സോൺട കമ്പനിയുമായുള്ള കരാറിന്റെ പകർപ്പ് നിയമസഭയിൽ വെക്കണമെന്ന് ശ്രീധർ രാധാകൃഷ്ണൻ

തിരുവനന്തപുരം: സോൺട കമ്പനിയുമായുള്ള കരാറിന്റെ പകർപ്പ് നിയമസഭയിൽ വെക്കണമെന്ന് ഇടതു സഹയാത്രികനും പരിസ്ഥിതി വിദഗ്ധനുമായ ശ്രീധർ രാധാകൃഷ്ണൻ. മാലിന്യ സംസ്കരണത്തിൽ മുൻപരിചയമില്ലാത്ത കമ്പനിക്ക് കരാർ നൽകിയത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ‘മാധ്യമം ഓൺലൈനി’നോട് പറഞ്ഞു.

സോൺട കമ്പനിയുമായുള്ള കരാറിന്റെ ലംഘനമല്ല ഇവിടെ വിഷയം. സ്റ്റോക്ക്‌ഹോം കൺവെൻഷന്റെ ലംഘനമാണ് ബ്രഹ്മപുരത്ത് നടന്നത്. അതീവ മാരകമായ രാസപദാർത്ഥങ്ങളുടെ നിരോധനമോ ഉല്പാദനവും ഉപയോഗവും നിയന്ത്രിക്കലോ ലക്ഷ്യമാക്കിയുള്ള അന്താരാഷ്ട്ര കരാറാണ് 2001 മെയ് മാസം ഒപ്പുവച്ച സ്റ്റോക്ക്‌ഹോം കൺവെൻഷൻ. അതിന്റെ ലംഘനമാണ് ബ്രഹ്മപുരത്ത് നടന്നത്.

ഐക്യരാഷ്ട്ര സംഘടനയുടെ കീഴിൽ, സ്വീഡന്റെ തലസ്ഥാനമായ സ്‌റ്റോക്‌ഹോമിൽ നടന്ന കൺവെൻഷനിൽ രൂപം കൊണ്ട ഈ കരാർ 2004 മേയ് മുതലാണ് നിലവിൽ വന്നത്. ഇന്ത്യയിൽ 2006 ഏപ്രിൽ 13 മുതലാണ് കരാർ നിലവിൽ വന്നത്. ഇതോടെ സ്‌റ്റോക്‌ഹോം കൺവെൻഷൻ തീരുമാനങ്ങൾ അനുസരിക്കാൻ അംഗരാജ്യമെന്ന നിലയിൽ ഇന്ത്യയും ബാധ്യസ്ഥമാണ്.

വികേന്ദ്രീകരണ മാലിന്യ സംസ്കരണം സർക്കാർ മുന്നോട്ട് വെച്ചിട്ട് കേന്ദ്രീകരണത്തിലേക്ക് പോകാൻ ആരാണ് സമ്മർദം ചെലുത്തിയതെന്ന് പറയണം. കേരളത്തിൽ നന്നായി നടന്നിരുന്ന ഉറവിടെ മാലിന്യ സംസ്കരണത്തെയാണ് പൊളിച്ചടുക്കിയത്. വികേന്ദ്രീകൃതമായി മാലിന്യം ബിസിനസ് ചെയ്യാമായിരുന്നു. അത് ഇടതുപക്ഷത്തിന്റെ നേതൃത്വത്തിൽ കേരളത്തിൽ തുടങ്ങിയിരുന്നു. മുൻമന്ത്രി ഡോ. ടി.എം തോമസ് ഐസക്ക് ആണ് അതിന് നേതൃത്വം നൽകിയത്. അതെല്ലാം അട്ടിമറിച്ചത് മുഖ്യമന്ത്രിയുടെ ഓഫിസാണ്.

ബ്രഹ്മപുരത്ത് ഡയോക്സിനിലൂടെ ജനങ്ങളെ കൊല്ലുകയാണ്. ഡയോക്സിൻ എത്ര വ്യാപമായി പടർന്നു എന്ന് വിദഗ്ധർ പരിശോധിക്കണം. സത്യം ജനങ്ങളെ അറിയക്കണം. ജനങ്ങളുടെ ആരോഗ്യം മോണിറ്റർ ചെയ്യണം. ജനങ്ങളെ സംരക്ഷിക്കാമെന്ന് സർക്കാർ ഉറപ്പ് നൽകണം. പഴയവാദങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രി മറുപടി നൽകിയിട്ട് കാര്യമില്ല. കേരളം മുഖ്യമന്ത്രിയിൽനിന്ന് ഇതിനെല്ലാം ഉത്തരം പ്രതീക്ഷിക്കുന്നു.

അറിയാതെ കത്തിപ്പോയാൽ കോർപറേഷൻ അണക്കണമെന്നാണ് സോൺട കമ്പനി അധികൃതർ പറയുന്നത്.വിളപ്പിൽശാലയിൽ വലിയൊരു കരാർ ഉണ്ടാക്കിയത് ഇപ്പോഴത്തെ മന്ത്രി വി. ശിവൻകുട്ടി തിരുവനന്തപുരം നഗരസഭയുടെ മേയറായിരുന്നപ്പോഴാണ്. വിളപ്പിൽശാല പൂട്ടുമ്പോൾ കമ്പനിക്ക് കോർപറേഷൻ നഷ്ടപരിഹാരം കൊടുക്കേണ്ടിവന്നു. തെറ്റായ കരാറാണ് അന്ന് നഗരസഭ ഒപ്പിട്ടത്.

കൊച്ചിക്കാർ പറയുന്നത് 100 കണക്കിന് വർഷം ഡയോക്സിൻ കൊച്ചിയിൽ ഉണ്ടാവും. മഴപെയ്താൽ ചിത്രപുഴയിലും കടമ്പ്രയാറിലും ഡയോക്സിൻ ഉണ്ടാവും. ആ വെള്ളം പമ്പ് ചെയ്ത് ജനങ്ങൾക്ക് നൽകും. വിഷം ശ്വസിച്ച കൊച്ചിയിലെ ജനങ്ങൾക്ക് നഷ്ടപരിഹാരം നൽകണം.ഡയോക്സിന്റെ അപകടം തരിച്ചറിയാൻ 20 വർഷ കഴിയും. നിയമസഭയിൽ ദുരന്തം അനുഭവിക്കുന്ന കൊച്ചിക്കാരെ അമേരിക്കയിലെ കാര്യം ചൂണ്ടിക്കാട്ടി പരിഹസിക്കരുത്. ഇക്കാര്യത്തിൽ ഭരണകൂടം മനുഷ്യത്വം കാണിക്കണമെന്നും ശ്രീധർ ആവശ്യപ്പെട്ടു.

Tags:    
News Summary - Sridhar Radhakrishnan said that the copy of the agreement with Zonta Company should be placed in the Assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.