വീട് എന്നത് നമ്മുടെ സ്വപ്ന സാക്ഷാത്കാരമാണ്. മൂന്നില്‍ രണ്ടു സമയവും ചെലവിടുന്ന നമ്മുടെ ഇടം. അകത്തളത്തു തന്നെ ചലിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്ന വശ്യതയാണ് വീട് എന്നതില്‍ നിന്നും പലരും ആഗ്രഹിക്കുന്നത്. പണി തീരുമ്പോഴാണ് അകത്തളത്തിന്‍റെ ഭംഗിയെ കുറിച്ച് പലരും ചിന്തിക്കുക. നവീന ഡിസൈനുകളിലുള്ള ഫര്‍ണിച്ചറുകളും അലങ്കാര വസ്തുക്കളും വാങ്ങി നിറക്കുന്നതല്ല അകത്തള ക്രമീകരണം.വീടിനകത്ത് സൗന്ദര്യവും സൗകര്യവും ഒരുപോലെ ഇഴചേരണം. വീട്ടിലേക്ക് കയറിചെല്ലുന്ന ഇടം മുതല്‍ ഒരോ ഇഞ്ചിലും മനസുപതിയണം. അതാണ് ഇന്‍റീരിയര്‍ ഡിസൈനറുടെ വിജയം. വീട്ടില്‍ താമസിക്കുന്നവരുടെ ജീവിതശൈലിക്കും അഭിരുചിക്കും ഇണങ്ങുന്ന വിധം ഭാവിയിലേക്ക് അവരുടെ ആവശ്യങ്ങള്‍ മുന്‍കൂട്ടി കണ്ടാണ് ഡിസൈനര്‍ പ്ളാന്‍ തയാറാക്കേണ്ടത്. കുടുംബത്തിന്‍റെ പ്രകടമായ ആവശ്യങ്ങള്‍ മാത്രമല്ല, സൂഷ്മമായ ആവശ്യങ്ങള്‍ കൂടി മനസിലാക്കേണ്ടതുണ്ട്. അവിടെ അലങ്കാരങ്ങള്‍ക്കല്ല പ്രാമുഖ്യം അവരുടെ ജീവിതം വീടിനകത്ത് ഭംഗിയായി നടക്കുക എന്നതാണ്.
അകത്തളത്തെ സ്ഥലപരിമിതി, ജനല്‍,വാതില്‍ എന്നിവയുടെ സ്ഥാനം, വെളിച്ച വിതാനം , വീട്ടുടമയുടെ അഭിരുചി എന്നിവ മുന്‍നിറത്തിയാണ് ഇന്‍റീരിയര്‍ പ്ളാന്‍ ചെയ്യേണ്ടത്. ഏതു തരം ശൈലിയാണ് വീടിനിണങ്ങുന്നതെന്ന് നോക്കണം. സിംപിള്‍, റോയല്‍, എര്‍ത്തി, കളര്‍ഫുള്‍, ട്രഡീഷ്ണല്‍, കന്‍റംപററി, യൂറോപ്യന്‍ എന്നിങ്ങനെ വിവിധ ശൈലികളുണ്ട്. എന്നാല്‍ വീടിന്‍റെ എക്സ്റ്റീരിയറുമായി ബന്ധമുള്ള ശൈലിയാകണം ഇന്‍റീരിയറില്‍ അവലംബിക്കാന്‍. പരമ്പരാഗത കേരള ശൈലിയിലുള്ള വീടിനകത്ത് കന്‍റംപററി മോഡേണ്‍ ഡിസൈനിലുള്ള ഇന്‍റീരിയര്‍ അഭികാമ്യമല്ല. പുറത്തെയും അകത്തെയും അഴകും ഇഴചേരുമ്പാഴാണ് നമുക്ക് പാര്‍ക്കാന്‍ മനോഹരമായ ഒരിടം ഉണ്ടാകുന്നത്.
അകത്തളങ്ങളില്‍ കൂടുതല്‍ കുറേ സാധനങ്ങള്‍ വാരിനിറച്ച് മോടി കൂട്ടുന്നത് മണ്ടത്തരമാണ്. ഇന്‍റീരിയര്‍ ഡെക്കറേഷനില്‍ മിനിമലിസമാണ് നല്ലത്. വളരെ കൂടുതല്‍ ഫര്‍ണിഷിങ് ചെയ്താല്‍ അത് മെയിന്‍റിങ് ചെയ്യാന്‍ ബുദ്ധിമുട്ടാണ്. ലിവിങ് റൂമില്‍ ഒരു വാട്ടര്‍ ബോഡിയോ, ഗാര്‍ഡനോ ഉണ്ടെങ്കില്‍ ഇന്‍റീരിയറില്‍ അലിയുന്ന വിധം അത് വൃത്തിയായിവെച്ചില്ളെങ്കില്‍ അരോചകമാകും. വീട് നിങ്ങളുടെ വ്യക്തിത്വം പ്രതിഫലിക്കുന്ന ഇടം കൂടിയാണ്. വീട്ടുടമയുടെ ആവശ്യങ്ങള്‍ മനസിലാക്കി മുറിയുടെ ഒരോ കോണിനെയും ആകര്‍ഷണീയമാക്കുക എന്നതിലാണ് ഡിസൈനറുടെ കരവിരുത്.
