പത്തനംതിട്ട: വിഴിഞ്ഞം തുറമുഖ വികസന പദ്ധതിക്കായി പാറഖനനം നടത്തുന്നതിന് ഉന്നമിട്ടിരിക്കുന്നത് ജില്ലയിലെ മലനിരകളെ. കിഴക്കൻ മേഖലയിൽ തലയുയർത്തി നിൽക്കുന്ന മലനിരകളാണ് ജില്ലയുടെ കാലാവസ്ഥയുടെയും നദികളുടെയും കാവൽക്കാർ. ഈ മലകളില്ലാതായാൽ കോടമഞ്ഞും പെരുമഴയും ജില്ലക്ക് അന്യമാകും.
സ്വപ്ന പദ്ധതിക്കായി കുറഞ്ഞത് 10 ക്വാറികളെങ്കിലും പുതുതായി ജില്ലയിൽ തുടങ്ങാനാണ് നീക്കം. വിഴിഞ്ഞം പദ്ധതിക്ക് 70 ലക്ഷം ടൺ പാറയാണ് ആവശ്യം ഇതുവരെ 15 ലക്ഷം ടൺ പാറമാത്രമാണ് വിഴിഞ്ഞത്ത് എത്തിക്കാനായത്. അവശേഷിക്കുന്ന 55 ലക്ഷം ടൺ പാറക്കായി 19 ക്വാറികൾ തുടങ്ങാൻ അനുമതി വേണമെന്നാണ് പദ്ധതിയുടെ നടത്തിപ്പുകാരായ അദാനി ഗ്രൂപ് ആവശ്യെപ്പടുന്നത്.
കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുമാണ് പദ്ധതിക്കായി പാറ എത്തിക്കാൻ നീക്കം നടക്കുന്നത്. പാറക്കായി പ്രധാനമായും ഉന്നമിടുന്നത് പത്തനംതിട്ട ജില്ലയെയാണ്.
ജില്ലയിലെ പരിസ്ഥിതി ലോല പ്രദേശങ്ങളായ കലഞ്ഞൂർ, അരുവാപ്പുലം, പെരുനാട്, വടശേരിക്കര, ചിറ്റാർ സീതത്തോട്, കൊല്ലമുള, തണ്ണിത്തോട് വില്ലേജുകളിലാണ് പാറ പൊട്ടിക്കാൻ ലക്ഷ്യമിട്ടിരിക്കുന്നത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നാരങ്ങാനം കണമുക്കിലെ പൂട്ടിപ്പോയ മടയും തുറക്കാൻ രഹസ്യ നീക്കമുണ്ട്. ഇവിടെ സമീപ വസ്തു വാങ്ങാൻ ഉടമക്ക് ഒരു കോടി രൂപ മുൻകൂർ പണവും നൽകിയിട്ടുണ്ട്.
ക്വാറികൾ ഉയർത്തിയ പരിസ്ഥിതി പ്രശ്നങ്ങളിൽ പൊറുതിമുട്ടിയവരാണ് മലയോര നിവാസികൾ. കടുത്ത എതിർപ്പാണ് എല്ലായിടത്തും ക്വാറി മാഫിയക്ക് നേരിടേണ്ടിവരുന്നത്.
റാന്നി നീരാട്ടുകാവ് വട്ടകപ്പാറ മലയിൽ നടന്നത് വലിയ തോതിലുള്ള വനംകൊള്ളയും വനഭൂമി ൈകയേറ്റവുമാണ്. വിഴിഞ്ഞം പദ്ധതിയ്ക്കുവേണ്ടിയായതിനാൽ നിലവിലെ ഖനന നിയമങ്ങളൊന്നും ബാധകമല്ലെന്ന് പ്രചരിപ്പിച്ചാണ് ജില്ലയിലെ രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ വട്ടകപ്പാറമലയിൽ പാറമടലോബി വനഭൂമി കൈയേറിയത്.
വിഴിഞ്ഞം വികസനത്തിനെന്ന ഭീഷണി മുഴക്കി സർക്കാർ ഫണ്ടുപയോഗിച്ചു വട്ടകപ്പാറ മലമുകളിലേക്ക് റോഡും വെട്ടി സർക്കാർ ഭൂമിയിലെ മരങ്ങൾ മുറിച്ചുകടത്തുകയും ചെയ്തതോടെ നാട്ടുകാർ പ്രത്യക്ഷ സമരവും നിയമപോരാട്ടവുമായി രംഗത്തെത്തി. ഇതോടെ ഖനനം തത്കാലം ഉപേക്ഷിച്ചിരിക്കുകയാണ്. ഭരണ സ്വാധീനമുപയോഗിച്ചു വട്ടകപ്പാറമല തകർക്കുവാൻ ഇപ്പോഴും നീക്കം നടക്കുന്നു.
