നതാണ് ഇവയുടെ പ്രത്യേകത. കടലില്‍ മാത്രം പറന്നുനടക്കുന്ന പക്ഷികള്‍ കരയില്‍ കാണുന്നത് അത്യപൂർവമാണ്.
ശരീരത്തിന്റെ മുകള്ഭാഗം കറുപ്പും തലയിലും അടിഭാഗത്തും വെളുപ്പുമാണ്. ശരാശരി 30 വർഷമാണ് കറുത്ത കടൽ ആളകളുടെ ആയുർദൈർഘ്യം. വിരിഞ്ഞിറങ്ങി താമസിയാതെ പറന്നുതുടങ്ങും. തുടർച്ചയായി നാല്-അഞ്ച് വർഷം ഇത് നീണ്ടുനിൽക്കും.
മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കാനുള്ള കുറഞ്ഞ കാലം മാത്രമാണ് ഇവ കരയിൽ എത്തുന്നത്. അന്തമാനിലും ലക്ഷദ്വീപിലും ഇവ കൂട്ടമായി പ്രജനനത്തിനായി എത്താറുണ്ട്. 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ പറക്കാനാവും. കുറഞ്ഞ ശരീരഭാരവും (200 ഗ്രാം) നീളമേറിയ ചിറകുകളും നിര്‍ത്താതെ പറക്കാന്‍ സഹായിക്കുന്നു.
പറന്നുകൊണ്ട് കടൽ പരപ്പിലെ ചെറുമീനുകളെ കോരിയെടുത്തു ഭക്ഷിക്കുന്നതാണ് ഇവയുടെ രീതി. ശക്തമായ മഴയത്ത് ചിറകുകൾ നനഞ്ഞതാവാം ഇത് പാറപ്പുറത്ത് വിശ്രമിക്കാൻ കാരണമെന്ന് ശബരി ജാനകി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.