വുഡന്‍ ബ്യൂട്ടി ബെഡ് റൂം

 നീണ്ട ഒരു ദിവസത്തിന്‍റെ ആലസ്യങ്ങള്‍ ഇറക്കിവെക്കുന്ന ഇടമാണല്ളോ കിടപ്പുമുറികള്‍. എല്ലാ ടെന്‍ഷനുകളും മാറ്റിവെച്ച് സുഖമായി ഉറങ്ങാനും പുതിയ ദിവസത്തിനു തുടക്കം കുറിക്കുന്നതും കിടപ്പുമുറിയില്‍ വെച്ചു തന്നെ. കിടപ്പു മുറിക്ക് ഒരാളുടെ ജീവിതത്തില്‍ വലിയ സ്ഥാനമാണുള്ളത്. സ്വപ്നങ്ങള്‍ കണ്ട് കിടന്നുറങ്ങുന്ന അറക്ക് മനോഹരമായ ഡിസൈന്‍ തന്നെയാണ് ഉണ്ടായിരിക്കേണ്ടത്.
കിടപ്പുമുറിയില്‍ കിടക്കാന്‍ കട്ടിലും വസ്ത്രങ്ങള്‍ വെക്കാന്‍ അലമാരയും മാത്രമായിരുന്നു കാലം പടിയിറങ്ങി. റിലാക്സിങ്  ഏരിയ എന്ന തലത്തിലാണ് പുത്തന്‍കാലത്തെ ബെഡ്റൂം ഡിസൈനുകള്‍. മനസിന് ഉചിതമായ നിറം, വെളിച്ചവിതാനം, സഞ്ചാര സൗകര്യം, സൗകര്യപ്രദമായ സ്റ്റോറേജ്, സ്ഥാനമനുസരിച്ചുള്ള കട്ടില്‍, ഇരിപ്പിടം, അലങ്കാരങ്ങള്‍ എന്നിങ്ങനെ പെര്‍ഫെക്റ്റ് ബെഡ് റൂം ചേരുവകളോടെ സൈന്‍ ആര്‍ക് ഡിസൈന്‍സ് രൂപകല്‍പന ചെയ്ത കിടപ്പുമുറിയാണ് നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത്. പഴയ വീട്ടിലെ പ്രധാനമുറിയാണ് ഡിസൈനറുടെ കരവിരുതില്‍ മനംമയക്കുന്ന ഭാവത്തിലേക്ക് മാറിയത്.

17 അടി നീളവും 12 അടി വീതിയുമുള്ള മുറിയാണ് കന്‍റംപ്രററി ശൈലിയിലേക്ക് മാറ്റി ഒരുക്കിയെടുത്തത്. മുറിയില്‍ ബാത്ത് റൂമും അറ്റാച്ച് ചെയ്തിട്ടുണ്ട്. രണ്ട് ജനലുകളുടെ സ്പേസും പാഴാക്കാതെയാണ് മുറിയൊരുക്കിയത്. പ്രകാശം കിട്ടുന്നതിനുവേണ്ടി ജനലില്‍ റോമന്‍ ബ്ളെന്‍റുകളാണ് നല്‍കിയത്. സ്റ്റോറേജ് സൗകര്യം ഇല്ലാതിരുന്ന മുറിയില്‍ പ്ളെവുഡും വെനീറും ഉപയോഗിച്ച് വാഡ്രോബ് നല്‍കിയിട്ടുണ്ട്.
 വിവിധ രൂപങ്ങളില്‍ ഡ്രസിങ് സ്പേസ് ബെഡ്റൂമുകളില്‍ പരീക്ഷിക്കുന്നുണ്ട്.  പ്രത്യേക ഏരിയായി വേര്‍ തിരിക്കാതെ വാഡ്രോബുമായി ചേര്‍ത്തുകൊണ്ടാണ് ഡ്രിസിങ് സ്പേസ് സജീകരിച്ചിരിക്കുന്നത്. ആത്മവിശ്വാസത്തെ വര്‍ധിപ്പിക്കുന്ന ഘടകമാണ് കണ്ണാടിയെന്നാണ് പറയപ്പെടുന്നത്. ഡ്രസിങ് സ്പേസില്‍ വലിയ കണ്ണാടിയും ടേബിളില്‍ സ്റ്റോറേജിനായി വലിപ്പുകളും ഒരുക്കിയിട്ടുണ്ട്. ഡ്രസിങ് ചെയര്‍ മുറിയുടെ തീമിനിണങ്ങുന്ന രീതിയിലുള്ളതാണ്.
മുറി അത്യാവശ്യം വലുതായതിനാല്‍ ഒരു സിറ്റിങ് കോര്‍ണറും ഇവിടെ തന്നെ സജീകരിച്ചിരിക്കുന്നു.  വായിക്കാനോ, ലാപ് ടോപ് ഉപയോഗിക്കാനോ ഈ ഏരിയ  ഉപകാരപ്പെടും.

