സസ്യേതര ഭക്ഷണം കഴിക്കുന്നവരിൽ ഏറെപ്പേരും ഇഷ്ടപ്പെടുന്ന വിഭവമാണ് ഫ്രൈഡ് ചിക്കനുകൾ. എണ്ണയിൽ വറുത്തെടുത്ത ഭക്ഷണം ആരോഗ്യത്തിന് അത്ര നല്ലതല്ലെങ്കിലും, മിതമായ രീതിയിൽ കഴിക്കുന്നതിൽ തെറ്റില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ചിക്കൻ ഡിഷുകൾ കഴിക്കുന്നവർക്കായി ‘വറുത്ത’ വിഭാഗത്തിൽ ഏറ്റവും മികച്ചതേത് എന്ന പട്ടിക തയാറാക്കിയിരിക്കുകയാണ് പ്രമുഖ ഫൂഡ് ആൻഡ് ട്രാവൽ ഗൈഡായ ‘ടേസ്റ്റ് അറ്റ്ലസ്’. ലോകത്തെ ഏറ്റവും മികച്ച പത്ത് ഫ്രൈഡ് ചിക്കൻ ഡിഷുകളുടെ കൂട്ടത്തിൽ ദക്ഷിണേന്ത്യക്കാരുടെ പ്രിയ വിഭവമായ ‘ചിക്കൻ 65’ഉം ഇത്തവണ ഇടം നേടിയിട്ടുണ്ട്.
ഇഞ്ചി, വെളുത്തുള്ളി, വറ്റൽ മുളക്, മറ്റ് ചില സുഗന്ധ വ്യഞ്ജനങ്ങൾ എന്നിവയിൽ മാരിനേറ്റ് ചെയ്ത്. ഡീപ്-ഫ്രൈ ചെയ്തെടുക്കുന്ന വിഭവം എന്നാണ് ചിക്കൻ 65നെ ടേസ്റ്റ് അറ്റ്ലസ് വിശദീകരിക്കുന്നത്. 1960കളിൽ തമിഴ്നാട്ടിലെ ചെന്നൈയിലാണ് ചിക്കൻ 65ന്റെ ഉത്ഭവമെന്നും അവർ പറയുന്നു. ആഗോള പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ചിക്കൻ 65 ഉള്ളത്. 2023 ആഗസ്റ്റിൽ പത്താമതായിരുന്നു ചിക്കൻ 65ന്‍റെ സ്ഥാനം.
ഇത്തവണത്തെ പട്ടികയിൽ ഇടം നേടിയവയിൽ കൂടുതലും ഏഷ്യൻ വിഭവങ്ങളാണെന്ന സവിശേഷതയുമുണ്ട്. ദക്ഷിണ കൊറിയയിൽനിന്നുള്ള ‘ചികിൻ’ ആണ് ഒന്നാമത്. ജപ്പാനിൽനിന്നുള്ള ‘കരാജ്’ രണ്ടാമതെത്തി. ദക്ഷിണ യു.എസിലെ ‘ഫ്രൈഡ് ചിക്കൻ’, ഇന്തൊനീഷ്യൻ വിഭവമായ ‘അയം ഗൊറെങ്’ എന്നിവയാണ് ആദ്യ അഞ്ചിലെ മറ്റ് വിഭവങ്ങൾ. ഴാസിജി (ചൈന), തായ്‍വനീസ് പോപ്കോൺ ചിക്കൻ (തയ്‍വാൻ), ചിക്കൻ കിയവ് (യുക്രെയ്ൻ), അയം പെൻയെറ്റ് (ഇന്തൊനീഷ്യ), ഓറഞ്ച് ചിക്കൻ (യു.എസ്) എന്നിവയാണ് ആറ് മുതൽ പത്ത് വരെയുള്ള സ്ഥാനങ്ങളിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.