ഒരു യോഗാത്മക കവി എന്ന നിലക്ക് രവീന്ദ്രനാഥ ടാഗോറിനോളം തന്നെ പ്രാമുഖ്യവും പ്രശസ്തിയുമുള്ള രചയിതാവും ചിത്രകാരനുമാണ് ഖലീൽ ജിബ്രാൻ. ആത്മാവിന്റെ നഗ്നതയും കവിതയുമാണ് അദ്ദേഹത്തിന്റെ രേഖാചിത്രങ്ങളിൽ നിർഭരമായിരിക്കുന്നത്. ഒരു ചിത്രകാരൻ എന്ന നിലയിൽ തികച്ചും വേറിട്ടതാണ് ഇദ്ദേഹത്തിന്റെ പ്രാമാണ്യം. പക്ഷേ, ആ നിലക്ക് യഥാവിധി വിലയിരുത്തപ്പെട്ടിട്ടില്ലതാനും. ഒടുവിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ മിക്കവാറും തന്നെ ഒരു സുഹൃത്ത് വഞ്ചിച്ചു കൈവശത്താക്കുകകൂടി ചെയ്തുവെന്നും പറയപ്പെടുന്നു.
ഖലീൽ ജിബ്രാന്റെ പ്രതിഭ ബഹുതലസ്പർശിയാണ്. ഒരു തത്ത്വചിന്തകൻ എന്ന നിലക്ക് അദ്ദേഹത്തെ സമീപിക്കുകയാണ് ഉചിതം. നൂറിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ‘പ്രവാചകൻ ‘(The prophet) എന്ന കൃതിയിലാണ് അദ്ദേഹത്തിന്റെ മുദ്ര പതിഞ്ഞുകിടക്കുന്നത്. ഏകാകിയായ കവി, മനുഷ്യപുത്രനായ യേശു എന്നിങ്ങനെ അനേകം കൃതികൾ കവിത കലർന്ന ഭാഷയിൽ ഖലീൽ ജിബ്രാൻ രചിച്ചിട്ടുണ്ട്. ‘പരാജയമേ- എന്റെ പരാജയമേ നീയാണെന്റെ തിളങ്ങുന്ന ഖഡ്ഗം. വിജയത്തിന്റെ ആഹ്ലാദത്തിൽ ഞാനാഴ്ന്നു പോകാത്തത് നിന്നെക്കുറിച്ചുള്ള സ്മരണകളാലാണ്’ എന്ന് അദ്ദേഹം എഴുതുമ്പോൾ ആ ജീവിതദർശനം സുവ്യക്തമാണല്ലോ.
ഖലീൽ ജിബ്രാൻ എന്ന പേര് ദേവദാരു മരങ്ങളും മുന്തിരിത്തോട്ടങ്ങളും നിറഞ്ഞ ലബനാനിനെ നിനവിലെത്തിക്കുന്നു. ആദർശാത്മകതയുടെയും ഭാവനയുടെയും അപരിമേയ മേഖലകളിൽ വിഹരിക്കുമ്പോഴും രാഷ്ട്രതന്ത്രത്തിലും ഒരു കൈ പയറ്റുവാൻ ഖലീൽ ജിബ്രാൻ ശ്രമിച്ചത് നിന്ദിതരോടും പീഡിതരോടും ദുരിതമനുഭവിക്കുന്നവരോടുമുള്ള അനുകമ്പകൊണ്ട് മാത്രമാവണം. ഋഷിയായ ഒരു മനുഷ്യന് അധികാരത്തോട് ആർത്തിയുണ്ടാവുകയില്ലല്ലോ. കപടയതികളുടെ പൊള്ളത്തരങ്ങളെ പൊളിച്ചുകാണിക്കുന്നതിലും ഖലീൽ ഭീരുവായിരുന്നിട്ടില്ല. ദുരിതനിർഭരമായ ബാല്യത്തിൽതന്നെ മനുഷ്യനനുഭവിക്കുന്ന ക്ലേശങ്ങളെ അദ്ദേഹം ഉൾക്കൊണ്ടു. മുഴു മദ്യപനായിരുന്നു പിതാവ്. സഹോദരങ്ങളുടെ അകാലമരണവും ജീവിതത്തിന്റെ ആന്തരാർഥമെന്തെന്നന്വേഷിക്കുവാൻ ഖലീലിനെ തീർച്ചയായും പ്രേരിപ്പിച്ചു. 1894ൽ ഖലീൽ കുടുംബത്തിന് അമേരിക്കയിലേക്ക് മാറിത്താമസിക്കേണ്ടിവന്നു. 1918ൽ മാത്രമാണ് ഇംഗ്ലീഷിൽ രചന ആരംഭിക്കുന്നത്. അന്യാപദേശ കഥകളുടെ ശൈലിയിലാണ് ഗദ്യരചനകളേറെയും. കവിതകളിലും ചിത്രരചനയിലും ആത്മദർശനപരമായ വെളിപാടുകൾ ചിതറിക്കിടക്കുന്നു. വിവിധ മതദർശനങ്ങളെ കുറിച്ച് മാരോനിറ്റ് ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച് വൈദിക സ്കൂളിൽ പഠിച്ച ജിബ്രാന് കൗമാരം തൊട്ടേ ധാരണകൾ കൈവന്നിരുന്നു. ജിബ്രാന്റെ പ്രണയം മാംസനിബദ്ധമായിരുന്നില്ല എന്ന് പ്രണയക്കുറിപ്പുകൾ വ്യക്തമാക്കുന്നു. അനേകം യുവതികളുടെ പേരുകൾ ആ കുറിപ്പുകളിൽ കാണാമെങ്കിലും ഫലസ്തീൻ ലബനീസ് എഴുത്തുകാരി മേസിയാദയുമായുള്ള പ്രണയം ഉദാത്തവും ദിവ്യവുമായിരുന്നു. ഈ ബന്ധത്തെ അസാധാരണമാക്കുന്നത് 20 വർഷത്തോളം പരസ്പരം കത്തുകളിലൂടെ വിനിമയം നടത്തിയിരുന്ന അവർ തമ്മിൽ ഒരിക്കലും നേരിൽ കാണുവാനിടവന്നില്ല എന്ന വസ്തുതയാണ്. ഫോട്ടോകളിലൂടെ കണ്ടിരുന്നിരിക്കാമെന്നു മാത്രം. ‘ഒടിഞ്ഞ ചിറകുകൾ’ എന്ന ഖലീലിന്റെ നോവലായിരുന്നത്രേ മേസിയാദക്ക് ഏറ്റവും പ്രിയങ്കരം.