സ്ഥാനം, ഫര്‍ണിച്ചര്‍, നിറം, സോഫ്റ്റ് ഫര്‍ണിഷിങ്, ലൈറ്റിങ്, ആക്സസറീസ്, സ്റ്റോറേജ് എന്നീ ഘടകങ്ങളാണ് ഇന്‍റീരിയര്‍ ഡിസൈനില്‍ ശ്രദ്ധിക്കേണ്ടത്. ഹാര്‍ഡ് ഫര്‍ണിഷിങ് ഇതില്‍ പ്രധാനഘടകം തന്നെയാണ്.
ഹാര്‍ഡ് ഫര്‍ണിഷിങ്
ഇന്‍റീരിയര്‍ ഡിസൈനിങ് അലങ്കാരത്തിനു മാത്രമല്ല, സൗകര്യത്തിനാണ് പ്രഥമ പരിഗണന നല്‍കേണ്ടത്. ഒരോ മുറിയുടെയും ഘടനക്കും ആവശ്യത്തിനും ഇണങ്ങുന്ന ഫര്‍ണിച്ചര്‍,ഫര്‍ണിഷിങ് മെറ്റീരിയല്‍ എന്നിവയെല്ലാം ശ്രദ്ധപൂര്‍വ്വം തെരഞ്ഞെടുക്കണം. ഫര്‍ണിച്ചര്‍, സ്റ്റോറേജ് എന്നീ ഘടകങ്ങളില്ലാത്ത ഏരിയ വീടിനുള്ളില്‍ ഇല്ളെന്നു തന്നെ പറയാം. സ്വീകരണ മുറിയില്‍ സോഫ, ടീപോയ്, കോഫി ടേബിള്‍, കോര്‍ണര്‍ ടേബിള്‍, ടിവി എന്നിവയെല്ലാമാണ് ഉണ്ടായിരിക്കുക. വലിയ ലിവിങ് സ്പേസാണെങ്കില്‍ റീഡിങ് കോര്‍ണര്‍ കൂടി ഇവിടെ ആവശ്യപ്പെടുന്നവരുമുണ്ട്.
ലിവിങ് സ്പേസിലേക്കുള്ള തുറക്കുന്ന വാതിലുകള്‍, ജനലുകള്‍ എന്നിവ മനസിലാക്കി വേണം ഫര്‍ണിഷ് ചെയ്യാന്‍. എല്ലാവര്‍ക്കും അഭിമുഖമായിരുന്ന് സംസാരിക്കാന്‍ കഴിയുന്ന തരത്തില്‍ വേണം സോഫ ഒരുക്കാന്‍. ടീപോയ്യുടെ ഉയരവും സോഫയുടെ ഉയരവുമായി ബന്ധം വേണം. ഇവിടെ ടി.വി വെക്കുകയാണെങ്കില്‍ അതിരിക്കുന്ന ഭിത്തി ഫോക്കല്‍ പോയിന്‍റായി വരുന്ന രീതിയിലാണ് ഡിസൈന്‍ ചെയ്യേണ്ടത്.
ചുമര്‍ അലങ്കാരത്തിനായി തെരഞ്ഞെടുക്കുമ്പോള്‍ വാതിലും ജനലും വരുന്നവ തെരഞ്ഞെടുക്കാതെ ഒഴിഞ്ഞ ഭിത്തി കണ്ടത്തെണം. സ്റ്റോണ്‍ വെനീര്‍, ഡിസൈനര്‍ വെനീര്‍, ഗ്ളാസ് പാനല്‍സ്, കൊക്കോ പാനല്‍, ക്ളാഡിങ് സ്റ്റോണ്‍സ് എന്നിവകൊണ്ട് ചുമര്‍ഡിസൈന്‍ ചെയ്യാവുന്നതാണ്. വാള്‍പേപ്പര്‍, ടെക്ച്ചേഴ്സ്, പെയിന്‍റിങ്ങുകള്‍ എന്നിവയും നീഷേ സ്പേസിങ്ങും അകത്തളത്തിന്‍റെ മാറ്റ് കൂട്ടും. ഫര്‍ണിച്ചറും ആക്സസറീസും മുറിക്ക് നല്‍കുന്ന നിറത്തിനോട് ചേരുന്നതായിരിക്കണം. ലിവിങ് റൂമില്‍ ഏതെങ്കിലും നിറം ഉപയോഗിക്കരുതെന്ന നിയമമില്ല. വീടിന്‍്റെ ശൈലിയുടെ ഉടമയുടെ താല്‍പര്യവുമനുസരിച്ച് നിറം നല്‍കാം.
