ന്യൂഡൽഹി: പശ്ചിമഘട്ട സംരക്ഷണത്തിനുള്ള അന്തിമ വിജ്ഞാപനം ഇറക്കുന്നതിന് സംസ്ഥാനങ്ങളുമായി ഇനി ചർച്ചയില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് 'മാധ്യമ'ത്തോടു പറഞ്ഞു. എം.പിമാരുമായി ഇന്ന് നടത്താൻ നിശ്ചയിച്ച ചർച്ച ഈ വിഷയത്തിൽ അവസാന കൂടിയാലോചനയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. മന്ത്രാലയം 'നോൺകോർ' വിഭാഗത്തിൽ ഉൾപ്പെടുത്തിയ ഇ.എസ്.എ മേഖലയിൽ റെഡ് കാറ്റഗറിയിൽപ്പെടുന്ന വ്യവസായങ്ങൾ ഒഴികെയുള്ളവക്ക് ഇളവ് അനുവദിക്കാമെന്നാണ് കേന്ദ്രത്തിെൻറ നിലപാടെന്നും വിജ്ഞാപനമിറക്കുമ്പോൾ ഈ വിഷയത്തിൽ അവ്യക്തത നീങ്ങുമെന്നും മന്ത്രി അറിയിച്ചു.
പരിസ്ഥിതി ലോല പ്രദേശ(ഇ.എസ്.എ)ത്തിെൻറ പരിധിയിൽനിന്ന് 1337.24 ചതുരശ്ര കിലോമീറ്റർ പ്രദേശം ഒഴിവാക്കണമെന്ന കേരളത്തിെൻറ ആവശ്യം അംഗീകരിക്കാതെ അത്രയും പ്രദേശം 'നോൺകോർ' വിഭാഗത്തിൽ ഉൾപ്പെടുത്തി ഇളവു നൽകാമെന്ന നിലപാടാണ് കേന്ദ്രത്തിന്. അത്രയും പ്രദേശം 'നോൺകോർ' ആയി വിശേഷിപ്പിക്കുന്നതിന് പകരം ഇ.എസ്.എ പരിധിയിൽ നിന്നുതന്നെ ഒഴിവാക്കണമെന്നായിരുന്നു ഏറ്റവുമൊടുവിൽ നടന്ന ചർച്ചയിൽ കേരളത്തെ പ്രതിനിധാനംചെയ്ത ധനമന്ത്രി കെ.എൻ. ബാലഗോപാൽ ആവശ്യപ്പെട്ടിരുന്നത്.
പശ്ചിമഘട്ട സംരക്ഷണ വിജ്ഞാപനത്തിൽ കൂടുതൽ ഇളവുനൽകിയാൽ സുപ്രീംകോടതിയിലും ദേശീയ ഹരിത ട്രൈബ്യൂണലിലും തിരിച്ചടി നേരിടുമെന്നതുകൊണ്ടാണ് പരിസ്ഥിതിലോല പ്രദേശങ്ങളുടെ വ്യാപ്തി ഇനിയും കുറക്കാൻ കഴിയാത്തതെന്ന് മന്ത്രി ഭൂേപന്ദ്ര യാദവ് സംസ്ഥാനങ്ങളുമായുള്ള ചർച്ചയിൽ നേരത്തേ വ്യക്തമാക്കിയിരുന്നു.
കസ്തൂരിരംഗൻ കമ്മിറ്റിയുടെ ശിപാർശകളുടെ അടിസ്ഥാനത്തിൽ 2013ൽ ഇറക്കിയ ഉത്തരവിന് 2018ൽ കൊണ്ടുവന്ന ഭേദഗതിയിലാണ് 13,000ത്തിൽപരം കിലോമീറ്ററിൽനിന്ന് ഉമ്മൻ വി ഉമ്മൻ കമ്മിറ്റി നിർദേശിച്ച 9993.7 ചതുരശ്ര കിലോമീറ്ററിലേക്ക് കേരളത്തിലെ പരിസ്ഥിതി ലോല പ്രദേശം ചുരുങ്ങിയത്. എന്നാൽ, വി.എച്ച് കുര്യെൻറ നേതൃത്വത്തിൽ നിയോഗിച്ച സമിതി നടത്തിയ ശാസ്ത്രീയ പഠനത്തിലൂടെ ഇത് 8656.4 ചതുരശ്ര കിലോമീറ്റർ ആക്കി പുനർ നിർണയിച്ചതിെന തുടർന്നാണ് 1337.24 ചതുരശ്ര കിലോമീറ്റർ പ്രദേശം കർശന നിയന്ത്രണങ്ങളുള്ള പരിസ്ഥിതി ലോല മേഖല (ഇ.എസ്.എ)യിൽ നിന്ന് ഒഴിവാക്കാൻ കേരള സർക്കാർ ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.