പ്രളയത്തിൽ സ്വകാര്യ ഭൂമിയിൽ വന്നിടിഞ്ഞ പുഴമണൽ സർക്കരിന്റേതെന്ന് ഉത്തരവ്

തിരുവനന്തപുരം: പ്രളയത്തിൽ സ്വകാര്യ ഭൂമിയിൽ വന്നിടിഞ്ഞ പുഴമണൽ സർക്കരിന്റേതെന്ന് റവന്യൂ വകുപ്പിന്റെ ഉത്തരവ്. നിലവിലെ വ്യവസ്ഥകൾ പ്രകാരം സ്വകാര്യ ഉടമസ്ഥതയിലുള്ള വസ്തുക്കളിലേക്ക് ഒഴുകിയെത്തുന്ന മണ്ണിൽ ഭൂവുടമക്ക് ഓണർഷിപ്പ് അവകാശപ്പെടാൻ സാധിക്കുകയില്ല. കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം ആവശ്യപ്പെടാമെന്നും അഡീഷണൽ ചീഫ് സെക്രട്ടറി(റവന്യൂ) ഡോ.എ .ജയതിലക് ഉത്തരവിൽ വ്യക്തമാക്കി.

മലപ്പുറം നിലമ്പൂർ പോത്തുകൾ വില്ലേജിലെ ബിനു ഫിലിപ്പ് നൽകിയ അപേക്ഷയിലാണ് ഉത്തരവ്. ബിനു ഫിലിപ്പിനും അദ്ദേഹത്തിൻറെ അമ്മക്കും അവകാശപ്പെട്ട സർവേ ചെയ്തിട്ടില്ലാത്ത വസ്തുവിൽ 2019ലെ പ്രളയത്തിൽ ചാലിയാർ പുഴ ഗതിമാറി ഒഴുകിയതിന്റെ ഫലമായി വെള്ളം കയറി നശിക്കുകയും വസ്തുവിൽ മണലും എക്കലും വന്നടിയുകയും ചെയ്തു.

ഭൂമി കൃഷിയോഗ്യവും വാസയോഗ്യവും ആക്കുന്നതിന് വസ്തുവിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യുന്നതിന് നിരാക്ഷേപത്രം അനുവദിക്കണമെന്ന് 2023 ഫെബ്രുവരി 19ന് കലക്ടർക്ക് അപേക്ഷ നൽകി.

നിയമപ്രകാരം അനുശാസിച്ചിട്ടുള്ള സർക്കാരിന്റെ സവിശേഷ അധികാരം ഉപയോഗിച്ച് ഭൂമിയിൽ അടിഞ്ഞുകൂടിയിട്ടുള്ള ധാതുമണൽ നീക്കം ചെയ്യുന്നതിന് ബിനുഫിലിപ്പിന് റവന്‍റ്യൂ വകുപ്പ് അനുമതി നൽകി. മണൽ നീക്കത്തിന് ആർ.ഡി.ഒയുടെ ട്രാൻസ്പോർട്ട് പെർമിറ്റ് അനുവദിക്കുന്നതുൾപ്പെടെയുള്ള മുഴുവൻ നിയമനടപടികളും 15 ദിവസത്തിനുള്ളിൽ കലക്ടർ മേൽനോട്ടം വഹിച്ചു പൂർത്തീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.

മണൽ നീക്കം ചെയ്യുന്നതിനുള്ള ചെലവ് ബിനു ഫിലിപ്പ് സ്വന്തം നിലയിലോ എസ്.ഡി.ആർ.എഫില്‍ നിന്നും കലക്ടർ അനുവദിക്കുന്ന തുകയിൽ നിന്നോ വഹിക്കണം. ബിനു ഫിലിപ്പിന്റെയും അമ്മയുടെയും പേരിലുള്ള വസ്തുവിന്റെയും പുഴയുടെയും അതിർത്തി 15 ദിവസത്തിനുള്ളിൽ ചെയ്യുന്നതിനുള്ള കേന്ദ്ര നടപടി കലക്ടർ സ്വീകരിക്കണം എന്നാണ് ഉത്തരവ്.

കലക്ടറുടെ കത്തിന്റെ അടിസ്ഥാനത്തിൽ 2022 നദീതീര സംരക്ഷണവും മണൽവാരൽ നിയന്ത്രണവും നിയമപ്രകാരം രൂപീകരിച്ചുള്ള സംസ്ഥാന ഉന്നതസമിതി അപേക്ഷ പരിഗണിച്ചിരുന്നു. സമിതി നൽകിയ മാർഗനിർദേശ പ്രകാരം സ്വകാര്യഭൂമിയിൽ അടഞ്ഞുകൂടിയ മണൽ സർക്കാർ നേരിട്ട് ലേലം ചെയ്തു ഈ തുക സർക്കാരിലേക്ക് അടക്കണമെന്ന് നിർദേശിച്ചു.

പെരിന്തൽമണ്ണ ആർ.ടി.ഒ ജില്ലാ ജിയോളജിസ്റ്റ്, ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവർ ചേർന്ന് പ്രദേശം സന്ദർശിച്ച് നിജസ്ഥിതി വിലിയരുത്തണം. കലക്ടറുടെ നേതൃത്വത്തിൽ മണൽ ലേലം ചെയ്യുന്നതിനും അവശിഷ്ടങ്ങൾ അടിഞ്ഞുകൂടിയത് മൂലം പരാതിക്കാരന്റെ വസ്തുവിൽ സംഭവിച്ച നഷ്ടം കണക്കാക്കി നഷ്ടപരിഹാരം അനുവദിക്കുന്നതിനും നടപടി സ്വീകരിക്കണമെന്നായിരുന്നു നിർദേശം.

തുടർന്നാണ് ബിനു ഫിലിപ്പ് കോടതിയെ സമീപിച്ചത്. അദ്ദേഹത്തിന് നേരത്തെ കൃഷിനാശത്തിനുള്ള നഷ്ടപരിഹാരമായി സംസ്ഥാനവിഹിതത്തിൽ നിന്നും 8.54 ലക്ഷം രൂപയും കേന്ദ്രത്തിൽനിന്ന് 70 244 രൂപയും അനുവദിച്ചിരുന്നു.

Tags:    
News Summary - The river sand that fell on private land during the flood belongs to the government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.