കോട്ടയം: റെക്കോഡ് മഴക്കാലത്തിന് പിന്നാലെ ചൂട്ടുപൊള്ളി ജില്ല. ഏതാനും ദിവസങ്ങളായി സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പകല്‍ താപനില രേഖപ്പെടുത്തുന്നത് കോട്ടയത്താണ്. ശനിയാഴ്ച പുനലൂരിനുശേഷം ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടത് കോട്ടയത്തായിരുന്നു. ശനിയാഴ്ച കോട്ടയത്ത് 35 ഡിഗ്രിയായിരുന്നു പകല്‍താപനില. പുനലൂർ (35.6) മാത്രമായിരുന്നു കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിന്റെ കണക്കുപ്രകാരം കോട്ടയത്തിന് മുന്നിൽ.
സമീപ കാലത്തെ ഏറ്റവും വലിയ മഴക്കാലത്തിന് ശേഷമാണ് നാട് വെയിലിൽ ഉരുകുന്നത്. മഴ ജില്ലയുടെ മലയോരങ്ങളിൽ കനത്തനാശം വിതച്ചിരുന്നു. 23 ജീവനുകളാണ് ഉരുൾപൊട്ടൽ അപഹരിച്ചത്. വെള്ളപ്പൊക്കത്തിൽ വലിയ നാശങ്ങളും സംഭവിച്ചിരുന്നു. ജില്ലയിലൂടെ ഒഴുകുന്ന നദികളെല്ലാം നിറഞ്ഞുകവിഞ്ഞു. തുലാവർഷക്കാലത്ത് റെക്കോഡ് മഴയാണ് ജില്ലക്ക് കിട്ടിയത്. 1124.2 മില്ലിമീറ്റർ മഴയാണ് ആകെ പെയ്തത്. ഇത് 121 വർഷത്തെ ഏറ്റവും ഉയർന്ന അളവായിരുന്നു. 128 ശതമാനമായിരുന്നു അധികമായി ലഭിച്ച മഴ. ഇതിനുശേഷം ആഴ്ചകൾ പിന്നിടുമ്പോഴാണ് കനത്ത ചൂട് അനുഭവപ്പെടുന്നത്. ഡിസംബർ 13ന് സമതല പ്രദേശങ്ങളിൽ രാജ്യത്തെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് ജില്ലയിലായിരുന്നു. 35.6 ഡിഗ്രി സെൽഷ്യസ്. അന്നത്തെ ശരാശരിയെക്കാൾ 3.6 ഡിഗ്രി സെൽഷ്യസ് കൂടുതലായിരുന്നു ഇത്. ഈമാസം ഒന്നിനാണ് ചൂട് ഏറ്റവും ഉയർന്നത്. പകല്‍താപനില 36.8 ഡിഗ്രിയായാണ് ഉയർന്നത്.
നിലവിലെ കണക്കുകൾ പ്രകാരം ജനുവരിയില്‍ കോട്ടയത്ത് രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില 37 ഡിഗ്രിയാണ്. 2020ല്‍ 23 മുതല്‍ 25 വരെയാണ് റെക്കോഡ് ചൂടായ 37 ഡിഗ്രി രേഖപ്പെടുത്തിയത്. ഇത്തവണ മാസത്തിന്റെ തുടക്കത്തില്‍ തന്നെ താപനില 37ന് അടുത്തെത്തിയ സാഹചര്യത്തില്‍ റെക്കോഡ് മറികടന്നേക്കാമെന്നാണ് വിലയിരുത്തൽ. ജനുവരിയില്‍ ഇത്രയും കനത്ത ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ സ്ഥിതിയെന്താകുമെന്ന ആശങ്കയിലാണ് നാട്ടുകാർ. വെയില് ശക്തമായതോടെ പുഴകളിലെ ജലനിരപ്പ് ക്രമാതീതമായി താഴുകയാണ്. മണിമലയാറ്റിലും മീനച്ചിലാറ്റിലുമാണ് ജലനിരപ്പ് കുത്തനെ താഴുന്നത്. ഒക്ടോബറില്‍ കരകവിഞ്ഞ് നാലടിയിലേറെ ഉയരത്തില്‍ ഒഴുകിയ പുഴയിപ്പോള്‍ കല്ലുംകൂട്ടമായി മാറിയിരിക്കുകയാണ്. മലയോരത്തിനൊപ്പം താഴ്ന്ന പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്. ജില്ലയുടെ മലയോരം കാട്ടുതീ ഭീഷണിയിലുമാണ്. കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ഒരാഴ്ചയിലേറെ ശക്തമായ മഴ ലഭിച്ചിരുന്നതിനാൽ കാര്യമായതോതിൽ ചൂട് ഉയർന്നിരുന്നില്ല. ഇത്തവണ സമാനരീതിയിൽ മഴ പെയ്തില്ലെങ്കിൽ കടുത്ത പ്രതിസന്ധിയാകും കാത്തിരിക്കുന്നതെന്ന് വിദഗ്ധർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.