ലിവിങ് റൂമില്‍ സ്റ്റോറേജുകള്‍ കുറക്കുന്നതാണ് ഭംഗി. ഫാമിലി ലിവിങ്ങില്‍ വീട്ടുകാരുടെ താല്‍പര്യമനുസരിച്ചും ഇടപെടലുകള്‍ എളുപ്പമാക്കുന്നതുമായ തരത്തിലുള്ള ഫര്‍ണിച്ചറുകളാണ് നല്ലത്.
പെയിന്‍റിങ്ങുകള്‍, ഫ്ളവര്‍വേസ്, പോട്ടുകള്‍, ക്യൂരിയോസ്, ക്ളോക്ക് എന്നിങ്ങനെയുള്ള ആക്സസറീസ് ഉപയോഗിക്കുന്നത് അകത്തളത്തിന്‍റെ മാറ്റ് കൂട്ടും. ഷോകേസ് ഡിസൈന്‍ ചെയ്യുന്നത് ഇന്‍റീരിയറിന്‍റെ ശൈലിക്ക് ചേര്‍ന്നാകണം. ഷോകേസില്‍ തട്ടുകളുടെ ഉയരവും വീതിയും മനസിലാക്കി വേണം ആക്സസറീസ് ഉപയോഗിക്കാന്‍. ഉയര്‍ന്ന തട്ടോടു കൂടിയ ഷെല്‍ഫില്‍ ചെറിയ വിഗ്രഹങ്ങളും ക്രിസ്റ്റല്‍ വെസല്‍സുമൊന്നും വെച്ചാല്‍ ഭംഗിയുണ്ടാകില്ല. കന്‍റംപററി ശൈലിയിലുള്ള ഇന്‍റീരിയറില്‍ ആന്‍റിക് ലുക്കുള്ള ആക്സസറീസ് കൂടുതല്‍ ഉപയോഗിക്കുന്നത് നന്നാവില്ല. എന്നാല്‍ ചില ഭാഗങ്ങളില്‍ ആന്‍റീക് പീസ് വെച്ച് ആ ശൈലിയുമായി ലയിപ്പിക്കാവുന്നതാണ്.
ഹാര്‍ഡ് ഫര്‍ണിഷിങ്ങില്‍ ശ്രദ്ധിക്കേണ്ട ഇടമാണ് ഡൈനിങ് ഹാള്‍. താമസക്കാരുടെ എണ്ണത്തിനും സൗകര്യത്തിനുമനുസരിച്ച് വേണം ഡൈനിങ് ടേബിളും കസേരകളും തെരഞ്ഞെടുക്കാന്‍. മുറിയുടെ വലുപ്പത്തിന് അനുയോജ്യമായ ഡിസൈനിലുള്ള ടേബിളും കസേരകളും സജീകരിക്കാന്‍ ശ്രദ്ധിക്കണം. ടേബിളിന്‍്റെ മുകളില്‍ പഴങ്ങള്‍ വെക്കാനുള്ള തട്ടോ, മെഴുകിതിരിയോ ഫ്ളവര്‍ പോട്ടോ വെച്ച് അലങ്കരിക്കാം. ഡൈനിങ് ടേബിളിനു മുകളില്‍ പെന്‍്റന്‍്റ് ലൈറ്റ് ഉപയോഗിച്ചാല്‍ പ്രത്യേക ഭംഗി ലഭിക്കും. ക്രോക്കറി വെക്കാനുള്ള ഷെല്‍ഫ് ഇവിടെ സജീകരിച്ചിട്ടുണ്ടെങ്കില്‍ പ്രത്യേക രീതിയില്‍ വെളിച്ചവിതാനം നല്‍കി മനോഹരമാക്കാവുന്നതാണ്.
