കൂടുകൂട്ടാനൊരു ഇടം തേടി: ചെടികൾ തൂക്കിയിരിക്കുന്ന കമ്പിയിൽ വന്നിരുന്ന് കൂടൊരുക്കാൻ ഇടംതേടുന്ന ബുൾബുൾ പക്ഷികൾ, 

കൊടുംചൂടിൽ ഇലകൾ പൊഴിഞ്ഞ മരങ്ങൾ, കരിഞ്ഞുണങ്ങിയ ചില്ലകൾ, അതുകൊണ്ടാവാം കൂടൊരുക്കാനും മുട്ടയിടാനും ഈ അമ്മക്കിളി വീട്ടുമുറ്റത്തെ ചെടികൾക്കിടയിൽ അതിഥിയായെത്തിയത്. അതിഥികളിൽ രണ്ടുപേർ ഉള്ളതിൽ ഒന്ന് ആൺപക്ഷിയാണെന്നു കരുതുന്നു. ലോക്ഡൗൺ കാലയളവിൽ നട്ടുവളർത്തിയ പലതരം ചെടികളിൽ ഒന്നായ സ്പെഡർ പ്ലാൻറിലാണ് ബുൾബുൾ പക്ഷി (Red Whiskerd Bulbul) കൂടുകൂട്ടിയിരിക്കുന്നത് ശ്രദ്ധയിൽപെട്ടത്. ഇരട്ടത്തലച്ചി എന്നും ഈ പക്ഷിയെ വിളിക്കുന്നു.

ഒരമ്മ കുഞ്ഞിന് ജന്മം നൽകിയാൽ എത്ര കരുതലോടെയാണ് വളർത്തുന്നത് അതുപോലെയാണ് ഈ പക്ഷി തന്റെ കുഞ്ഞുങ്ങളെയും സംരക്ഷിച്ചത്. ബുൾബുൾ പക്ഷി ദിവസം ഒരു മുട്ട മാത്രമേ ഇടുന്നത് കണ്ടുള്ളൂ. മൂന്നു ദിവസംകൊണ്ട് മൂന്നു മുട്ടകൾ. ആദ്യത്തെ മുട്ടയിട്ട് 14 ദിവസമായപ്പോൾ മുട്ടകൾ വിരിഞ്ഞുതുടങ്ങി. മറ്റൊരു പ്രത്യേകത ആൺപക്ഷിയും പെൺപക്ഷിയും മാറി മാറി അടയിരിക്കുന്നതും കണ്ടു. എന്നാൽ, കൂടുതൽ സമയവും അമ്മക്കിളിയാണ് അടയിരുന്നത്. തീറ്റ തേടിപ്പോകുന്ന അമ്മക്കിളി പ്രാണികൾ, കീടങ്ങൾ, കുഞ്ഞുതുമ്പികൾ എന്നിവയെ ചുണ്ടിൽ കൊത്തിക്കൊണ്ടുവന്ന് കുഞ്ഞങ്ങളുടെ വായുടെ ഉള്ളിലേക്ക് വെച്ചുകൊടുക്കുന്നു (ചിത്രം 8). കുഞ്ഞുങ്ങൾക്ക് തീറ്റ കൊടുത്തുകഴിഞ്ഞാൽ അമ്മക്കിളി വീണ്ടും പറന്നുപോകും. എന്നാൽ, സൂര്യൻ അസ്തമിക്കുന്നതിനു മുമ്പേ തിരികെ വന്ന് കൂട്ടിലുള്ള കുഞ്ഞുങ്ങളെ ചിറകിനടിയിൽ ഒതുക്കി അന്തിയുറങ്ങും. പിറ്റേദിവസം പ്രഭാതത്തിൽ വീണ്ടും ഭക്ഷണം തേടി പറന്നുപോകുന്നു.


അൽപം വലുപ്പത്തിലുള്ള പഴവർഗങ്ങൾപോലുള്ള ഭക്ഷണം കിട്ടിയാൽ എത്ര സൂക്ഷ്മതയോടെയാണ് അമ്മക്കിളി കുഞ്ഞുങ്ങൾക്ക് നൽകുന്നത്. അവ കുഞ്ഞുങ്ങളുടെ വായിലേക്ക് വെച്ചുകൊടുക്കാതെ അമ്മക്കിളി ചുണ്ടുകൾക്കിടയിൽ അമർത്തിപ്പിടിച്ചുകൊണ്ട് കുഞ്ഞുകിളികളെക്കൊണ്ട് അൽപാൽപം ഭക്ഷിപ്പിക്കുകയാണ് ചെയ്യുന്നത് (ചിത്രം 9,10).


അവയുടെ വിശപ്പടങ്ങിയശേഷം ബാക്കിയാവുന്ന ഭക്ഷണം അമ്മക്കിളിയും ഭക്ഷിക്കുന്നു. ഇരതേടി കിട്ടുന്ന വലുപ്പമുള്ള ഭക്ഷണങ്ങൾ മറ്റു ചെറിയ പദാർഥങ്ങൾ നൽകുന്നതുപോലെ വായിൽ വെച്ച് നൽകിയാൽ കുഞ്ഞുകിളികളുടെ വായിൽ കുരുങ്ങി ജീവഹാനി സംഭവിക്കുമെന്ന് ആ അമ്മക്കിളിക്കറിയാം. അതാണ് അമ്മ മനസ്സ്.

അത് പക്ഷികളായാലും മനുഷ്യനായാലും. ചിറകുമുളച്ച് സ്വയം പറന്നുപോകുന്നതുവരെ ഈ പക്ഷിക്കുഞ്ഞുങ്ങൾ അമ്മക്കിളിയുടെ ചിറകിനടിയിൽ സുരക്ഷിതർ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.