മനുഷ്യരാശിയെ ഒന്നടങ്കം സ്നേഹത്തിന്റെ മായിക പിഞ്ഛികയാലുഴിഞ്ഞ് ഒന്നാക്കിമാറ്റുന്നവയായിരുന്നു ഖലീലിന്റെ ഹൃദയത്തിൽനിന്നും പ്രവഹിച്ച രചനകൾ. ആ രചനകൾ കാലദേശാതീതങ്ങളാണ്. പുരുഷാന്തരങ്ങൾ പിന്നിട്ടിട്ടും അവയുടെ മാറ്റു കുറയുകയല്ല, വർധിക്കുകയാണ്. ഖലീൽ ജിബ്രാനിൽ ഒരേസമയം, ഒരു സൂഫിയുടെയും ഒരു ക്രിസ്തുവിന്റെയും മേളനം നടന്നിരുന്നതായി അനുവാചകന് തോന്നും. സാഹിത്യത്തിലും രാഷ്ട്രീയത്തിലും ഒരു വിമതനായാണ് ഇന്ന് അറബ് ലോകം ഖലീൽ ജിബ്രാനെ വീക്ഷിക്കുന്നത്. ആധുനിക ചിത്രകലയെ ‘ഭ്രാന്തൻ വിപ്ലവം’ എന്ന് അദ്ദേഹം വിളിച്ചു. 1905ൽ രചിച്ച ‘അൽ മ്യൂസിഖ’എന്നതാണ് ആദ്യ കൃതി. ഒടിഞ്ഞ ചിറകുകൾ, താഴ്വരയിലെ സ്വർഗകന്യകകൾ, ക്ഷോഭിക്കുന്ന ആത്മാക്കൾ, മണലും നുരയും, ഭ്രാന്തൻ എന്നിവയാണ് ആ കൃതികൾക്കിടയിൽ പ്രമാണപ്പെട്ടവ. ആജീവനാന്തം അവിവാഹിതനായി കഴിഞ്ഞു ജിബ്രാൻ എന്നതിന് പല കാരണങ്ങളുമുണ്ടാവാം. സ്വാത്മാവിനോടുതന്നെ വിനിമയം ചെയ്യുന്നതിനായിരുന്നല്ലോ ആ ഏകാകിയായ കവിക്കു താൽപര്യം. ന്യൂയോർക്കിൽ ഒരേസമയം അറബിയിലും ഇംഗ്ലീഷിലും എഴുതുന്നവരുടെ സംഘടനയായ ‘പെൻലീഗി’ൽ ഖലീൽ പ്രവർത്തിച്ചിരുന്നു. അറബിയിൽ ഒമ്പതും ഇംഗ്ലീഷിൽ എട്ടും പുസ്തകങ്ങളാണ് അദ്ദേഹത്തിന്റെതായുള്ളത്. ആദ്യപതിപ്പിൽ വെറും 200 കോപ്പികൾ മാത്രം വിറ്റുപോയ ‘പ്രവാചകൻ’ ഈയിടെ കണക്കെടുത്തപ്പോൾ പത്തുകോടി വിറ്റുപോയതായി കാണപ്പെട്ടു. നൊബേൽ ലഭിച്ചിട്ടില്ലാത്ത ഒരു കവിയെ സംബന്ധിച്ചിടത്തോളം വലിയൊരു നേട്ടംതന്നെയാണിത്.
മാതൃഭൂമിയായിരുന്ന ലബനാനാണ് ഖലീലിന് നിത്യ പ്രചോദനമായി വർത്തിച്ചത്. കരൾവീക്കവും ക്ഷയരോഗവും ആ മഹാത്മാവിനെ വേട്ടയാടിക്കൊണ്ടേയിരുന്നു. സ്വതന്ത്ര ബുദ്ധിയായിരുന്ന ഖലീൽ ജിബ്രാനെ താൻ ജനിച്ചുവളർന്ന മതം ശിക്ഷയെന്നോണം പുറത്താക്കുകപോലുമുണ്ടായി. ജീവിതാവസാനം വരേക്കും ന്യൂയോർക്കിൽ ‘ഹെർമിറ്റേജ്’ എന്നുപേരായ ഒരു ഫ്ലാറ്റിൽ ജിബ്രാൻ കഴിഞ്ഞു. 1931ൽ തന്റെ 48ാം വയസ്സിൽ ഈ വിശ്വമഹാകവി ശരീരം വെടിഞ്ഞു. മനുഷ്യരാശി അവശേഷിക്കുന്നിടത്തോളം ദാർശനിക കവിയായ ഈ നിത്യാനുരാഗി സ്മരിക്കപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.