പൊതുവേ ചായപ്രേമികളാണ് മലയാളികൾ. ദിവസം ഒന്നോ രണ്ടോ ചായ കുടിക്കാത്തവർ വിരളമായിരിക്കും. മായം കലർന്ന ചായപ്പൊടി പിടികൂടിയെന്ന വാർത്തകൾ ദിവസേന വരുമ്പോൾ ഏതൊരു ചായപ്രേമിയുടെയും നെഞ്ചിടിക്കും. പതിവായി കുടിക്കുന്ന ചായപ്പൊടിയിൽ മായം കലർന്നിട്ടുണ്ടെങ്കിൽ അതുമതി നിങ്ങളെയൊരു രോഗിയാക്കാൻ. എന്നാൽ, എളുപ്പത്തിലുള്ള ചില പരിശോധനകൾ വഴി ചായപ്പൊടിയിലെ മായം നമുക്ക് വളരെവേഗം കണ്ടെത്താനാകും. അവ എന്തൊക്കെയാണെന്ന് നോക്കാം....

ചായപ്പൊടിക്ക് ലിറ്റ്മസ് ടെസ്റ്റ്

ഒരു ലിറ്റ്മസ് പേപ്പറില്‍ (കടയിൽ എളുപ്പം വാങ്ങാൻ കിട്ടും) കുറച്ച് ചായപ്പൊടി എടുത്തശേഷം അതിലേയ്ക്ക് മൂന്നോ നാലോ തുള്ളി വെള്ളം ഒഴിക്കുക. കുറച്ച് സമയം കാത്തിരുന്നശേഷം ചായപ്പൊടി ലിറ്റ്മസ് പേപ്പറില്‍നിന്ന് മാറ്റുക. ചായപ്പൊടിയില്‍ മായം ഒന്നും കലര്‍ന്നിട്ടില്ലെങ്കില്‍ ലിറ്റ്മസ് പേപ്പറില്‍ വളരെ നേരിയ അളവില്‍ നിറം പിടിച്ചിട്ടുണ്ടാകും. മായം കലര്‍ന്നതാണെങ്കില്‍ കറപോലെ ഇരുണ്ട നിറം പടര്‍ന്നിട്ടുണ്ടാകും. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാൻഡേർഡ്സ് ഓഫ് ഇന്ത്യ നേരത്തെ ഈയൊരു പരിശോധനയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. 

നിറം നോക്കി മായം കണ്ടെത്താം

ചായപ്പൊടി അല്‍പമെടുത്ത് നനഞ്ഞ വെളുത്ത കടലാസില്‍ വിതറിയിടാം. അല്‍പം കഴിഞ്ഞ് നോക്കിയാല്‍ കടലാസില്‍ മഞ്ഞ, പിങ്ക്, ചുവപ്പ് എന്നീ നിറങ്ങള്‍ കാണുകയാണെങ്കില്‍ ഇത് മായം കലര്‍ന്ന ചായപ്പൊടിയാണെന്ന് മനസ്സിലാക്കാം.

ഇതേപോലെ ഒരു ഗ്ലാസിൽ വെള്ളം നിറച്ച ശേഷം അതിൽ തേയില ചെറുതായി ഇടുക. കൃത്രിമ നിറം ചേർത്തിട്ടുണ്ടെങ്കിൽ നിറം വെള്ളത്തിനു മുകളിൽ നിൽക്കും, തുടർന്ന് തേയില ഗ്ലാസിന്‍റെ താഴെയെത്തും. പച്ചവെള്ളത്തിൽ തേയില ചേർക്കുമ്പോൾ നിറം പെട്ടെന്ന് പടരുന്നുണ്ടെങ്കിലും തേയിലയിൽ മായം കലർന്നിട്ടുണ്ടെന്ന് മനസ്സിലാക്കാം.

 

ശാസ്ത്രീയ പരിശോധന

മുകളിൽ പറഞ്ഞവയെല്ലാം ചായപ്പൊടിയിൽ മായമുണ്ടോയെന്ന് മനസ്സിലാക്കാനുള്ള പ്രാഥമിക പരിശോധനകളാണ്. ശാസ്ത്രീയ പരിശോധനയിൽ മാത്രമേ ഏത് രാസവസ്തു, എത്ര അളവിൽ കലർന്നിരിക്കുന്നു എന്ന് മനസ്സിലാക്കാൻ സാധിക്കൂ. അതിനായി ലബോറട്ടറികളെ ആശ്രയിക്കാം.

മായമുണ്ടെന്ന് കണ്ടെത്തിയാൽ ഉടൻ തന്നെ ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ 1800 425 1125 എന്ന ടോൾഫ്രീ നമ്പറിൽ വിളിച്ചറിയിക്കുക. അല്ലെങ്കിൽ 0471 2322833 എന്ന നമ്പറിലും വിളിക്കാം.

 

സൺസെറ്റ് യെല്ലോ, ടട്രാസിൻ, കാർമോസിൻ, ബ്രില്ല്യന്‍റ് ബ്ലൂ, ഇൻഡിഗോ കാരമൈൻ എന്നീ രാസവസ്തുക്കൾ ചേർത്തു നിർമിക്കുന്ന ചോക്ലേറ്റ് ബ്രൗൺ എന്ന കൃത്രിമ നിറമാണ് വ്യാജമായി നിർമിക്കുന്ന ചായപ്പൊടിക്ക് നിറം നൽകാൻ പ്രധാനമായും ഉപയോഗിക്കുന്നത്. തേയില ഫാക്ടറികളിൽ നിന്ന് ഉപേക്ഷിക്കുന്ന വിലകുറഞ്ഞ തേയിലയും ചായക്കടകളിൽ ഉപയോഗിച്ചു കളയുന്ന തേയില ചണ്ടിയും ചേർത്ത് ആദ്യം ഉണക്കിയെടുക്കും. ഇതിൽ കൃത്രിമ നിറം ചേർക്കും. ഒപ്പം മണവും രുചിയും വരാൻ കാരമൽ എന്ന രാസവസ്തുവും ചേർക്കും. ഇങ്ങനെയാണ് കടുപ്പമുള്ള ചായപ്പൊടി വ്യാജമായി നിർമിച്ചെടുക്കുന്നത്. 

Tags:    
News Summary - how to find out tea powder adulteration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.