വീട് ബജറ്റിലൊതുക്കാം


വീടും കാറും ബ്രാന്‍ഡഡ് വസ്ത്രങ്ങളുമെല്ലാം വ്യക്തിത്വത്തിന്‍റെ ഭാഗമാക്കിയ ജീവിതശൈലി നമ്മെ നയിക്കുന്നതെങ്ങോട്ടെന്ന് ചിന്തിച്ചിട്ടുണ്ടോ? വീട് അഭിമാനത്തിന്‍റെ ചിഹ്നമാകുമ്പോള്‍ അത് ചെലവേറിയ സ്വപ്നമായി മാറുകയാണ്. ചിലര്‍ക്ക് സ്വപ്നം മാത്രമായും. വീടുപണി അവസാന ഘട്ടത്തിലത്തെുമ്പോര്‍ ശരാശരി മലയാളി അനുഭവിക്കുന്ന മാനസിക സംഘര്‍ഷം തന്നെ ഇതിനു തെളിവ്. കീശ കാലിയായിരിക്കുന്ന അവസരത്തില്‍ പണിതീര്‍ക്കാനുളള പെടാപ്പാട് ഒരുവശത്ത്. വായ്പകളെല്ലാം ഇനി എങ്ങനെ തിരിച്ചടയ്ക്കുമെന്ന് ആധി മറുവശത്ത്. ഒരാളും ഒരിക്കലും ഇഷ്ടപ്പെടാത്ത സാഹചര്യമാണിത്. പക്ഷേ, വീടുപണിയുന്ന തൊണ്ണൂറു ശതമാനം വ്യക്തികളും ഇത് അനുഭവിക്കേണ്ടി വരുന്നു. പ്രകൃതിയുടെ നിയമത്തെ മനുഷ്യന്‍ മാത്രം മറക്കുന്നതുകൊണ്ടാണ് ഇത്തരം സാഹചര്യങ്ങളിലൂടെ അവര്‍ക്ക് കടന്നുപോകേണ്ടിവരുന്നത്.

ഭൂമിയില്‍  മനുഷ്യന്‍ മാത്രമല്ല വീട് കെട്ടുന്ന ജീവി. നമുക്കു ചുറ്റുമുളള പ്രകൃതിയില്‍ പല ജീവജാലങ്ങളും അവരുടെ ആവാസവ്യവസ്ഥക്കുള്ളില്‍ നിന്ന് കൂടുകെട്ടുന്നവര്‍ തന്നെ. കുരുവിക്കൂടും തേനീച്ചകൂടുമൊക്കൊ കണ്ടിട്ടില്ളേ? എന്നാല്‍ ഈ വീടുകള്‍ക്കെല്ലാം നിശ്ചിതമായ ഒരു നിയമമുണ്ട്. 'പ്രകൃതിയുടെ നിയമം’.  കൃത്യമായ അളവുകളുടെ അടിസ്ഥാനത്തില്‍ സ്വയം നിര്‍മിച്ചെടുക്കുന്നതാണ് ഇവയെല്ലാം. എന്നാല്‍ നമ്മള്‍ ആര്‍ക്കുവേണ്ടിയാണ് എല്ലാ നിയമങ്ങളും പൊളിച്ചെഴുതി വീട് നിര്‍മ്മിക്കുന്നത് ? ഒരു കുടുംബത്തിന് മാത്രം പാര്‍ക്കാന്‍ വമ്പന്‍ കെട്ടിടം പണിതിടുന്നതെന്തിന്? സാധാരണക്കാരും അത്തരം കെട്ടിടങ്ങളുടെ മായകാഴ്ചകള്‍ പകര്‍ത്തുന്നതെന്തിനാണ്. നമ്മള്‍ വസിക്കുന്ന ഇടമാണ് വീട്. അതിലെത്ര മുറികള്‍ വേണം, എന്തല്ളൊം സൗകര്യങ്ങള്‍ വേണം ഇവയൊക്കെ  ചിന്തിക്കണം. നമ്മുടെ വ്യക്തിത്വം, ജോലി, കുടുംബത്തിന്‍റെ വലുപ്പം, വരുമാനം ഇവയൊക്കെയായിരിക്കണം ഇതിനുളള മാനദണ്ഡങ്ങള്‍. സാമ്പത്തിക പരിഗണന തന്നെയാണ് ഇതില്‍ ഏറ്റവും പ്രധാന്യമര്‍ഹിക്കുന്ന കാര്യം. അല്ലാതെ ചെറിയ വീടുവെച്ചാല്‍ കാണുന്നവര്‍ എന്തുവിചാരിക്കുമെന്നതിനല്ല.  

