വിഴിഞ്ഞത്തെ പഠനങ്ങളിൽ തീരശോഷണം ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞത്തെ പഠനങ്ങളിൽ പദ്ധതി കാരണം തീരശോഷണം ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. പദ്ധതിയുടെ നിര്‍മ്മാണം ആരംഭിക്കുന്നതിനു മുമ്പുതന്നെ നടത്തിയിട്ടുള്ള ശാസ്ത്രീയ പഠനങ്ങളെല്ലാം തുറമുഖം നിര്‍മ്മാണം തീരശോഷണത്തിന് കാരണമാകുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്തിന്റെ പ്രത്യേക ഭൂപ്രകൃതി കാരണം സാധാരണ തുറമുഖമേഖലകളില്‍ കാണുന്ന തീരശോഷണം പോലും ഇവിടെ ഉണ്ടാവില്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം.

കേരളത്തിന്റെ സമഗ്ര വികസനത്തിന് അനിവാര്യമായ ബൃഹത് പശ്ചാത്തലസൗകര്യ വികസന പദ്ധതിയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. അതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് 80 ശതമാനം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ഈ ഘട്ടത്തില്‍ വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതുതന്നെ സംസ്ഥാനത്തിന്റെ വികസന സ്വപ്നങ്ങൾക്ക് തന്നെ വിഘാതമാവും.

സമരം നടത്തുന്നവര്‍ ഏഴ് ആവശ്യങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. കടലാക്രമണത്തില്‍ വീടും ഭൂമിയും നഷ്ടപ്പെട്ടവരെയും വേലിയേറ്റ മേഖലയുടെ 50 മീറ്ററിനുള്ളില്‍ താമസിക്കുന്നവരെയും പുനരധിവസിപ്പിക്കുന്ന പുനര്‍ഗേഹം പദ്ധതി നടപ്പാക്കിവരികയാണ്. 2,450 കോടി രൂപ അടങ്കലുള്ള പദ്ധതിയാണ് പുനര്‍ഗേഹം. തീരദേശത്തെ മുഴുവന്‍ പ്രശ്‌നങ്ങളും പരിഹരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഭവനരഹിതരായ പ്രദേശവാസികള്‍ക്ക് ഫ്‌ളാറ്റ് നിര്‍മ്മിക്കാനായി മുട്ടത്തറയില്‍ ക്ഷീരവികസന വകുപ്പിന്റെ 8 ഏക്കര്‍ ഭൂമി ഇതിനായി ഏറ്റെടുത്ത് കൈമാറിയിട്ടുണ്ട്. ഇത് പരമാവധി ഒന്നര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

മണ്ണെണ്ണ വിലവര്‍ദ്ധനയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിവരുന്ന ലിറ്ററിന് 25 രൂപ എന്ന സബ്‌സിഡി തുടര്‍ന്നും അനുവദിക്കുന്നുണ്ട്. പാരമ്പര്യേതര ഇന്ധനങ്ങളിലേക്ക് മാറുവാനുള്ള പ്രേരണയും അതിനായുള്ള ഒറ്റത്തവണ സബ്‌സിഡിയും മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കണമെന്നതാണ് സര്‍ക്കാരിന്റെ നയം. മണ്ണെണ്ണ സബ്‌സിഡിയിനത്തില്‍ 2016 മുതല്‍ ഇതുവരെ 252.68 കോടി രൂപ ചിലവഴിച്ചിട്ടുണ്ട്.

കാലാവസ്ഥാ മുന്നറിയിപ്പു കാരണം കടലില്‍ പോകാന്‍ കഴിയാതെവരുമ്പോള്‍ കുടുംബങ്ങള്‍ക്ക് ആവശ്യമായ സഹായം സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. പ്രതികൂല കാലാവസ്ഥ മൂലം തൊഴില്‍ ചെയ്യാന്‍ സാഹചര്യമില്ലാതാകുന്നവര്‍ക്ക് അയ്യന്‍കാളി തൊഴിലുറപ്പ് പദ്ധതിയിലൂടെയും മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലൂടെയും തൊഴില്‍ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കും.

മുതലപ്പൊഴി ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മാണത്തെപ്പറ്റി ഉയര്‍ന്ന ആശങ്കകള്‍ സര്‍ക്കാര്‍ ഗൗരവമായി കണ്ട് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പൂനെയിലെ സെന്‍ട്രല്‍ വാട്ടര്‍ ആന്റ് പവര്‍ റിസര്‍ച്ച് സ്റ്റേഷനെ ഇക്കാര്യത്തില്‍ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചാൽ തുടര്‍നടപടികള്‍ സമയബന്ധിതമായി സ്വീകരിക്കും.

തീരശോഷണം സംബന്ധിച്ച പഠനത്തിന് സംസ്ഥാന സര്‍ക്കാര്‍ പുതിയ വിദഗ്ധ സമിതിയെയും നിയോഗിച്ചു. ഈ സമിതി പ്രദേശവാസികളുമായി ആശയവിനിമയം നടത്തി ശാസ്ത്രീയമായ അപഗ്രഥനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സമിതിയുടെ കണ്ടെത്തലുകള്‍ പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കും.

ക്യാമ്പില്‍ കഴിയുന്ന 102 കുടുംബങ്ങളും ബന്ധുവീട്ടിലും വാടകവീട്ടിലും കഴിയുന്ന 182 കുടുംബങ്ങളും ഉള്‍പ്പെടെ 284 കുടുംബങ്ങള്‍ക്ക് വാടകയിനത്തില്‍ ഇതിനകം വിതരണം ചെയ്തു. ഇത്രയും കാര്യങ്ങള്‍ നടന്നുകഴിഞ്ഞ ശേഷം ഈ പദ്ധതി ഉപേക്ഷിക്കണം എന്നൊക്കെ പറയാന്‍ ആര്‍ക്കെങ്കിലും കഴിയുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. 

Tags:    
News Summary - The Chief Minister said that coastal erosion has not been found in the studies of Vizhinjam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.