24 മണിക്കൂറിനുള്ളിൽ എല്ലാം ഡിലീറ്റ് ചെയ്യണം; വിദ്വേഷ പ്രചാരകർക്ക് എ.ആർ. റഹ്മാന്റെ മുന്നറിയിപ്പ്

ദിവസങ്ങൾക്ക് മുമ്പാണ് സംഗീത സംവിധായകനും ഗായകനുമായ എ.ആർ. റഹ്മാനും ഭാര്യ സൈറാബാനുവും വിവാഹമോചിതരാവുകയാണെന്ന വാർത്ത പുറത്തുവന്നത്. അതേദിവസം തന്നെ റഹ്മാന്റെ ട്രൂപ്പിലെ ഗിറ്റാറിസ്റ്റ് മോഹിനി ഡേയും പ്രഖ്യാപിച്ചു. അതോടെ റഹ്മാന്റെ വിവാഹമോചനത്തിന് പിന്നിൽ മോഹിനി ഡേയുമായുള്ള ബന്ധമാണെന്ന തരത്തിൽ വാർത്തകൾ പരന്നു. എന്നാൽ മോഹിനിയും റഹ്മാന്റെ മക്കളും ഈ വാർത്തകൾ തള്ളിക്കളഞ്ഞു.

അതിനു ശേഷമാണ് തന്നെക്കുറിച്ച് അപവാദപ്രചാരണം നടത്തിയവർക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാൻ എ.ആർ. റഹ്മാൻ തീരുമാനിച്ചത്.

റഹ്മാന് വേണ്ട് നർമദ സമ്പത്ത് അസോസിയേറ്റ്സ് ആൻഡ് അഡ്വക്കറ്റ്സ് ആണ് വക്കീൽ നോട്ടീസ് അയച്ചത്.

ചില സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളും റഹ്മാന്റെ സ്വകാര്യജീവിതത്തേക്കുറിച്ച് സാങ്കൽപ്പികവും അപകീർത്തികരവുമായ കഥകൾ എഴുതാനാരംഭിച്ചെന്ന് നോട്ടീസിൽ പറയുന്നു. റഹ്മാന്റെ ദാമ്പത്യത്തകർച്ചയെക്കുറിച്ച് പറയുന്ന അടിസ്ഥാനരഹിതമായ അഭിമുഖങ്ങളും പ്രചരിച്ചവയിലുണ്ടായിരുന്നെന്നും നോട്ടീസിലുണ്ട്. 24 മണിക്കൂറിനുള്ളിൽ ഇത്തരം ഉള്ളടക്കങ്ങൾ നീക്കംചെയ്യണമെന്നാണ് മുന്നറിയിപ്പ്. അല്ലാത്തപക്ഷം ഭാരതീയ ന്യായസംഹിതയിലെ 356ാം വകുപ്പ് പ്രകാരം നിയമനടപടികൾ സ്വീകരിക്കുമെന്നും വക്കീൽ നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.

''തന്റെ പ്രശസ്തിയെയും കുടുംബത്തെയും ബാധിക്കുന്ന തരത്തിലുള്ള ഒരു പ്രോ​ഗ്രാമിലും അശ്ലീല ഉള്ളടക്കങ്ങൾ ആരോപിക്കുന്ന അഭിമുഖങ്ങളിലും സത്യത്തിന്റെ ഒരു കണികയുമില്ലെന്ന് അറിയിക്കാൻ റഹ്മാൻ നിർദേശിച്ചിട്ടുണ്ട്. ഇത് കാണിക്കുന്നത് എന്റെ കക്ഷിയുടെ പ്രശസ്തിക്ക് ഹാനി വരുത്താൻ ഉദ്ദേശിക്കുന്ന സോഷ്യൽ മീഡിയ വ്യക്തികൾ അവരുടെ പ്രൊഡക്ഷനുകൾക്കായി പട്ടിണി കിടക്കുകയാണെന്നും കുറഞ്ഞ കാലത്തെ പരസ്യത്തിനായി റഹ്മാനെ അപകീർത്തിപ്പെടുത്താൻ സാങ്കൽപ്പികവും വ്യാജവുമായ കഥകൾ കെട്ടിച്ചമക്കുകയുമാണ്. അടുത്ത ഒരു മണിക്കൂറിനുള്ളിൽ അല്ലെങ്കിൽ പരമാവധി 24 മണിക്കൂറിനുള്ളിൽ വിദ്വേഷകരമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യണം. അല്ലാത്തപക്ഷം 2023 ലെ ഭാരതീയ ന്യായസംഹിതയിലെ സെക്ഷൻ 356 പ്രകാരമുള്ള നിയമനടപടികൾ സ്വീകരിക്കു​ം.''-എന്നാണ് വക്കീൽ നോട്ടീസിലുള്ളത്.

Tags:    
News Summary - AR Rahman issues warning over 'defamatory posts' about separation with Saira Banu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.