പൊന്നാനി: കാലാവസ്ഥയിലുണ്ടാകുന്ന മാറ്റവും കടലിലെത്തുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്റെ അതിപ്രസരവും മത്സ്യങ്ങളുടെയും മറ്റ് സമുദ്രജീവികളുടെയും വംശനാശത്തിന് കാരണമാകുന്നതായി പഠന റിപ്പോർട്ടുകൾ. സമുദ്രത്തിന്റെ ഉപരിതലത്തിൽ വർഷങ്ങളായി ചൂട് വർധിക്കുന്നതിനാൽ ഉപരിതല മത്സ്യങ്ങളുടെ ലഭ്യതയിൽ വൻ കുറവുണ്ടായതായാണ് സെൻട്രൽ മറൈൻ ഫിഷറീസിന്റെ പഠന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്.
ഇതിനാൽ അയല ഉൾപ്പെടെയുള്ള മത്സ്യങ്ങൾ താഴെത്തട്ടിലേക്കും മറ്റിടങ്ങളിലേക്കും ചേക്കേറുന്നെന്ന് ഈ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കടൽവെള്ളത്തിന്റെ അമ്ലത്വം കുറയുന്നതിനാൽ പവിഴപ്പുറ്റുകൾ ഉൾപ്പെടെയുള്ള ജീവജാലങ്ങളുടെ നിലനിൽപുതന്നെ ഭീഷണിയിലാണ്. കടലിന്റെ ആവാസവ്യവസ്ഥയിലെ മാറ്റം മത്സ്യങ്ങളുടെ പ്രജനനത്തെയും സാരമായി ബാധിക്കുന്നു. ഉയർന്ന താപവും അമ്ലത്വത്തിന്റെ കുറവും മൂലം മത്സ്യങ്ങൾ മുട്ടയിടുന്നതും കുഞ്ഞുങ്ങൾ വിരിയുന്നതും ഗണ്യമായി കുറഞ്ഞെന്നാണ് പഠന റിപ്പോർട്ടുകൾ.
വിവിധ ജലാശയങ്ങൾ വഴി ഒഴുകിയെത്തുന്ന പ്ലാസ്റ്റിക് മാലിന്യം കടലാമകളുടെയും കടൽക്കാക്കകളുടെയും കുടലിൽനിന്ന് ലഭിക്കുന്നത് വ്യാപകമായിട്ടുണ്ട്. സെൻട്രൽ മറൈൻ ഫിഷറീസും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫിയും ലാബിൽ നടത്തിയ പരിശോധനകളിലും മത്സ്യങ്ങളിൽ പ്ലാസ്റ്റിക് കണ്ടെത്തിയിരുന്നു. സമുദ്രത്തിലെ ജീവിവർഗങ്ങളുടെ നിലനിൽപിനെതന്നെ ബാധിക്കുന്ന തരത്തിലാണ് വർഷംതോറും പ്രതികൂല ഘടകങ്ങൾ വർധിക്കുന്നത്. 'കടലിന്റെ ആവാസവ്യവസ്ഥയിലെ മാറ്റത്തെത്തുടർന്ന് സമുദ്ര പുനരുജ്ജീവനത്തിനുള്ള കൂട്ടായ പ്രവർത്തനം' എന്നാണ് ഈ വർഷത്തെ സമുദ്രദിന സന്ദേശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.