ലണ്ടൻ: ബ്രിട്ടനിലെ നീളം കൂടിയ നദിയായ തേംസിന്‍റെ ഉറവിടം വറ്റി. ഉഷ്ണതരംഗവും കനത്ത ചൂടും കാരണമാണ് ഉറവിടം വറ്റിയതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മുന്നൊരുക്കങ്ങളില്ലാത്ത വിധം ഇംഗ്ലണ്ട് വരൾച്ചയിലേക്ക് കടക്കുകയാണെന്ന ആശങ്കയും അധികൃതർ അറിയിച്ചു.
പടിഞ്ഞാറ് ഗ്ലോസ്റ്റർഷിയറിൽ തുടങ്ങി ഇംഗ്ലണ്ടിന്‍റെ ഹൃദയ ഭാഗത്ത് കൂടി ഒഴുകി കിഴക്ക് എസെക്സിലുള്ള കടലിൽ പതിക്കുന്ന 356 കി.മീ. നീളമുള്ള നദിയാണ് തേംസ്. സാധാരണയായി വേനൽ കാലത്ത് തേംസിന്‍റെ ഉറവിടത്തിൽ ജലനിരപ്പ് താഴാറുണ്ടെങ്കിലും ആദ്യമായാണ് ഇത്രയും താഴുന്നത്.
1935ന് ശേഷം ഇംഗ്ലണ്ട് കണ്ട ഏറ്റവും വലിയ വരൾച്ചയാണ് 2022ലേതെന്ന് ബ്രിട്ടൻ കാലാവസ്ഥ വകുപ്പ് അറിയിച്ചു. 23.1 മില്ലി മീറ്റർ മഴ മാത്രമാണ് ജൂലൈയിൽ ലഭിച്ചത്. ശരാശരി ലഭിക്കേണ്ടതിന്‍റെ 35 ശതമാനം മാത്രമേ ഇത് ആകുന്നുള്ളു. ഇംഗ്ലണ്ടിലും വേൽസിലും നാല് ദിവസം കനത്ത ചൂട് ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് കഴിഞ്ഞ വ്യാഴാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു.
ആഗസ്റ്റിൽ മഴ ആവശ്യത്തിന് കിട്ടാതിരിക്കുകയും വരുന്ന ശീതകാലം വരണ്ടതാകുകയും ചെയ്താൽ രാജ്യത്ത് സ്ഥിതി രൂക്ഷമാകുമെന്ന് കാലാവസ്ഥ വിദഗ്ധയും ഹൈഡ്രോളജിസ്റ്റുമായ ഹന്ന ക്ലോക്ക് പറഞ്ഞു. പാശ്ചാത്യ രാജ്യങ്ങളിൽ ഉഷ്ണതരംഗവും കാട്ടുതീയും തീവ്രമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.