ഭംഗിക്കു വേണ്ടി പൈസ മുടക്കേണ്ടതില്ല

നല്ല വീട് എന്നാല്‍ ചെലവേറിയ വീടാണ് എന്നാണ് മിക്കവരുടേയും ധാരണ. ഭംഗിയുളള വീടെന്നാല്‍ ചെലവേറിയ ഏര്‍പ്പാടല്ല എന്നതാണ് വാസ്തവം. വീടിന്‍റെ രൂപകല്‍പന ഒരു ത്രിമാന സങ്കല്‍പമാണ്. പ്ളോട്ട്, സ്ഥല വിനിയോഗം, കാലാവസ്ഥപരമായ സവിശേഷതകള്‍ തുടങ്ങിയവ എല്ലാം തുല്യമായി പരിഗണിച്ച് രൂപപ്പെടുത്തുന്നതാണ് അത്. ഭംഗിയെന്നത് ഇതിന്‍റെ 'ബൈ പ്രൊഡക്ട് മാത്രമാണ്. അതായത് ഭംഗിക്കുവേണ്ടി പ്രത്യേകമായി പൈസ മുടക്കേണ്ടതില്ല.  ഭംഗി രൂപകല്‍പനയുടെയും ആവിഷ്കാരത്തിന്‍റെയും ഭാഗമായി ഉണ്ടാകേണ്ടതാണ്.

ചെലവേറിയതും വലുപ്പമുളളതുമായ വീടുകളാണ് കാഴ്ച നല്ലതെന്ന തെറ്റിധാരണയാണ് പലരുടെയും പോക്കറ്റ് കാലിയാക്കുന്നതും കടക്കെണിയിലേക്കു തളളിയിടുന്നതും. ഇതൊഴിവാക്കാന്‍ ചില കാര്യങ്ങള്‍ കര്‍ശനമായി പാലിക്കണം.

  •  വരുമാനത്തിനനുസരിച്ച് ആവശ്യങ്ങളെ പരിമിതപ്പെടുത്തുക.
  •  ഗൃഹനിര്‍മാണത്തിനായി പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കുക.
  •  ബജറ്റിനനുസരിച്ച് നിര്‍മ്മാണം പൂറത്തീകരിക്കുക
  •  പ്രതിമാസ വരുമാനത്തിന്‍റെ 35 ശതമാനത്തിലധികം ഭവനവായ്പാ തിരിച്ചടവ് വരാന്‍ പാടില്ല.
  •  കുടുംബത്തിന്‍റെ വലുപ്പത്തിനനുസരിച്ചുളള വീട് വയ്ക്കുക.
  •  ഭംഗിക്കു വേണ്ടി മാത്രമായി പണം പാഴാക്കരുത്.
  •  പഴയ സാധനങ്ങള്‍ പുനരുപയോഗിക്കുന്നതില്‍ശ്രദ്ധിക്കുക.
  •  വീടിനു സമീപത്തു നിന്നു ലഭിക്കുന്ന നിര്‍മാണസാമഗ്രികള്‍ ഉപയോഗിക്കുക.
  •  ബദല്‍ വസ്തുക്കള്‍ കണ്ടത്തെി ഉപയോഗിക്കുക.
  •  പ്ളോട്ടിന്‍റെ ഘടനക്കനുസരിച്ച് വീട് പണിയുക.

സുഭാഷ്.എസ്.യു
ആര്‍ക്കിടെക്റ്റ്
ജി.എസ് ആര്‍ക് ക്രിയേഷന്‍സ്
തിരുവനന്തപുരം

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.