ദുബൈ: ഹത്തയിൽ കഴിഞ്ഞദിവസം ആരംഭിച്ച ഹണി ഫെസ്റ്റിവലിൽ ശ്രദ്ധനേടി കിർഗിസ്താനിൽനിന്നുള്ള തേൻ. മധ്യേഷ്യൻ രാജ്യമായ കിർഗിസ്താനിലെ ഫാമിൽനിന്ന് പ്രത്യേകം തയാറാക്കിയ തേനാണ് ദുബൈ മുനിസിപ്പാലിറ്റി ലാബിൽനിന്ന് പരിശോധന പൂർത്തീകരിച്ച് ഗുണനിലവാര സർട്ടിഫിക്കറ്റോടെ മേളയിൽ വിൽപനയും പ്രദർശനവും നടത്തുന്നത്. കിർഗിസ്താൻ സ്വദേശി റാശിദ് അൽ ബിദ്വാബിയും മകനുമാണ് ഫെസ്റ്റിവലിൽ തേനുമായി എത്തിയത്.
കുങ്കുമവും സൂര്യകാന്തിപ്പൂക്കളും വിളയുന്ന വലിയ പാടങ്ങൾക്ക് സമീപം സ്ഥാപിച്ച തേൻകൂടുകളിൽനിന്ന് ശേഖരിക്കുന്ന തേനാണ് മേളയിൽ എത്തിച്ചതെന്ന് ബിദ്വാബി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. വെളുത്ത നിറത്തിലുള്ള തേനാണ് ഇദ്ദേഹത്തിന്റെ സ്റ്റാളിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്നത്. പ്രത്യേകസമയത്ത് ശേഖരിക്കുന്ന തേനാണ് ഈ നിറത്തിൽ ലഭിക്കുന്നതെന്നും ആരോഗ്യത്തിന് ഗുണപ്രദമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ദുബൈ ഹണി ഫെസ്റ്റിവൽ മികച്ച അവസരമാണ് തേനീച്ചക്കർഷകർക്ക് ഒരുക്കുന്നതെന്നും പ്രാദേശിക സംരംഭങ്ങൾക്കും മറ്റുള്ളവർക്കും ഒരുപോലെ ഗുണകരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൊവ്വാഴ്ച ആരംഭിച്ച ഹണി ഫെസ്റ്റിവലിന്റെ രണ്ടാം ദിവസവും നിരവധി സന്ദർശകർ പ്രദർശനം കാണാനെത്തി.
തേൻ ഉൽപാദകരെ പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തെ സംസ്കാരിക പാരമ്പര്യത്തെ പരിചയപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട് ദുബൈ മുനിസിപ്പാലിറ്റി ഒരുക്കിയ ഫെസ്റ്റിവലിന്റെ ഏഴാം എഡിഷനാണ് ഇത്തവണത്തേത്. ഹത്ത ഹാളിൽ നടക്കുന്ന പരിപാടിയിൽ ഇത്തവണ 50ലേറെ കർഷകരാണ് വിവിധയിനം തേനും തേനുൽപന്നങ്ങളും പ്രദർശിപ്പിക്കുന്നത്. രാവിലെ ഒമ്പതു മുതൽ വൈകീട്ട് എട്ടുവരെയുള്ള പ്രദർശനം ശനിയാഴ്ച അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.