ശരീരം വിഷമുക്തമാക്കാന്‍ ഡീറ്റോക്‌സ് ഡ്രിങ്ക്‌സ് തയാറാക്കാം...

ശരീരത്തെ ഡീറ്റോക്‌സ് അല്ലെങ്കിൽ വിഷമുക്തമാക്കാൻ സഹായിക്കുന്ന പാനീയങ്ങളെയാണ് ഡീറ്റോക്‌സ് ഡ്രിങ്കുകള്‍ എന്നു പറയുന്നത്.

എന്താണ് ഡീറ്റോക്‌സിഫിക്കേഷന്‍?

പേര് സൂചിപ്പിക്കുന്നത് പോലെ, ഡിറ്റോക്‌സ് ശരീരത്തില്‍നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുന്നു. ഡിറ്റോക്‌സ് ശീലം നമ്മുടെ സുപ്രധാന അവയവങ്ങളെ വിഷവസ്തുക്കളില്‍ നിന്ന് ശുദ്ധീകരിക്കുകയും ശരീരത്തിലെ വിഷവസ്തുക്കളെ ഉചിതമായി പുറന്തള്ളാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇത് ശരീരഭാരം കുറക്കല്‍, മെച്ചപ്പെട്ട ദഹനം, കരളിന്‍റെ മികച്ച പ്രവര്‍ത്തനം, വീക്കം കുറക്കല്‍, ഊര്‍ജ്ജം വർധിപ്പിക്കല്‍ എന്നിവയുള്‍പ്പെടെ നിരവധി ഗുണങ്ങള്‍ നല്‍കുന്നു.

മൂത്രം, കരള്‍ മുതലായവയിലൂടെ സ്വാഭാവികമായി ഈ വിഷവസ്തുക്കളെ പുറന്തള്ളാന്‍ നമ്മുടെ ശരീരത്തിന് പൂര്‍ണശേഷിയുണ്ടെങ്കിലും മലിനീകരണം, പ്രിസര്‍വേറ്റീവുകള്‍, കീടനാശിനികള്‍ എന്നിവയുടെ വർധിച്ചുവരുന്ന ഉപയോഗം കാരണം ഇവ നമ്മുടെ ശരീരത്തിൽ ഉയര്‍ന്ന അളവില്‍ എത്തുന്നു. ഇവ ശരീരത്തിലെ ടിഷ്യൂകളിലേക്കും കോശങ്ങളിലേക്കും ആഴത്തില്‍ സംഭരിക്കപ്പെടുകയും ക്രമേണെ ശരീരത്തിന്റെ വിവിധ പ്രവർത്തങ്ങളെ തടസപ്പെടുത്തുകയും മന്ദഗതിയിലാക്കുകയും ചെയ്‌തേക്കാം.


ക്രമരഹിതമായ ഉറക്കം, ക്രമരഹിതമായ ഭക്ഷണ ശീലം, അനാരോഗ്യകരമായ ഭക്ഷണക്രമം, ഏറിയ സമ്മര്‍ദ്ദം എന്നിവ നിറഞ്ഞ ഒരു ജീവിതശൈലിയില്‍ നമ്മുടെ ശരീരത്തെ ശുദ്ധീകരിക്കാനും മനസിന് ഉന്മേഷം നല്‍കാനും ദോഷകരമായ വിഷവസ്തുക്കളെ പുറന്തള്ളാനും ആരോഗ്യപ്രശ്‌നങ്ങള്‍ തടയുന്നതിനുമുള്ള ഒരു മാര്‍ഗമായി ഡിറ്റോക്‌സ് പാനീയങ്ങള്‍ മാറിയിരിക്കുന്നു. ആയുര്‍വേദ ഔഷധങ്ങളും ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമായ പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ചാണ് ഡിറ്റോക്സ് പാനീയങ്ങള്‍ തയാറാക്കുന്നത്. ദോഷകരമായ വിഷവസ്തുക്കളെ പുറന്തള്ളാന്‍ ഇവ നമ്മുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം.

