കാലാവസ്ഥ വ്യതിയാന ഉച്ചകോടി; ഈജിപ്തിൽ കാറ്റാടിപ്പാടം നിർമിക്കാൻ യു.എ.ഇ കരാർ

ദുബൈ: വൻ കാറ്റാടിപ്പാട നിർമാണപദ്ധതിക്ക് ഈജിപ്തും യു.എ.ഇയും ധാരണയിലെത്തി. കാറ്റിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന ലോകത്തെതന്നെ ഏറ്റവും വലിയ പദ്ധതികളിലൊന്നായിരിക്കുമിത്. ഈജിപ്തിലെ ശറമുശ്ശൈഖിൽ നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര കാലാവസ്ഥ വ്യതിയാന ഉച്ചകോടി (കോപ്27)യിൽ വെച്ചാണ് സുപ്രധാനമായ കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും ഈജിപ്ത് പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽ സീസിയും കരാർ ഒപ്പിടുന്നതിന് ദൃക്സാക്ഷികളായി. യു.എ.ഇയുടെ 'മസ്ദാറും' ഈജിപ്തിന്‍റെ ഇൻഫിനിറ്റി പവറും ഹസൻ അല്ലാം യൂട്ടിലിറ്റീസും തമ്മിലാണ് ധാരണപത്രം ഒപ്പുവെച്ചത്. 10 ജിഗാ വാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിന് തീരപ്രദേശങ്ങളിൽ കാറ്റാടിയന്ത്രങ്ങൾ സ്ഥാപിക്കുന്നതിനാണ് കരാർ.

യു.എ.ഇ കാലാവസ്ഥാവകുപ്പിന്‍റെ പ്രത്യേക പ്രതിനിധിയും വ്യവസായ അഡ്വാൻസ്ഡ് ടെക്നോളജി മന്ത്രിയുമായ ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബറും ഈജിപ്ത് വൈദ്യുതി, പുനരുപയോഗ ഊർജമന്ത്രി ഡോ. മുഹമ്മദ് ശാക്കർ അൽ-മർകബിയുമാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്. പുനരുപയോഗ ഊർജമേഖലയിലെ ഇരുരാജ്യങ്ങളുടെയും അഭിലാഷമാണ് പദ്ധതിയിലൂടെ പൂർത്തിയാകുന്നതെന്ന് ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബർ പറഞ്ഞു.

പദ്ധതി പൂർത്തിയാകുന്നതോടെ പ്രതിവർഷം 47,790 ജിഗാവാട്ട് മണിക്കൂർ ശുദ്ധമായ ഊർജം ഉൽപാദിപ്പിക്കാൻ ഇതിലൂടെ സാധിക്കും. ഇത് 23.8 ദശലക്ഷം ടൺ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളൽ കുറക്കുകയും പരിസ്ഥിതിക്ക് ഗുണം ചെയ്യുകയും ചെയ്യും. ഈജിപ്തിന്‍റെ പുനരുപയോഗ ഊർജപദ്ധതിയായ ഗ്രീൻ കോറിഡോർ സംരംഭത്തിന്‍റെ ഭാഗമായാണ് പദ്ധതി രൂപപ്പെടുത്തിയത്. പദ്ധതിവഴി ഈജിപ്തിന് അഞ്ച് ശതകോടി ഡോളർ വാർഷിക പ്രകൃതിവാതക ചെലവിൽ ലാഭിക്കുകയും ഒരു ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുകയും ചെയ്യും.

ശറമുശ്ശൈഖിൽ കഴിഞ്ഞദിവസം ആരംഭിച്ച കോപ്-27ൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് സംസാരിക്കുകയും യു.എ.ഇയുടെ കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പദ്ധതികൾ വിശദീകരിക്കുകയും ചെയ്തിരുന്നു. ഈ മാസം 18വരെ നീണ്ടുനിൽക്കുന്ന ഉച്ചകോടിയിൽ അടുത്ത ദിവസങ്ങളിൽ വിവിധ ലോകനേതാക്കൾ സംസാരിക്കും.

Tags:    
News Summary - Climate Change Summit; UAE contracts to build wind farm in Egypt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.