പുതുമ നഷ്ടപ്പെടാത്ത സൗധങ്ങള്‍

 

രാജഭരണവും കൊട്ടാരങ്ങളുമെല്ലാം പഴങ്കഥയായെങ്കിലും കേരളത്തില്‍ കൊട്ടാരസദൃശമായ വീടുകള്‍ കൂടിക്കൂടി വരുകയാണ്. ശില്‍പഭംഗിയാര്‍ന്ന കൂറ്റന്‍ എടുപ്പുകളുടെ ആകര്‍ഷണത്തില്‍ മനുഷ്യന്‍ എക്കാലത്തും വിസ്മയഭരിതനാകുമെന്ന് ഷാജഹാന്‍ ചക്രവര്‍ത്തി താജ്മഹലിലൂടെ തെളിയിച്ചതാണ്. 
ആര്‍ഭാടമെന്നും അനാവശ്യമെന്നും ധൂര്‍ത്തെന്നുമൊക്കെ പറഞ്ഞ് വിമര്‍ശിക്കുന്നവര്‍ പോലും ഈ മണിമന്ദിരങ്ങള്‍ കണ്ടാല്‍ ഒരുവേള നോക്കിനിന്നുപോകും. വലിയ വീടുകള്‍ പണിയുക വലിയ വെല്ലുവിളി തന്നെയാണെന്ന് ഇതിന്‍െറ ശില്പികള്‍ അഭിപ്രായപ്പെടുന്നു. എത്ര പണവും ചെലവാക്കാന്‍ വീട്ടുടമ തയാറാണെന്ന് കരുതി വിലപിടിപ്പുള്ള സാധനങ്ങള്‍ കൊണ്ടുനിറച്ചാല്‍ വീടാവുകയില്ല. ചെലവാക്കുന്ന പണത്തിന്‍െറ ഇരട്ടി മതിപ്പുതോന്നണം. കാലമെത്ര കഴിഞ്ഞാലും പുതുമ നഷ്ടപ്പെടരുത്. ഇംഗ്ളീഷുകാരും ഫ്രഞ്ചുകാരുമെല്ലാം ഇവിടെ ബാക്കിവെച്ചുപോയ അനേകം സൗധങ്ങള്‍ അവരുടെ നിര്‍മാണ ചാതുര്യത്തിന്‍െറ തെളിവുകളാണ്. 
കൂറ്റന്‍ വീടുകളുടെ പെരുന്തച്ചനായ പ്രശസ്ത ഡിസൈനര്‍ നസീര്‍ഖാന്‍ നിര്‍മാണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും  തന്‍െറ ശില്പഭദ്രതയുടെ രീതികളെക്കുറിച്ചും സംസാരിക്കുന്നു.  