ഭാരം നിയന്ത്രിക്കാന്‍ ഡീറ്റോക്‌സ് ഡ്രിങ്ക്‌സുകള്‍

ശരീരഭാരം കുറക്കാന്‍ പല വഴികളും തേടുന്നവര്‍ നമുക്കിടയിലുണ്ട്. വളരെപ്പെട്ടന്ന് ശരീരഭാരം കുറക്കുമെന്ന് പറയപ്പെടുന്ന പല മാര്‍ഗങ്ങളും അനാരോഗ്യകരമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. ഭക്ഷണത്തില്‍ നിയന്ത്രണം കൊണ്ടുവരിക, ആരോഗ്യകരമായ ഭക്ഷണം ശീലമാക്കുക, വ്യായാമം മുടക്കാതിരിക്കുക, ധാരാളം വെള്ളം കുടിക്കുക എന്നതെല്ലാം അമിതവണ്ണം കുറക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. ഇതോടൊപ്പം തന്നെ പ്രധാനമാണ് ശരീരത്തെ വിഷമുക്തമാക്കുന്ന രീതി. ഇവിടെയാണ് ഡീറ്റോക്സിങിന്റെ പ്രാധാന്യം. അമിതവണ്ണം പെട്ടന്ന് കുറക്കാന്‍ കുറുക്കുവഴികളൊന്നും ഇല്ല. ആരോഗ്യകരമായ ഭക്ഷണത്തിനും പതിവ് വ്യായാമത്തിനുമൊപ്പം ചില ഡീറ്റോക്‌സ് പാനീയങ്ങള്‍ കുടിക്കുന്നതും തീർച്ചയായും ഗുണം ചെയ്യും.



എളുപ്പത്തില്‍ വീട്ടിൽ ഉണ്ടാക്കുവാനും ജോലിസ്ഥലത്തേക്കു കൊണ്ടുപോകാനും സാധിക്കുന്ന മികച്ച ഡിറ്റോക്‌സ് വാട്ടര്‍ ഡ്രിങ്കുകള്‍ നോക്കാം.

നാരങ്ങയും പുതിനയും ചേര്‍ത്ത തേങ്ങാ വെള്ളം

വെറും നാല് ചേരുവകള്‍ ഉപയോഗിച്ച് വെറും 10 മിനിറ്റില്‍ തയാറാക്കാന്‍ കഴിയുന്ന ഉന്മേഷദായകവും എളുപ്പമുള്ളതുമായ ഡിറ്റോക്‌സ് റെസിപ്പിയാണിത്. പ്രകൃതിദത്തമായ, ഉന്മേഷദായകമായ പാനീയമായ തേങ്ങാ വെള്ളത്തില്‍ വിവിധ ധാതുക്കളും വിറ്റാമിനുകളും അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തെ ഹൈഡ്രേറ്റ് ചെയ്യുകയും ദിവസം മുഴുവന്‍ ഉന്മേഷത്തോടെ നിലനിര്‍ത്തുകയും ചെയ്യുന്നു.

നാരങ്ങാവെള്ളം

വേനല്‍ക്കാലത്ത് എല്ലാവരുടെയും പ്രിയപ്പെട്ട പാനീയമാണ് നാരങ്ങാവെള്ളം. ദിവസത്തിലെ ഏത് സമയത്തും തയാറാക്കാന്‍ കഴിയുന്ന ഏറ്റവും രുചികരമായതും എളുപ്പമുള്ളതുമായ കൂളറുകളില്‍ ഒന്നാണ് നാരങ്ങാ വെള്ളം.

കുക്കുമ്പര്‍ ജ്യൂസ്

വേനല്‍ക്കാല പച്ചക്കറികളില്‍ ഏറ്റവും ജലാംശം നല്‍കുന്ന ഒന്നായി കുക്കുമ്പര്‍ അറിയപ്പെടുന്നു. ഏകദേശം 90% വെള്ളമുള്ളതിനാല്‍ കുക്കുമ്പർ ഡിറ്റോക്‌സ് പാനീയവും വേനല്‍ക്കാല ദാഹശമന പാനീയമായും ഉപയോഗിക്കാൻ മികച്ചതാണ്.

പുതിന നാരങ്ങ ഫിസ്സ്

ഈ പാനീയം നിങ്ങളുടെ ശരീരത്തെ പുനരുജ്ജീവിപ്പിക്കാനും എല്ലാ വിഷവസ്തുക്കളെയും പുറന്തള്ളാനും സഹായിക്കുന്ന നാരങ്ങ പാനീയമാണ്. നാരങ്ങ, പഞ്ചസാര, വെള്ളം എന്നിവയില്‍ പുതിനയിലകള്‍ ചേർക്കുക.

നാരങ്ങ സോഡ

സോഡയും പുതിനയും ഉപയോഗിച്ച് നാരങ്ങ സോഡ തയാറാക്കാം

ഡിറ്റോക്‌സ് മഞ്ഞള്‍ ചായ

ഈ ഡിറ്റോക്‌സ് ചായ, മഞ്ഞള്‍ പോലുള്ള ആന്റിഓക്സിഡന്റുകളുടെ മിശ്രിതമാണ്. ഇഞ്ചി, കുരുമുളക് തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളും തേനിനുമൊപ്പം കഴിക്കുന്നത് ഏറെ ഗുണം ചെയ്യും. മഞ്ഞള്‍ ഒരു ശക്തമായ ശുദ്ധീകരണ മസാലയായി കണക്കാക്കപ്പെടുന്നു. അതിനാല്‍ ഇത് എല്ലാ ഡിറ്റോക്‌സ് പാനീയത്തിലും ഉപയോഗിക്കാം. ആന്റി ഓക്സിഡന്റുകളുടെയും ആന്റി-ഇന്‍ഫ്ലമേറ്ററി ഘടകങ്ങളുടെയും തികഞ്ഞ സംയോജനമാണിത്.


