കൽപറ്റ: പശ്ചിമഘട്ട മലനിരകളിൽ കിഴക്കോട്ടുചരിഞ്ഞ പരിസ്ഥിതിലോല ഭൂപ്രദേശമായ വയനാടിെൻറ തനത് കാലാവസ്ഥ ഓരോ ദിവസവും ഇല്ലാതായിക്കൊണ്ടിരിക്കുന്നതിൽ ആശങ്ക. നല്ല തണുപ്പും നനവും ജലസുരക്ഷയുമുണ്ടായിരുന്ന ജില്ല ഇന്ന് കാലാവസ്ഥ വ്യതിയാനത്തിെൻറ പിടിയിലാണ്.
നിത്യഹരിത വനങ്ങളിൽ നല്ലൊരുഭാഗവും പല കാരണങ്ങളാൽ ഇല്ലാതായതാണ് ഇതിന് പ്രധാന കാരണം. വനം വകുപ്പുതന്നെ കഴിഞ്ഞ 30 വർഷങ്ങൾക്കിടെ കാട് െവട്ടിത്തെളിച്ച് പകരം യൂക്കാലിപ്റ്റസ് പോലുള്ള ഏകവിള തോട്ടങ്ങൾ ഉണ്ടാക്കി. മലമുകളിലും അക്കേഷ്യപോലുള്ള വിദേശ മരങ്ങൾ െവച്ചുപിടിപ്പിക്കാൻ ശ്രമം നടന്നു. വൻതോതിൽ ക്വാറികൾക്ക് പ്രവർത്തനാനുമതി നൽകിയതോടെ വലിയ ഉരുൾപൊട്ടൽ ദുരന്തങ്ങൾ ജില്ലയെ തേടിയെത്തി.
മൊത്തം ഭൂവിസ്തൃതിയുടെ 40 ശതമാനത്തിലേറെ ഒരുകാലത്ത് വയനാട്ടിൽ ചതുപ്പു നിലങ്ങളും നെൽവയലുകളുമായിരുന്നു. അതിൽ ഗണ്യമായ കുറവുവന്നു.
വലിയ രീതിയിൽ കെട്ടിടങ്ങൾ ഉയർന്നു. കിലോമീറ്ററുകൾ നീളമുള്ള തോടുകൾ, നീരുറവകൾ ഇവയെല്ലാം കൈയേറ്റത്തിന് വിധേയമായി. വനങ്ങൾക്കുണ്ടായ വലിയ നാശം, മലഞ്ചരിവുകളുടെ ശോഷണം എന്നിവയെല്ലാം ജില്ലയുടെ കാലാവസ്ഥയെ അനുദിനം മാറ്റത്തിന് വിധേയമാക്കുന്നു.
ജില്ലയിൽ നാലായിരത്തോളം കുടുംബങ്ങൾ നിലവിൽ സുരക്ഷിതമല്ലാത്ത, എപ്പോഴും പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യതയുള്ള പ്രദേശങ്ങളിലാണ് താമസിക്കുന്നതെന്ന് സർക്കാർ നിയോഗിച്ച ഉന്നത പഠനസംഘം കണ്ടെത്തിയതായി വയനാട് പ്രകൃതി സംരക്ഷണസമിതി പ്രസിഡൻറ് എൻ. ബാദുഷ പറഞ്ഞു.
1990ൽ മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ എത്രയാളുകൾ മരിച്ചുവെന്ന കണക്കുപോലും ഇപ്പോഴും ലഭ്യമായിട്ടില്ല. ബാണാസുര കാപ്പിക്കളത്തുണ്ടായ ഉരുൾപൊട്ടലിലും നിരവധിപേർക്ക് ജീവൻ നഷ്ടമായി. കുറിച്യാർ മലയിലെയും പുത്തുമലയിലെയും വൻ ഉരുൾപൊട്ടലുകൾ സമീപകാല ദുരന്തങ്ങളാണ്.
ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലെ പല പ്രദേശങ്ങളും വന്യജീവി ശല്യം രൂക്ഷമാണ്. ആദ്യം കാട്ടുപന്നി ശല്യം മാത്രമായിരുന്നെങ്കിൽ പിന്നീട് ആനശല്യവും രൂക്ഷമായി. നിലവിൽ കുരങ്ങുകളും മലയണ്ണാനുകളും മാനുകളും ജനവാസ പ്രദേശങ്ങളിൽ കാർഷിക വിളകൾക്കടക്കം ഭീഷണി സൃഷ്ടിക്കുന്നു. വന്യജീവികൾ നാട്ടിലിറങ്ങുന്നതിന് പ്രധാന കാരണം അവയുടെ ആവാസവ്യവസ്ഥയിലുണ്ടായ ശോഷണമാണ്. കണക്കിൽ വനമുണ്ടെങ്കിലും സ്വാഭാവിക വനം നിലവിലില്ലാത്ത അവസ്ഥ.
മഞ്ഞക്കൊന്ന തുടങ്ങിയ അധിനിവേശ സസ്യങ്ങളുടെ വൻതോതിലുള്ള വ്യാപനം കാടിനും കാട്ടുജീവികൾക്കും വൻ ഭീഷണിയാവുകയാണ്. 22ഓളം അധിനിവേശ സസ്യങ്ങൾ വയനാടൻ വനാന്തരങ്ങളിൽ വളരുന്നുണ്ട്. കാടിനുള്ളിൽ വൻതോതിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ നിർമിക്കുന്നതും വന്യജീവികളുടെ സ്വൈരവിഹാരത്തിന് ഭീഷണിയാണ്. കാട് കത്തുന്നതും വന്യജീവികൾ നാട്ടിലിറങ്ങി ഇരതേടാൻ ഇടയാക്കുന്നു.
വൻ മലകളുടെ മുകളിലും ആനത്താരകളിലും വിനോദസഞ്ചാരികൾ തമ്പടിക്കുന്നത് ജീവനുപോലും ഭീഷണിയാവുന്നു. പരിസ്ഥിതി ദുർബല പ്രദേശങ്ങളിലേക്ക് റോഡുവെട്ടി സഞ്ചാരികളുടെ ഒഴുക്ക് ആരംഭിക്കുന്നതും പരിസ്ഥിതി സന്തുലനം തെറ്റിക്കുന്നു. പരിസ്ഥിതിക്ക് അനുഗുണമായ വിനോദസഞ്ചാര പദ്ധതികളാണ് ജില്ലക്ക് ആവശ്യം.
പദ്ധികൾ തുടങ്ങുന്നതിന് മുമ്പ്ശാസ്ത്രീയ പരിസ്ഥിതി ആഘാതപഠനം നടത്തണം. ഗോത്രജനതയുടെ ജീവിതത്തിന് ഭീഷണിയാവുന്നതും വന്യജീവികൾക്ക് ശല്യമാവുന്നതുമായി പദ്ധതികൾ നിരോധിക്കണം. ക്വാറികൾ എവിടെയൊക്കെയാവാം ഏത് പ്രദേശങ്ങളിൽ പ്രവർത്തിപ്പിക്കരുതെന്നതിൽ ശാസ്ത്രീയ പഠനം നടത്തലും ജില്ലയിലെ പരിസ്ഥിതി സന്തുലനം നിലനിർത്തുന്നതിന് അനിവാര്യമാണ്.
2019 ആഗസ്റ്റ് എട്ടിന് വൈകീട്ട് പുത്തുമലയിലുണ്ടായ ഉരുൾപൊട്ടലും സമീപ പ്രദേശങ്ങളിലെ മണ്ണിടിച്ചിലും പരിസ്ഥിതിയിൽ മനുഷ്യെൻറ കൈകടത്തലിനുള്ള മുന്നറിയിപ്പായി. 17 മനുഷ്യ ജീവനുകൾ അപഹരിക്കപ്പെടുകയും 50ഓളം വീടുകൾ നശിക്കുകയും ചെയ്തു. കൃത്യം ഒരുവർഷം പൂർത്തിയായപ്പോൾ മുണ്ടക്കൈ മലനിരകളിൽ വീണ്ടും ഉരുൾപൊട്ടി. മുൻകരുതലെടുത്തതിനാൽ വീണ്ടും ആൾ നാശമുണ്ടായില്ല. ഭൂഘടനയ്ക്കിണങ്ങാത്ത വികസന പദ്ധതികളാണ് വില്ലനാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.