വീട് അല്ളെങ്കില്‍ ഒരു കെട്ടിടം നിര്‍മ്മിക്കുമ്പോള്‍ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ച് നമ്മള്‍ ഓര്‍ക്കാറുണ്ടോ? നമ്മുക്കു ചുറ്റു വളര്‍ന്നുകൊണ്ടിരിക്കുന്ന കോണ്‍ക്രീറ്റ് വനങ്ങളുടെ അമിതഭാരം പ്രകൃതിക്ക് താങ്ങാന്‍ കഴിയുന്നതിനും അപ്പുറത്താണ്. വസതി എന്നാല്‍ വസിക്കാനുള്ള ഇടമെന്ന കാഴ്ചപ്പാട് മാറി. ആര്‍ഭാടവും ധൂര്‍ത്തും പൊലിപ്പിപ്പിക്കുന്ന ഇടമാണ് വീട്. അയല്‍ക്കാരന് ഇരുനില കോണ്‍ക്രീറ്റ് വീടുണ്ട്. അതിലും മികവും സൗകര്യങ്ങളുമുള്ള വീട് തനിക്കും വേണം. ഇത്തരം ചിന്തകള്‍ക്കപ്പുറത്തേക്ക് നമ്മള്‍ വളരുന്നതേയില്ല. ഭവന നിര്‍മാണത്തിലും പ്രയോജനത്തിലും പാരിസ്ഥിതിക പരിഗണനകള്‍ അവശ്യഘടകമാണ്. എന്നാല്‍ പ്രകൃതിയെ പരിഗണിക്കുന്നത് വിഭവങ്ങള്‍ ഊറ്റിയെടുക്കുന്നതിന് മാത്രമാണ്.
ഹൃദ്യമായി ഒഴുകി കൊണ്ടിരുന്ന പുഴകളെല്ലാം കണ്ണീര്‍ ചാലുകളായി മാറിയത് മണലെടുപ്പുകൊണ്ടാണ്. മണല്‍ ഇല്ളെങ്കില്‍ പിന്നെ പാറപൊട്ടിച്ച് പൊടിയാക്കാം. വീണ്ടുണ്ടാക്കുമ്പോള്‍ ആവശ്യത്തേക്കാള്‍ പരിഗണിക്കുന്നത് ആര്‍ഭാടത്തെയാണ്. പ്രകൃതിദത്തമായ പല ബദല്‍ നിര്‍മ്മാണ സങ്കേതങ്ങള്‍ ഇന്ന് അവലംബിച്ചു വരുന്നുണ്ട്. 31 ഡിഗ്രി സെല്‍ഷ്യസ് ആനുപാതിക താപനില രേഖപ്പെടുത്തുന്ന കേരളത്തില്‍ ഫാനോ എ.സി ഇല്ലാതെ വീടിനകത്ത് കഴിയാന്‍ പറ്റില്ളെന്ന അവസ്ഥയാണുള്ളത്. പുറത്തെ അന്തരീക്ഷം വീട്ടിനുള്ളില്‍ കിട്ടുന്ന തരത്തിലാകണം വീട് നിര്‍മ്മിക്കേണ്ടത്.
മണ്ണുപയോഗിച്ചുള്ള വീടുകളും തടി ഉപയോഗിച്ചുള്ള വീടുകളും മുള വീടുകളുമെല്ലാം അത്തരം ബദലുകളാണ് ചൂണ്ടിക്കാട്ടുന്നത്.
മണ്‍കട്ടകള്‍ പശിമയുള്ള മണ്ണ് ചവിട്ടിക്കുഴച്ചതുകൊണ്ട് കെട്ടിയാണ് ആദ്യകാലത്ത് വീടുകള്‍ ഉണ്ടാക്കിയിരുന്നത്. ആറു മാസത്തോളം മഴ തിമര്‍ത്തുപെയ്യുന്ന കാലാവസ്ഥയിലും ചെറുത്തു നില്‍ക്കാന്‍ മണ്‍വീടുകള്‍ക്കാകും. ആദ്യകാലങ്ങളില്‍ അരിച്ചെടുത്ത മണ്ണും മണലും ഉപയോഗിച്ചാണ് ചുമര്‍ തേച്ചിരുന്നത്. അതിനുമുകളില്‍ കുമ്മായം തേച്ചുപിടിപ്പിക്കുകയായിരുന്നു. ചെങ്കല്ലില്‍ പണിത ചുമരാണെങ്കില്‍ തേക്കുകയും ചെയ്തിരുന്നില്ല. ഇരു നില വീടുകള്‍ നിര്‍മ്മിച്ചിരുന്നതും ഇങ്ങനെ തന്നെ. കോണ്‍ക്രീറ്റിനു പകരം മരമാണ് തട്ടിനായി ഉപയോഗിച്ചിരുന്നത്. എത്ര ശക്തമായ കാലാവസ്ഥയും നേരിടാന്‍ ഈ കെട്ടിടങ്ങള്‍ക്കായിരുന്നു.
കോണ്‍ക്രീറ്റ് നിര്‍മാണ രീതി വന്നതോടെ ആളുകള്‍ ഇത്തരം നിര്‍മ്മാണ രീതി പാടെ മറന്നു. മേല്‍ക്കൂര കോണ്‍ക്രീറ്റ് ചെയ്ത് അതിനുമുകളില്‍ ഓടു പതിപ്പിക്കുന്ന രീതിയായി. മേല്‍ക്കൂര വീടിന് സുരക്ഷിതത്വം നല്‍കുന്നതിനും വെയിലും മഴയും ഏല്‍ക്കാതിരിക്കുന്നതിനും വേണ്ടിയാണ്. കോണ്‍ക്രീറ്റ് മേല്‍ക്കൂര സുരക്ഷിതത്വം തരുന്നതിനോടൊപ്പം അകത്തളത്തേക്ക് നല്ല തോതില്‍ ചൂടും കടത്തിവിടും.
