കാസർകോട്: അടിസ്ഥാന സൗകര്യങ്ങളും അടച്ചുറപ്പും സുരക്ഷിതത്വവുമുള്ള വീടുകൾ എന്ന സ്വപ്നം ജില്ലയിൽ ഈ വർഷം 250 പട്ടിക വിഭാഗം കുടുംബങ്ങൾക്കുകൂടി യാഥാർഥ്യമാകും. പട്ടിക വിഭാഗ വികസന വകുപ്പിന്റെ സേഫ് പദ്ധതിയിലൂടെയാണ് ഈ വര്‍ഷം 250 വീടുകള്‍ക്ക് സഹായം ലഭ്യമാക്കുക.
സംസ്ഥാനത്ത് മൊത്തം 7000 വീടുകള്‍ക്കാണ് പദ്ധതിയിലൂടെ സഹായമൊരുക്കുന്നത്. ഇനി പട്ടിക വിഭാഗത്തിൽപ്പെട്ടവർക്ക് തകർന്ന വീടുകളിൽ അരക്ഷിതരായി കഴിയേണ്ടിവരരുതെന്ന നിശ്ചയദാർഡ്യമാണ് സേഫ് - 'സെക്യൂര്‍ അക്കോമഡേഷന്‍ ആൻഡ് ഫെസിലിറ്റി എന്‍ഹാന്‍സ്മെന്റ്' പദ്ധതിക്കു പിന്നിൽ. സര്‍ക്കാര്‍ സഹായത്തോടെയും സ്വന്തം നിലക്കും നിര്‍മിച്ച് പൂര്‍ത്തിയാകാത്ത വീടുകള്‍ക്കും പദ്ധതിയിലൂടെ രണ്ടുലക്ഷം രൂപവരെ സഹായം ലഭിക്കും. ജില്ലയിൽ വിവിധ പദ്ധിതികളിലായി നിരവധി പട്ടിക വിഭാഗങ്ങൾക്ക് വീടുണ്ടെങ്കിലും മിക്കവയും അടച്ചുറപ്പുള്ളതല്ല. പലതും പണി പൂർത്തിയാകാത്തതും, വലിയ തോതിൽ നവീകരണം ആവശ്യമായതുമാണ്. നിത്യച്ചെലവിനുപോലും ബുദ്ധിമുട്ടുന്നവർക്ക് നവീകരണത്തിനുള്ള തുക കണ്ടെത്തുന്നത് വലിയ ബാധ്യതയാണ്. ഇതോടെയാണ് സേഫ് പദ്ധതിയുമായി വകുപ്പ് എത്തുന്നത്. ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച വീടുകളിലും നവീകരണത്തിന് പ്രത്യേക തുക അനുവിദിച്ചിട്ടില്ല. ഈ വീടുകളും സേഫ് പദ്ധതി തുക ഉപയോഗിച്ച് നവീകരിക്കും. മൂന്ന് ഗഡുക്കളായാണ് തുക അനുവദിക്കുക. രണ്ടുലക്ഷം രൂപയില്‍ ഒന്നാം ഗഡു 50,000 രൂപയും രണ്ടാം ഗഡു ഒരു ലക്ഷവും മൂന്നാം ഗഡു 50,000 രൂപയുമാണ്. ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്കായിരിക്കും തുക നല്‍കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.