ന്യൂഡൽഹി/ കേപ്ടൗൺ: ഇന്ത്യയിലേക്ക് വീണ്ടും ചീറ്റകളെ എത്തിക്കുന്നു. ഇത്തവണ 12 ചീറ്റകളെ ദക്ഷിണാഫ്രിക്കയിൽനിന്നാണ് എത്തിക്കുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നമീബിയയിൽനിന്ന് എട്ട് ചീറ്റകളെ രാജ്യത്ത് എത്തിച്ചിരുന്നു.
അടുത്ത മാസമാണ് ചീറ്റകളെ എത്തിക്കുക. 2023 ഫെബ്രുവരിയിൽ 12 ചീറ്റപ്പുലികളുടെ ബാച്ച് ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുപോകും -ദക്ഷിണാഫ്രിക്ക പരിസ്ഥിതി വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു.
ആദ്യമെത്തിച്ചവയിൽ അഞ്ച് പെൺ ചീറ്റകളും മൂന്ന് ആണ് ചീറ്റകളുമാണ് ഉണ്ടായിരുന്നത്. മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലാണ് ഇവയെ തുറന്നുവിട്ടത്. ഇതിലെ ‘ഷാഷ’ എന്ന പെൺചീറ്റക്ക് അസുഖം ബാധിച്ചതായി ഇന്നലെ വാർത്ത വന്നിരുന്നു. വൃക്ക തകരാറും നിർജ്ജലീകരണവുമാണ് ‘ഷാഷ’യെ ബാധിച്ചതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യാഴാഴ്ച പറഞ്ഞു.
ആദ്യ ബാച്ചിലെ ‘ആശ’ എന്ന ചീറ്റ ഗർഭിണിയാണെന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ, വൈകാതെ ഗർഭമലസുകയും ചെയ്തു. ആവാസവ്യവസ്ഥ മാറിയതിനാലുണ്ടായ മാനസിക സമ്മർദ്ദമായിരിക്കാം കാരണമെന്നായിരുന്നു ചീറ്റ കൺസർവേഷൻ ഫണ്ടിന്‍റെ നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.