മണ്ണുപയോഗിച്ചുള്ള നിര്‍മ്മാണരീതി കേരളത്തില്‍ പ്രചരണം നേടികൊണ്ടിരിക്കയാണ്. 1996 ലാണ് കേരളത്തില്‍ മണ്ണുപയോഗിച്ചുള്ള പ്രകൃതിസൗഹൃദ കെട്ടിടം പൂര്‍ത്തിയാക്കിയത്. മണ്‍വീടുകള്‍ക്ക് നല്ല പ്രതികരമാണ് ലഭിച്ചത്. കേരളത്തിലെ ചിലയിടങ്ങളില്‍ റിസോര്‍ട്ടുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇതേ സംവിധാനമുപയോഗിച്ച് ചെയ്തിട്ടുണ്ട്. പശിമയുള്ള മണ്ണാണ് കെട്ടിട നിര്‍മിതിക്ക് ഉപയോഗിക്കുന്നത്. മണ്ണ് ചവിട്ടിക്കുഴച്ച് അഞ്ചുശതമാനം മാത്രം സിമന്‍റ് ചേര്‍ത്താണ് മിശ്രിതം തയാറാക്കുന്നത്. ഫെറോസിമന്‍റാണ് മേല്‍ക്കൂരക്ക് ഉപയോഗിക്കുന്നത്.
പരിസ്ഥിതിയെ മലിനപ്പെടുത്താതെ നമ്മുക്ക് ആവാസമൊരുക്കാന്‍ ഒരു പരിധിവരെ ഇത്തരം സാങ്കേതിക വിദ്യകള്‍ക്ക് കഴിയും.
പ്രകൃതിയെ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി സര്‍ക്കാര്‍ ഇത്തരം രീതിയെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ആദിവാസി വിഭാഗങ്ങള്‍ക്കു വേണ്ടി ഇടമലക്കുടിയില്‍ അത്തരമൊരു പദ്ധതിയെ കുറിച്ച് സര്‍ക്കാര്‍ കൂടിയാലോചന നടത്തിയെങ്കിലും അത് നടന്നിട്ടില്ല. കേരളത്തെ അപേക്ഷിച്ച് മറ്റു സംസ്ഥാനങ്ങളില്‍ പ്രകൃതി സൗഹൃദ ഭവനങ്ങളും കെട്ടിടങ്ങളും നിര്‍മ്മിക്കുന്നുണ്ട്. മുള ഉപയോഗിച്ചുള്ള കെട്ടിടങ്ങളും മറ്റു സംസ്ഥാനങ്ങളില്‍ കണ്ടുവരുന്നു. കള്‍ട്ടിവേറ്റഡ് ടിമ്പര്‍ എന്ന പേരില്‍ പെട്ടന്നു വളരുന്നതും വീടു നിര്‍മ്മാണത്തിനുപയോഗിക്കുന്നതുമായ തടികള്‍ ഉപയോഗിച്ചും സ്ഥാപനങ്ങളും വീടും റിസോറട്ടുകളുമെല്ലാം നിര്‍മിക്കുന്നുണ്ട്. മുളകളും നിര്‍മ്മാണ ആവശ്യങ്ങള്‍ക്കും ഫര്‍ണിച്ചറുകള്‍ക്കുമായി കൃഷി ചെയ്തെടുക്കുന്നു. പ്രത്യേക രാസപ്രക്രിയ നടത്തി മുളകള്‍ കൊണ്ടുണ്ടാക്കുന്ന നിര്‍മിതിക്ക് 15 വര്‍ഷത്തോളം ഗാരന്‍റി നല്‍കുന്നുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മുളകള്‍കൊണ്ടുള്ള വീടുകളും റസ്റ്റോറന്‍റും മറ്റു സ്ഥാപനങ്ങളുമുണ്ട്. വയനാട്ടിലെ ഉറവില്‍ മുളകൊണ്ടുള്ള കെട്ടിടമുണ്ടാക്കിയിട്ടുണ്ട്. ചില റിസോറട്ടുകളും ഹോട്ടലുകള്‍ ഇത് പരീക്ഷിച്ചു വരുന്നു.
നിര്‍മ്മാണത്തില്‍ മാത്രമല്ല ഇന്‍റീരിയര്‍ രൂപകല്‍പന ചെയ്യുമ്പോഴും പരമാധവി പ്രകൃതിദത്ത, പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കാം. കരിങ്കല്ലും മണ്ണും ചെങ്കല്ലും വെള്ളാരംകല്ലുകളുമെല്ലാം ഇന്‍റീരിയര്‍ ഭംഗിക്ക് മനോഹരമായി ഉപയോഗിക്കാം. ഇങ്ങനെ ഫാനും എ.സിയും ഒന്നും ആവശ്യമില്ലാത്ത കുളിര്‍മയുള്ള വീടുകള്‍ ഇന്ന് കേരളത്തില്‍ പലയിടത്തും ഉയരുന്നുണ്ട്. പ്രകൃതിയെ ചൂഷണം ചെയ്യാതെ രപകൃതിയില്‍ അലിഞ്ഞു ജീവിക്കുക എന്നതാകണം നമ്മുടെ ലക്ഷ്യം.
euginepandala@gmail.com
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.