കോഴിക്കോട്: ഫൈനൽ റൗണ്ട് പ്രതീക്ഷയുമായി സന്തോഷ് ട്രോഫി യോഗ്യത മത്സരത്തിൽ കേരള ടീം ഞായറാഴ്ച പുതുച്ചേരിയെ നേരിടും. കോർപറേഷൻ സ്റ്റേഡിയത്തിൽ വൈകീട്ട് 3.30നാണ് കേരളയും പുതുച്ചേരിയും തമ്മിലുള്ള മത്സരം. രാവിലെ ഏഴുമണിക്കുള്ള മത്സരത്തിൽ ലക്ഷദ്വീപും റെയിൽവേസും തമ്മിൽ ഏറ്റുമുട്ടും.
ഗ്രൂപ് എച്ചിലെ യോഗ്യത മത്സരത്തിൽ റെയിൽവേസിനോടും ലക്ഷദ്വീപിനോടും ജയിച്ച കേരളത്തിന് ആറു പോയന്റുണ്ട്. റെയിൽവേക്കും പുതുച്ചേരിക്കും പട്ടികയിൽ മൂന്നുപോയന്റുവീതമാണുള്ളത്. ലക്ഷദീപിന് പോയന്റൊന്നുമില്ല. പുതുച്ചേരിയെ വീഴ്ത്തിയാൽ കേരളത്തിന് ഫൈനൽ റൗണ്ടിൽ എത്താം. അഞ്ചുതവണ സന്തോഷ് ട്രോഫിയിൽ കളിച്ച അനുഭവസമ്പത്തുമായി ജി. സഞ്ജുവിന്റെ നേതൃത്വത്തിലുള്ള കേരള ടീമിന് പുതുച്ചേരി കനത്ത വെല്ലുവിളിയാകില്ലെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ടെന്ന് കേരള ടീം കോച്ച് ബിബി തോമസ് മുട്ടത്ത് പറഞ്ഞു. ഡിസംബർ അഞ്ചിന് ഹൈദരാബാദിൽ ഫൈനൽ റൗണ്ട് നടത്താനായിരുന്നു തീരുമാനിച്ചതെങ്കിലും പൂൾ മത്സരങ്ങൾ തീരാത്തതു മൂലം പത്തു ദിവസം കൂടി നീളുമെന്നത് ടീമുകൾക്ക് ആശ്വാസമാണ്.
കേരള ടീമിന്റെ കരുത്ത് കളിക്കാരുടെ പ്രായക്കുറവും മത്സരങ്ങളിലെ പരിചയവുമാണ്. ലക്ഷദ്വീപുമായുള്ള മത്സരത്തിൽ ഏകപക്ഷിയമായ 10 ഗോളുകൾക്കാണ് കേരളം പരാജയപ്പെടുത്തിയത്. ലക്ഷദ്വീപിനെതിരെ മത്സരത്തിൽ 3-2നാണ് പുതുച്ചേരി ജയം നേടിയത്. ലക്ഷദ്വീപിനെതിരെ ഹാട്രിക് നേടിയ സ്ട്രൈക്കർ ഇ. സജീഷ്, ഇരട്ട ഗോളുകൾ നേടിയ മുഹമ്മദ് അജ്സൽ, ഗനി അഹമ്മദ് നിഗം, ഓരോ ഗോളുമായി നസീബ് റഹ്മാന്, അര്ജുന്, മുഹമ്മദ് മുശർഫ്, വല കാക്കുന്ന കേരള ഗോൾർകീപ്പറും വൈസ് ക്യാപ്റ്റനുമാനുമായ ഹജ്മൽ എന്നിവരടങ്ങിയ സ്ക്വാഡിനെ നേരിടുക പുതുച്ചേരിക്ക് പ്രയാസംതന്നെയാകും.
പ്രതിരോധനിരയും മധ്യനിരയും ശക്തിപ്പെടുത്തിയതിനുപുറമെ അറ്റാക്കിങ്ങിന് പ്രാധാന്യം കൊടുത്താണ് കളിക്കുകയെന്നാണ് കേരള കോച്ച് ബിബി തോമസ് മുട്ടത്ത് പറയുന്നു. പ്രതിരോധത്തിൽ മുഹമ്മദ് അസ്ലം, ജോസഫ് ജസ്റ്റിൻ, ആദിൽ അമൽ, എം.മനോജ്, പി.ടി മുഹമ്മദ് റിയാസ്, ജി.സഞ്ജു, മുഹമ്മദ് മുശർറഫ് എന്നിവരെയാണ് ഒരുക്കിയത്.
സ്ട്രൈക്കേഴ്സായ ഗനി നിഗം, വി. അർജുൻ, ടി. ഷിജിൻ, ഇ. സജീഷ്, മുഹമ്മദ് അജ്സൽ എന്നിവരും ഇടംപിടിക്കാനാണ് സാധ്യത. മിഡ്ഫീൽഡർമാരായ ക്രിസ്റ്റി ഡേവിസ്, മുഹമ്മദ് അഷ്റഫ്, പി.പി. മുഹമ്മദ് റോഷൽ, നസീബ് റഹ്മാൻ, സൽമാൻ കള്ളിയത്ത്, നിജോ ഗിൽബർട്ട്, മുഹമ്മദ് റിഷാദ് ഗഫൂർ എന്നിവരും കളത്തിലിറങ്ങാനാണ് സാധ്യത.
പുതുച്ചേരിക്കുവേണ്ടി പി.എസ്. യശ്വന്ത് വലകാക്കും. ക്യാപ്റ്റൻ ദേവേന്ദിര, ഡിഫന്റർമാരായ എസ്. ധനശേഖർ, തിവാകർ, മുന്നേറ്റക്കാരായ കെ.ശരൻ, വിനീത്കുമാർ, കെ.ലോകേഷ്, ബെസ്കിൻ ഗോൾസൺ, മിഡ്ഫീൽഡർമാരായ ദിലീപൻ, അജ്മൽബാഷ, അമരീഷ് എന്നിവർ ആദ്യ ഇലവനിൽ ഇടംപിടിക്കാനാണ് സാധ്യത. ടീമിന്റെ മികച്ച കളിയാണ് പ്രതീക്ഷിക്കുന്നതെന്ന് പുതുച്ചേരി കോച്ച് എം. നാരായണമൂർത്തി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.