ഓറഞ്ച്, കാരറ്റ് ഡിറ്റോക്‌സ് പാനീയം

സിട്രസ് പഴങ്ങളും അവശ്യ വിറ്റാമിനുകളും നിറഞ്ഞ ഈ പാനീയം വിഷവസ്തുക്കളെ പുറന്തള്ളാനും ഊര്‍ജം നിലനിര്‍ത്താനും അത്യുത്തമമാണ്.

കറുവപ്പട്ട-തേന്‍ പാനീയം

ഈ രണ്ട് അത്ഭുതകരമായ ചേരുവകള്‍ ശരീരത്തിന് എന്തൊക്കെ ഗുണങ്ങളാണ് നല്‍കുന്നതെന്ന് പലര്‍ക്കും അറിയില്ല. കറുവപ്പട്ട ആന്റി വൈറല്‍, ആന്റി ബാക്ടീരിയല്‍, ആന്റിഫംഗല്‍ തുടങ്ങിയ ഗുണങ്ങള്‍ നല്‍കുന്നുവെങ്കില്‍, തേന്‍ ആന്റിഓക്സിഡന്റുകളുടെ ശക്തികേന്ദ്രമാണ്. കറുവപ്പട്ട, തേന്‍ എന്നിവ ചേര്‍ത്ത വെള്ളം ഇളംചൂടോടെ നിങ്ങള്‍ക്ക് കുടിക്കാം. ഈ പാനീയം ഹൃദ്രോഗ സാധ്യത കുറക്കുന്നു, ചര്‍മ്മത്തിലെ അണുബാധകളെ ചികിത്സിക്കുന്നു, ശരീരഭാരം കുറക്കുന്നതിനൊപ്പം വീക്കവും കുറക്കുന്നു. രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് ഏറെ ഉത്തമവുമാണ്.

നാരങ്ങ-ഇഞ്ചി വെള്ളം

നാരങ്ങയുടെയും ഇഞ്ചിയുടെയും ഗുണങ്ങള്‍ പറയാതെ വയ്യ. ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തില്‍ അര കഷ്ണം നാരങ്ങയുടെ നീരും 2 കഷ്ണം ഇഞ്ചി ചതച്ചതും ചേര്‍ക്കേണ്ടതുണ്ട്. ഈ വെള്ളം സാധാരണ അളവില്‍ പതിവായി കുടിക്കുന്നത് ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ ഫലപ്രദമായി പുറന്തള്ളുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഗവേഷണ പഠനങ്ങള്‍ അനുസരിച്ച് ഇഞ്ചി വിശപ്പ് കുറയ്ക്കുന്നു. നാരങ്ങ വിറ്റാമിന്‍ സിയുടെയും ആന്റിഓക്സിഡന്റുകളുടെയും സമ്പന്നമായ ഉറവിടമാണ്. ഈ പാനീയം വലിയ അളവില്‍ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും.


കുക്കൂമ്പര്‍-പുതിന വെള്ളം

പോഷക ഗുണം മാത്രമല്ല, രുചിയും ഉള്ള പാനീയമാണ് ഇത്. ജലസമൃദ്ധമായ കുക്കുമ്പറും പോഷക സമ്പുഷ്ടമായ പുതിനയും ഒരുമിച്ചു ചേർക്കുന്നതാണ് ഈ പാനീയം. ഈ പാനീയം തയാറാക്കാന്‍ ഒരു കുപ്പി വെള്ളത്തില്‍ കുറച്ച് കഷ്ണം കുക്കുമ്പറും ചെറുതായി അരിഞ്ഞ പുതിനയിലയും ചേര്‍ക്കാം. ഈ ഡിടോക്‌സ് വെള്ളം ദിവസവും കുടിക്കാവുന്നതാണ്. വെള്ളരിക്ക - പുതിന വെള്ളം ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു എന്നത് കൂടാതെ, രക്തസമ്മര്‍ദ്ദം കുറക്കൽ, അർബുദം തടയൽ തുടങ്ങിയ എണ്ണമറ്റ ഗുണങ്ങളും നല്‍കുന്നു. ആന്റിഓക്സിഡന്റുകളുടെ സമ്പന്നമായ ഉറവിടം കൂടിയാണ് ഇവ.

(രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നിവയുള്ളവര്‍ ഡോക്ടറോട് ഉപദേശം തേടിയ ശേഷം മാത്രമേ ഇത്തരം പാനീയങ്ങള്‍ കുടിച്ചുതുടങ്ങാവൂ).

Tags:    
News Summary - Detox drinks can be prepared to detoxify the body...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.