ഉദിനൂരിലെ കൂട്ടിനരികെ വിശ്രമിക്കുന്ന വെള്ളവയറൻ’ കടൽപരുന്തും കുഞ്ഞുങ്ങളും. അഭിലാഷ് പത്മനാഭൻ പകർത്തിയ ചിത്രം

പറന്നുയരാൻ ഒരുങ്ങി വെള്ളവയറൻ കുഞ്ഞുങ്ങൾ

തൃക്കരിപ്പൂർ: ഉദിനൂരിലെ കാറ്റാടി മരത്തിന്റെ ഉച്ചിയിൽ 'വെള്ളവയറൻ' കടൽ പരുന്തിന്റെ കുഞ്ഞുങ്ങൾ പറക്കാനുള്ള ഒരുക്കത്തിൽ. അമ്മക്കൊപ്പം മരക്കൊമ്പിലിരുന്ന് ചിറകുകൾ വീശുന്ന കുഞ്ഞുങ്ങൾ തീർത്തത് കൗതുക കാഴ്ച. ഫോട്ടോഗ്രാഫർ അഭിലാഷ് പത്മനാഭനാണ് പക്ഷി അടയിരിക്കുന്നത് നിരീക്ഷിച്ച് കുഞ്ഞുങ്ങളുടെ ചിത്രം പകർത്തിയത്. മൂന്നുമാസത്തിനിപ്പുറം രണ്ടു കുഞ്ഞുങ്ങളും പറക്കാനുള്ള തയാറെടുപ്പുകൾ നടത്തുന്ന നിമിഷങ്ങളും കാമറയിൽ പകർത്തി. കൂട്ടിലെ രണ്ടുകുഞ്ഞുങ്ങളും ബാക്കിയാവുന്നത് അപൂർവമാണ്. കുഞ്ഞുങ്ങളുടെ തൂവലുകൾ വെളുപ്പ് മാറി തവിട്ടുനിറമായിട്ടുണ്ട്.

പൂർണ വളർച്ച പ്രാപിക്കുന്നതോടെ നെഞ്ച് മുതൽ താഴോട്ട് വെളുപ്പ് തൂവലുകൾ ഉണ്ടാവും. വർഷം തോറും ആറുശതമാനത്തോളം കടൽ പരുന്തുകൾ കുറയുന്നതായാണ് പഠനങ്ങൾ. കടൽ പാമ്പുകൾ, മത്സ്യങ്ങൾ, ചെറു സസ്തനികൾ എന്നിവയാണ് ഇവയുടെ ആഹാരം. മാഹി മുതൽ മഞ്ചേശ്വരം വരെ കഴിഞ്ഞവർഷം വനം വകുപ്പ് നടത്തിയ സർവേയിൽ കടൽ പരുന്തിന്റെ 22 കൂടുകൾ മാത്രമാണ് കണ്ടെത്തിയത്. കാസർകോട് ജില്ലയിൽ 15, കണ്ണൂരിൽ ഏഴ് എന്നിങ്ങനെയാണത്. 25 മീറ്ററിലേറെ ഉയരമുള്ള മരങ്ങളിലാണ് കൂടുകൾ കാണപ്പെടുന്നത്. വലിയമരങ്ങൾ ഇല്ലാതാവുന്നതും കീടനാശിനി പ്രയോഗവും എണ്ണത്തെ ബാധിക്കുന്നുണ്ട്. ജീവിതകാലത്ത് പരുന്തുകൾ ഒരേ ഇണയുമായാണ് കൂടൊരുക്കുന്നത്. ഒരേ കൂടുതന്നെ അഭിവൃദ്ധിപ്പെടുത്തി ഉപയോഗിക്കുന്നു. 'ഹാലിയേറ്റസ് ലിക്കോഗാസ്റ്റർ' എന്നാണ് ശാസ്ത്രീയനാമം.       

Tags:    
News Summary - White-bellied Fish-eagle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.