മൂന്നാർ: ഒറ്റക്കൊമ്പൻ കാട്ടാന മൂന്നാറിലെ ജനവാസ മേഖലയിലെത്തി. മാങ്കുളം വനമേഖലയോട് ചേർന്നുകിടക്കുന്ന കണ്ണൻ ദേവൻ കമ്പനിയുടെ കല്ലാർ എസ്റ്റേറ്റിലാണ് നാലുദിവസം മുമ്പ് ജനവാസ മേഖലയിലെത്തിയത്.
തോട്ടം തൊഴിലാളികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മൂന്നാറിലെ പരിസ്ഥിതി പ്രവർത്തകരുടെ സംഘടനയായ മ്യൂസിലെ അംഗങ്ങളായ ആർ. മോഹനും സാജൻ ജോർജും ഉൾപ്പെട്ട സംഘം ഇവിടെയെത്തി കൊമ്പനെ നിരീക്ഷിക്കുകയും ചിത്രങ്ങൾ പകർത്തുകയും ചെയ്തു. 25 വയസ്സ് തോന്നിക്കുന്ന പൂർണ ആരോഗ്യവാനാണ് ഒറ്റക്കൊമ്പൻ.
കാട്ടാനകൾ തമ്മിലെ ഏറ്റുമുട്ടലിൽ ഒരു കൊമ്പ് നഷ്ടപ്പെട്ടതാവാമെന്നാണ് തോട്ടംതൊഴിലാളികൾ പറയുന്നതെങ്കിലും സൂക്ഷ്മ നിരീക്ഷണത്തിൽ മുഖത്ത് പരിക്കുകളൊന്നും കാണാനില്ല.
ഇത് ജന്മന ഒറ്റക്കൊമ്പനാണോയെന്ന് സംശയിക്കുന്നതായി പരിസ്ഥിതി പ്രവർത്തകർ പറയുന്നു. വനം വകുപ്പ് രണ്ടുവർഷം മുമ്പ് മാങ്കുളം വനമേഖലയിലെ ഉൾക്കാട്ടിൽ ഇതിനെ കണ്ടെത്തുകയും ഒറ്റക്കൊമ്പൻ എന്ന് പേരിട്ട് വകുപ്പിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, ആദ്യമായാണ് ഇത് മൂന്നാറിലെ ജനവാസ മേഖലയിൽ കാണപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.