തിരുവനന്തപുരം : മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് പ്രത്യേക ജില്ലാ തല എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി എം.ബി രാജേഷ് അറിയിച്ചു. മിന്നല്‍ പരിശോധന നടത്തി സ്പോ ട്ടിൽ പിഴ ഈടാക്കാനും ലൈസൻസ് റദ്ദ് ചെയ്യാനുമുള്‍പ്പെടെ അധികാരമുള്ള സംവിധാനമാണ് ഏര്‍പ്പെടുത്തുന്നത്.
സംസ്ഥാനത്താകെ 23 സ്ക്വാഡാണ് ആദ്യഘട്ടത്തില്‍ നിയോഗിക്കപ്പെടുന്നത്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ ഒരു സ്ക്വാഡും മറ്റ് ജില്ലകളില്‍ രണ്ട് സ്ക്വാഡ് വീതവുമാണ് പ്രവര്‍ത്തിക്കുക. ഓരോ സ്ക്വാഡും നയിക്കുന്നത് തദേശ വകുപ്പ് പെര്‍ഫോമൻസ് ഓഡിറ്റിലെ ഉദ്യോഗസ്ഥനായിരിക്കും. ശുചിത്വമിഷനില്‍ നിന്നുള്ള എൻഫോഴ്സ്മെന്‍റ് ഓഫീസറും പൊലീസ് ഉദ്യോഗസ്ഥനുമുള്‍പ്പെടെ മൂന്ന് പേരായിരിക്കും ഓരോ സ്ക്വാഡിലും അംഗങ്ങള്‍.
ഹൈക്കോടതി നിര്‍ദേശങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് എൻഫോഴ്സ്മെന്‍റ് ശക്തമാക്കാനുള്ള തീരുമാനം. മാലിന്യമുക്ത കേരളത്തിനായുള്ള പോരാട്ടത്തിലെ നിര്‍ണായക ചുവടുവെപ്പാണ് നടപടി. എൻഫോഴ്സ്മെന്‍റ് സ്ക്വാഡുകള്‍ നിരന്തരം മിന്നല്‍ പരിശോധനകള്‍ നടത്തും. മാലിന്യം വലിച്ചെറിയുന്നവര്‍ക്കും കത്തിക്കുന്നവര്‍ക്കുമെതിരെ സ്പോട്ട് ഫൈൻ ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കും. ശുചിമുറി മാലിന്യം, മാലിന്യം വഹിക്കുന്ന പൈപ്പുകള്‍ തുടങ്ങിയവ ജലസ്രോതസുകളിലേക്ക് തുറന്നുവെച്ചവര്‍ക്കെതിരെയും സ്ക്വാഡ് പരിശോധന നടത്തി നിയമനടപടികള്‍ സ്വീകരിക്കും.
അറവ് മാലിന്യങ്ങള്‍ പൊതുവിടത്ത് നിക്ഷേപിക്കുന്നതിനെതിരെയും നിരീക്ഷണം ശക്തമാക്കും. വാണിജ്യ, വ്യാപാര,വ്യവസായ ശാലകള്‍, ഹോട്ടലുകള്‍, സ്ഥാപനങ്ങള്‍, മാളുകള്‍ എന്നിവിടങ്ങളില്‍ മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ഇല്ലെങ്കില്‍ നടപടി സ്വീകരിക്കുകയും ചെയ്യും.
നിരോധിത പിവിസി, ഫ്ലക്സ്, പോളിസ്റ്റര്‍, നൈലോൺ ക്ലോത്ത്, പ്ലാസ്റ്റിത് കലര്‍ന്ന തുണി,പേപ്പര്‍ തുടങ്ങിയവയില്‍ പരസ്യ, പ്രചാരണ ബോര്‍ഡുകളും ഹോര്‍ഡിംഗുകളും ബോനറുകളും ഷോപ്പ് ബോര്‍ഡുകളും സ്ഥാപിക്കുന്നില്ലെന്ന് സ്ക്വാഡ് ഉറപ്പുവരുത്തും. ഇതല്ലാത്ത മുഴുവൻ പരസ്യ-പ്രചാരണ ബോര്‍ഡുകളും എടുത്തുമാറ്റാൻ നടപടി സ്വീകരിക്കും. പരസ്യം നല്‍കിയ സ്ഥാപനത്തിനെതിരെയും പ്രിന്‍റ് ചെയ്ത സ്ഥാപനത്തിനെതിരെയും ഫൈൻ ഈടാക്കുകയും, ബോര്‍ഡ്, ഹോര്‍ഡിംഗിന്‍റെ പെര്‍മിറ്റ് റദ്ദ് ചെയ്യുകയും ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.