വടശ്ശേരിക്കര, പെരുനാട് പഞ്ചായത്തുകളിലും വിഴിഞ്ഞം പദ്ധതിക്കെന്ന പേരിൽ ഖനനത്തിന് ഒന്നിലധികം ശ്രമങ്ങൾ നടന്നു. നാറാണംമൂഴി പഞ്ചായത്തിലെ ഉന്നത്താനിയിൽ പുനലൂർ -മൂവാറ്റുപുഴ ഹൈവേ നിർമിക്കാൻ പ്രത്യേക അനുമതി ഉണ്ടെന്ന് പ്രചരിപ്പിച്ചാണ് പശു ഫാമിന് വേണ്ടി സംഘടിപ്പിച്ച ലൈസൻസിെൻറ മറവിൽ ലക്ഷങ്ങളുടെ പാറ പൊട്ടിച്ചുകടത്തിയത്. പരിസ്ഥിതി പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് ഖനനം നിർത്തിവെപ്പിച്ചു.
വിഴിഞ്ഞം പദ്ധതിക്കായി കലഞ്ഞൂരിൽ ക്വാറി തുടങ്ങുന്നതിന് മുന്നോടിയായി മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ തെളിവെടുപ്പ് സംഘർഷത്തിൽ കലാശിച്ചിരുന്നു.
ഒമ്പത് പാറമടകളും നാല് ക്രഷറുകളും ഇപ്പോൾ പ്രവർത്തിക്കുന്ന പഞ്ചായത്തിൽ ഇനിയും ക്വാറി തുടങ്ങേണ്ട എന്ന നിലപാടാണ് ഭൂരിപക്ഷം നാട്ടുകാരും. ക്വാറികൾ തുടങ്ങി സ്ഫോടനം നടക്കുേമ്പാഴാണ് പലപ്പോഴും ജനം വിവരമറിയുന്നത്.
സ്വകാര്യ ആവശ്യങ്ങൾക്ക് ഭൂമി നിരപ്പാക്കുന്നതിനും മറ്റും എന്ന് പ്രചരിപ്പിച്ചാണ് പാറപൊട്ടിക്കൽ തുടങ്ങുന്നത്. ഖനനം നിലക്കാതാവുേമ്പാഴാണ് അത് ക്വാറിയായി മാറിയെന്ന് ജനം അറിയുക.
പാറഖനനം നിമിത്തം മലയോര മേഖലയിൽ കാൻസർ ബാധിതരുടെ എണ്ണത്തിലെ വർധന, സ്ഫോടനം മൂലം വീടുകൾക്ക് വിള്ളൽ, ശുദ്ധജലക്ഷാമം, നീരൊഴുക്കുകൾ വറ്റുന്നത്, ശബ്ദ പാറപൊടി മലിനീകരണം, കൃഷിനാശം, ടിപ്പറുകളുടെ സഞ്ചാരത്താൽ റോഡുകൾ തകരുന്നത്, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നീ ദുരനുഭവങ്ങളാണ് ക്വാറികൾെക്കതിരെ തിരിയാൻ ജനങ്ങളെ നിർബന്ധിതരാക്കുന്നത്.
2015ലെ മൈനർ മിനറൽ കൺസ്ട്രക്ഷൻ നിയമ പ്രകാരം ക്വാറികൾക്ക് തൊട്ടടുത്ത വീടുകളിൽ നിന്നുള്ള ദൂരപരിധി 50 മീറ്ററാണ്. കഴിഞ്ഞ ജൂലായിൽ ദേശീയ ഹരിത ട്രൈബ്യൂണൽ ദൂരപരിധി 200 മീറ്ററായി വർധിപ്പിച്ചു.
ഇതോടെ സംസ്ഥാനത്തെ 90 ശതമാനം ക്വാറികൾക്കും പ്രവർത്തിക്കാനാകാത്ത സ്ഥിതിയായിരുന്നു. ഇതിനെതിരെ ഹൈകോടതിയെ സമീപിച്ച ക്വാറി ഉടമകൾ നിലവിൽ പ്രവർത്തിക്കുന്നവയ്ക്ക് തുടരാമെന്ന് ഉത്തരവ് സമ്പാദിച്ചു.എന്നാൽ, ലൈസൻസ് പുതുക്കുമ്പോഴും പുതിയത് തുടങ്ങുമ്പോഴും ഹരിത ട്രൈബ്യൂണൽ ഉത്തരവ് ബാധകമാണെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഒരു ഹെക്ടർ വരെ വിസ്തൃതിയുള്ള ക്വാറികൾക്ക് ഒരു വർഷത്തേക്കും ഒരു ഹെക്ടറിന് മുകളിൽ വിസ്തൃതിയുള്ള ലീസ് ക്വാറികൾക്ക് അഞ്ച് വർഷത്തേക്കുമാണ് ഖനാനുമതി. 200 മീറ്റർ ദൂരപരിധി പാലിക്കാത്തതിനാൽ പുതിയ ക്വാറികൾക്ക് അനുമതി ലഭിക്കാത്ത സ്ഥിതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.