കുറ്റിപ്പുറം: 'ഇരുപത്തിമൂന്നോളം ലക്ഷമിപ്പോള്‍ ചെലവാക്കി നിർമിച്ച പാലത്തിന്മേല് അഭിമാനപൂർവം ഞാന്‍ ഏറി നില്‍പ്പാണ് അടിയിലെ ശേഷിച്ച പേരാര്‍ നോക്കി ...........അമ്പേ പേരാറെ നീ മാറിപ്പോമോ ആകുലായാമൊരഴുക്കുചാലായി'.
കുറ്റിപ്പുറം പാലത്തിന് മുകളിൽ നിന്ന് ഭാരതപ്പുഴയെക്കുറിച്ച് കവി ഇടശ്ശേരി പങ്കുവെച്ച ആശങ്കയാണ് ഈ വരികളിൽ. 72 വർഷങ്ങൾക്ക് ശേഷം കുറ്റിപ്പുറം പാലത്തിന് സമീപം പുതിയ രണ്ട് പാലങ്ങൾ കൂടി വരുന്നു. അതിനും ഒരു കിലോമീറ്റർ അപ്പുറത്ത് പുഴക്ക് കുറുകെ തവനൂരിനെയും തിരുന്നാവായയെയും ബന്ധിപ്പിച്ച് മറ്റൊരു പാലം കൂടി വരുന്നുണ്ട്.
പുതിയ പാലങ്ങൾ ഉയർന്ന് നാട് വികസിക്കുമ്പോഴും കവിയുടെ ആശങ്ക മാത്രം മാറ്റമില്ലാതെ തുടരുന്നു. മാസങ്ങൾക്ക് മുമ്പേ ഇരുകരയും മുട്ടിയ ഭാരതപ്പുഴ ശോഷിച്ചു. ഇന്ന് ഉയർന്നുനിൽക്കുന്ന പുൽക്കാടുകളും മണൽത്തിട്ടകളും മാത്രം. ഒരരികിലൂടെ നീർച്ചാലായി പുഴ ഒഴുകുകയാണ്. ഭാരതപ്പുഴയുടെ ചുറ്റുഭാഗങ്ങളിലുള്ള പ്രദേശങ്ങളില്‍ കടുത്ത ജലക്ഷാമവും തുടങ്ങി.
ഭാരതപ്പുഴയുടെ പുനർജീവനത്തിനായി നിരവധി പദ്ധതികൾ വിഭാവനം ചെയ്തെങ്കിലും എവിടെയും എത്തിയില്ല. പുൽക്കാടുകളിൽ തീ പടരുന്നത് പതിവാണ്. തീയിട്ട് നശിപ്പിക്കുമ്പോൾ ഒട്ടേറെ ജീവികളും അതിൽ അകപ്പെടുന്നുണ്ട്. പുനർജനി, പുഴമുതൽ പുഴവരെ, താളംനിലയ്ക്കാത്ത നിള തുടങ്ങി ഒട്ടേറെ പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നെങ്കിലും ഒന്നും നടപ്പിൽ വരുത്താനായില്ല. നിള സംരക്ഷണത്തിന്റെ പേരില്‍ സിമ്പോസിയങ്ങള്‍, സെമിനാറുകള്‍ എന്നിവ നടത്തി പതിനായിരങ്ങള്‍ പൊടിച്ചത് മാത്രം മിച്ചം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.