കണ്ണൂർ: നേരമ്പോക്കിനായി തുടങ്ങിയ കുടുംബശ്രീ കമ്യൂണിറ്റി കിച്ചന്റെ ലാഭവിഹിതം ഇന്ന് മാസം ഒന്നര ലക്ഷം രൂപയാണ്. മാട്ടൂൽ പഞ്ചായത്തിലെ സാന്ത്വനം കുടുംബശ്രീയുടെ സംരംഭമായ രഹന കമ്യൂണിറ്റി കിച്ചണാണ് സ്വയം സംരംഭങ്ങളുടെ പെരുമ വാനോളമുയർത്തിയത്. ഏഴു വർഷങ്ങൾക്ക് മുന്നേ ഒരു ചെറുകിട പലഹാര നിർമാണ യൂനിറ്റായി തുടങ്ങിയ സംരംഭത്തിന്റെ പെരുമ ഇന്ന് കടൽകടന്ന് അറേബ്യൻ രാജ്യങ്ങളിൽ പോലുമെത്തി.
വീട്ടിൽനിന്ന് നിർമിക്കുന്ന പുട്ടുപൊടി, കറി പൗഡറുകൾ, ചിപ്സ്, ബേക്കറി പലഹാരങ്ങൾ തുടങ്ങിയ ഉൽപന്നങ്ങൾക്കാണ് ഗൾഫിൽ ആവിശ്യക്കാരേറെ. കോവിഡ് സമയത്ത് പലഹാര നിർമാണത്തിനൊപ്പം ഉച്ചഭക്ഷണം തയാറാക്കി സൗജന്യമായി മാട്ടൂൽ പ്രദേശത്ത് നിരീക്ഷണത്തിൽ കഴിയുന്നവർക്ക് എത്തിച്ചു നൽകിയാണ് കമ്യൂണിറ്റി കിച്ചന്റെ തുടക്കം.
നിലവിൽ ഒമ്പത് കുടുംബശ്രീ അയൽക്കൂട്ടം പ്രവർത്തകരാണ് തനത് മലബാറി രുചിക്കൂട്ടുകളിൽ വിസ്മയം തീർക്കുന്നത്. മേഖലയിലെ കല്യാണം, മദ്റസ പരിപാടികൾ, പിറന്നാൾ, ഉത്സവങ്ങൾ എന്നിങ്ങനെ മിക്ക ചടങ്ങുകളിലും പാചകം രഹന കമ്യൂണിറ്റി കിച്ചൺ ആണ്.
മാട്ടൂലിലെ സഫ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 200 കുട്ടികൾക്ക് ഉച്ചഭക്ഷണം ഒരു ടിഫിന്‍ 35 രൂപ നിരക്കിൽ എത്തിക്കുന്നതാണ് പ്രധാന വരുമാനം. കൂടുതൽ സ്ത്രീകൾക്ക് ജോലി നൽകി പ്രദേശത്തെ മറ്റു സ്കൂളുകളിലേക്കും ഉച്ചഭക്ഷണം പദ്ധതി എത്തിക്കാനുള്ള ശ്രമത്തിലാണ് റഹ്മത്തിന്റെ നേതൃത്വത്തിലുള്ള കമ്യൂണിറ്റി കിച്ചൻ.
വീട്ടിൽതന്നെ നിർമിക്കുന്ന പലഹാരങ്ങൾ വാട്സ്ആപ് ഗ്രൂപ്പുകൾ വഴിയാണ് വിൽപന. മാട്ടൂൽ പഞ്ചായത്ത് മൂന്നാം വാർഡിലെ സെന്റർ കപ്പാലത്താണ് കമ്യൂണിറ്റി കിച്ചൻ സ്ഥിതി ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.