കിടിലന്‍ ഫ്ളോറിങ്
മരം കൊണ്ടുള്ള ഫ്ളോറിങ്ങാണ് ഇപ്പോഴത്തെ ഫാഷന്‍. എന്നാല്‍ വുഡന്‍ ഫ്ളോറിങ് താരതമ്യേന ചെലവേറിയതിനാല്‍ തേക്ക് വുഡ് ടച്ചുള്ള  വിനയല്‍ കൊണ്ടാണ് ഫ്ളോറിങ് ചെയ്തത്. ഇത് മുറിക്ക് കൂടുതല്‍ മിഴിവ്  നല്‍കുന്നു.

ഹൈലൈറ്റ്
ഏതു മുറിയിലും ഒറ്റനോട്ടത്തില്‍ കണ്ണെത്തി നില്‍ക്കുന്ന ഒരിടം ഉണ്ടാകും. അതാണ് ആ മുറിയുടെ ഹൈലൈറ്റ് പോയിന്‍റ്. അവിടം ശ്യൂനയമായാല്‍ പിന്നെ മുറിയില്‍ മറ്റെന്തു നിറച്ചിട്ടും കാര്യമില്ല. ബെഡ്റൂമില്‍ കട്ടിലിന്‍റെ തലഭാഗംവരുന്ന ചുമരാണ് ഹൈലൈറ്റായി വരിക. ഇവിടെ മുറിയിലെ ഫ്ളോറിങ്ങിനും ഫര്‍ണിച്ചറിനും ചേരുന്ന നിറത്തില്‍ ടെക്ച്ചര്‍ പെയിന്‍റ് നല്‍കി മനോഹരമാക്കിയിരിക്കുന്നു. സീലിങ്ങില്‍ നിന്നും വീഴുന്ന സ്ട്രിപ് ലൈറ്റ് ഹൈലൈറ്റിന്‍റെ ഭംഗി കൂട്ടുന്നു.

സ്റ്റൈലന്‍ സീലിങ്ങും ലൈറ്റിങ്ങും
സീലിങ്ങിലും ലൈറ്റിങ്ങിലും പുത്തന്‍ ട്രെന്‍ഡുകള്‍ മിന്നിമറഞ്ഞുകൊണ്ടിരിക്കുന്ന കാലമാണിത്. ബെഡ്റൂമില്‍ പ്രധാനമാണ് ലൈറ്റിങ്ങും സീലിങ്ങും. ഫോള്‍സ് സീലിങ്ങാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. ജിപ്സം ബോര്‍ഡുകൊണ്ടാണ് സീലിങ് ചെയ്തിരിക്കുന്നത്.  എല്‍.ഇ.ഡി സ്ട്രിപ് ലൈറ്റുകള്‍ കൂടി ഘടിപ്പിച്ചപ്പോള്‍ സംഗതി കിടു. ബെഡിനരികില്‍ ഹാങ്ങിങ് ലൈറ്റ് കൂടി നല്‍കിയത് മുറിക്ക് വേറിട്ട ഭംഗി നല്‍കുന്നു.

വൈറ്റ്, വുഡന്‍  നിറങ്ങളാണ് മുറിക്ക് നല്‍കിയിരിക്കുന്നത്. ഈ നിറങ്ങളുടെ സമന്വയം ഡിം ലൈറ്റിലും തെളിഞ്ഞ വെളിച്ചത്തിലും കാണാന്‍ അഴകുള്ളതാണ്.

വലിപ്പമുള്ള മുറിയായതിനാല്‍ സ്ഥലം ഒഴിഞ്ഞുകിടക്കുന്നതിലെ അഭംഗി ഒഴിവാക്കാന്‍ കട്ടിലിനു താഴെയുള്ള സ്പേസില്‍  കാര്‍പെറ്റ്  വിരിച്ചിട്ടുണ്ട്. ഫര്‍ണിച്ചര്‍, സ്റ്റോറേജ്, മറ്റ് അലങ്കാരങ്ങള്‍ എന്നിവ മുറിയുടെ വലുപ്പത്തിനനുസരിച്ച സജീകരിക്കുന്നതില്‍ ഡിസൈനര്‍ വിജയിച്ചിട്ടുണ്ട്.

ഷമീം
ഡിസൈനര്‍
സൈന്‍ ആര്‍ക് ഡിസൈന്‍സ്
വണ്ടൂര്‍,
മഞ്ചേരി

signarchdesigns@gmail.com

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.