1. വീടിന്‍െറ വിവിധ ഘടകങ്ങളുടെ അനുപാതം കൃത്യമാകണം. ചെറുതായാലും വലുതായാലും കേരള മോഡലായാലും കൊളോണിയലായാലും മുഗള്‍ ശൈലി ആയാലും ഇത് പ്രധാനമാണ്.  ഉദാഹരണത്തിന് തൂണിന്‍െറ ഉയരവും വണ്ണവും എണ്ണവും അല്ളെങ്കില്‍ ജനലുകളും വാതിലുകളും തമ്മില്‍ നല്ല ശില്‍പിക്ക് മാത്രം മനസ്സിലാകുന്ന ഒരു അനുപാതമുണ്ട്. അത് ശരിയായാല്‍ മറ്റെല്ലാം ശരിയായി. ഇല്ളെങ്കില്‍ ഏച്ചുകൂട്ടലായി തോന്നും.
2. ജീവനില്ലാത്ത വസ്തുക്കളെ കൃത്യമായ അനുപാതത്തില്‍ സമ്മേളിപ്പിച്ച് ജീവന്‍ തുളുമ്പുന്ന സൃഷ്ടിയാക്കാന്‍ പറ്റണം. പ്രകൃതിയോട് ചേരുന്നതായിരിക്കണം. ആഡംബരത്തേക്കാള്‍ ആഢ്യത്വവും കുലീനതയും തോന്നിപ്പിക്കണം.
3. സ്പേസ് മാനേജ്മെന്‍റ് ഏറെ പ്രധാനമാണ്. സ്ഥലത്തിനനുസരിച്ചാണ് മോഡല്‍ തീരുമാനിക്കുന്നത്. മനോഹരമായ ആര്‍ഭാടവീടിന് ചുരുങ്ങിയത് 30 സെന്‍റ് വേണം. സ്ഥലം കൂടുന്നതിനനുസരിച്ച് മുറിയുടെയും ഹാളിന്‍െറയും ബാത്ത്റൂമിന്‍െറയുമെല്ലാം വലിപ്പം കൂടും. അതിനനുസരിച്ച് ചുറ്റുമതിലും ഗേറ്റും വരെ രൂപം മാറും. വീടിന്‍െറ വലിപ്പത്തിനും ഉയരത്തിനുമനുസരിച്ച് ചുറ്റുപാടും സജ്ജീകരിക്കണം. പ്ളാന്‍, എലിവേഷന്‍ വര കൃത്യമായിരിക്കണം.
4.അടുത്ത പ്രധാനകാര്യം ഗുണനിലവാരമുള്ള വസ്തുക്കള്‍ തെരഞ്ഞെടുക്കലാണ്. പണം ഇടിച്ചുതള്ളുകയല്ല വേണ്ടത്. കോടികള്‍ മുടക്കുന്ന വീടിനും ഒരു ചെലവുചുരുക്കല്‍ നയം വേണം. ദുബൈ, ഇന്തോനേഷ്യ, മലേഷ്യ, ചൈന എന്നിവിടങ്ങളില്‍ നിന്നാണ് ഞാന്‍ നിര്‍മാണ വസ്തുക്കള്‍ കൊണ്ടുവരുന്നത്. ഗുണനിലവാരത്തോടൊപ്പം ചെലവുചുരുക്കാന്‍ കൂടി വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഇവിടെ ചതുരശ്ര അടിക്ക് 150 രൂപയുള്ള ടൈല്‍ ഇന്തോനേഷ്യയില്‍ നിന്ന് 68 രൂപക്ക് ഇവിടെ എത്തിക്കാനാവും. ഇവിടെ രണ്ടു ലക്ഷം രൂപ വിലവരുന്ന യൂറോപ്യന്‍ ബാത്ത്ടബ്ബ് ദുബൈയില്‍ ഒരു ലക്ഷത്തില്‍ താഴെ രൂപക്ക് ലഭിക്കും. ഏറ്റവും പുതിയ മോഡല്‍ ലഭിക്കുകയും ചെയ്യും.

5.തടിയില്‍ തേക്കിനേക്കാള്‍ വിലകുറവും ഗുണത്തില്‍ കുറവില്ലാത്തതുമായ ഇരൂളാണ് കൂടുതല്‍ ഉപയോഗിക്കുന്നത്.

6.വീടിന്‍െറ ഇന്‍റീരിയര്‍ ഡിസൈനിങ് വളരെ പ്രധാനമാണ്. ചെറിയ സ്ഥലം പോലും പരമാവധി പ്രയോജനപ്പെടുത്താനാവണം. മൊത്തം വീടിന്‍െറ ഘടനയോട് ചേരുന്നതായിരിക്കണം അകത്തെ മുഴുവന്‍ സജ്ജീകരണങ്ങളും -ചുമരില്‍ തൂക്കുന്ന പെയിന്‍റിങ് വരെ. പെയിന്‍റിന്‍െറ നിറവും കര്‍ട്ടനുമെല്ലാം ഇതിലെ പ്രധാന ഘടകങ്ങളാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.