ഏറ്റവും കൂടുതല്‍ ഹാര്‍ഡ് ഫര്‍ണിഷ് ചെയ്യേണ്ടി വരുന്നയിടം കിടപ്പുമുറിയാണ്. കട്ടില്‍, ഡ്രസിങ് ടേബിള്‍, സൈഡ് ടേബിള്‍ എന്നിങ്ങനെയുള്ള ഫര്‍ണിച്ചറെല്ലാം ഒരുക്കേണ്ടിവരുമ്പോള്‍ സൂക്ഷ്മ വേണ്ടയിടവുമാണിത്. കട്ടിലാണ് കിടപ്പുമുറിയില്‍ പ്രധാനം. കട്ടില്‍ മുറിയുടെ വലുപ്പത്തിന് ആനുപാതികമായിരിക്കണം. സൈഡ് ടേബിളുകള്‍ ആവശ്യത്തെ മുന്‍നിര്‍ത്തിയാവണം ഡിസൈന്‍ ചേയ്യേണ്ടത്. വസ്ത്രങ്ങള്‍ സൂക്ഷിക്കാനുള്ള വാര്‍ഡ്രോബുകള്‍ ബാത്റൂമിനോടു ചേര്‍ന്ന ചുവരില്‍ സജീകരിക്കുകയാണ് നല്ലത്. മുറിയുടെ ആകൃതിക്കനുസരിച്ച് വേണം കബോര്‍ഡുകള്‍ ഒരുക്കാന്‍. കട്ടിലിന്‍റെ താഴെ സ്റ്റോറേജ് ഉണ്ടെങ്കില്‍ ബെഡ് ഷീറ്റുകള്‍, തലയിണ, കുഷനുകള്‍ എന്നിവ സൂക്ഷിക്കാം.
കിടപ്പുമുറിയില്‍ റെമാന്റിക് നിറങ്ങളാണ് പലരും തെരഞ്ഞെടുക്കാറുള്ളത്. ചുമര്‍, വാള്‍പേപ്പര്‍, കട്ടില്‍, അപ്പോള്‍സ്റ്ററി, ഹെഡ് റെസ്റ്റ്, ബെഡ്കുഷ്യന്‍ ,ബെഡ് സ്പ്രെഡ് എന്നിങ്ങനെ പല ലെയറുകളായാണ് ബെഡിങ് സജീകരിക്കുക. ഇവയില്ളെല്ലാം തമ്മില്‍ ലയനമുണ്ടെങ്കില്‍ മാത്രമേ മുറിക്ക് യഥാര്‍ഥ ചാരുത ലഭിക്കൂ. ബെഡില്‍ കുഷനുകള്‍ കൂടുതല്‍ വെക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കും. കുഷന്‍, ബെഡ് സ്പ്രെഡ്, ക്വില്‍റ്റ്, എന്നിവ ഒരേ തീമില്‍ വരുമ്പോഴാണ് ഭംഗിയാവുക.
കിടപ്പുമുറിയുടെ ഓപ്പണ്‍ വാളില്‍ ഭംഗിയുള്ള ഒരു പെയിന്‍റിങ് നല്‍കി, അതിനെ ഫോക്കസ് ചെയ്യുന്ന രീതിയില്‍ ലൈറ്റിങ് നല്‍കിയാല്‍ മുറിയുടെ ലുക്ക് മാറും. കിടപ്പുമുറിയില്‍ ചുവരുകള്‍ക്കെല്ലാം ഒരേ നിറം തന്നെ നല്‍കണമെന്നില്ല. മെയിന്‍ വാളിന്‍റെ നിറം മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമായി നല്‍കുന്നത് രസമാകും. കുട്ടികളുടെ മുറികള്‍ ഡിസൈന്‍ ചെയ്യുമ്പോഴും ഫര്‍ണിച്ചര്‍, നിറം, തീം, ലൈറ്റിങ് എന്നിവ തമ്മില്‍ ബന്ധമുണ്ടാകണം.
അടുക്കളയുടെ കാര്യമെടുക്കുമ്പോള്‍ വലുപ്പം, അംഗങ്ങളുടെ എണ്ണവും മനസിലാക്കി വേണം ബ്രേക്ഫാസ്റ്റ് ടേബിള്‍ സജീകരിക്കാന്‍. സ്പേസ് അധികം പാഴാവാത്ത തരത്തിലുള്ള ഫര്‍ണിച്ചര്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കാം.അടുക്കളയില്‍ ഫ്രിഡ്ജ്, സ്റ്റവ്, ഓവന്‍ എന്നിവ ട്രയാങ്കിളായി വരണം.
കപ്പുകളും പാത്രങ്ങളും കത്തി വെക്കാനുപയോഗിക്കുന്ന നൈഫ് ഹോള്‍ഡറുകളുമെല്ലാം ഭംഗിയാക്കാന്‍ ഉപയോഗിക്കാം. അടുക്കളയും തീമില്‍ ഒരുക്കുന്നതാകും ഭംഗി. കൗണ്ടര്‍ ടോപ്, കാബിനറ്റുകള്‍, ഫ്ളോര്‍ ടൈല്‍ എന്നിവ ഒരേ തീമില്‍ തെരഞ്ഞെടുത്താല്‍ അടുക്കളയുടെ അഴകേറും.
ജാനിസ് നഹ സജീദ്
ഡിസൈനര്‍
360 ഡിഗ്രി ഡിസൈന്‍
കോഴിക്കോട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.