കൊച്ചി: ഒന്നും രണ്ടുമല്ല, തുടർച്ചയായ മൂന്ന് പരാജയങ്ങൾ. ഇതിന്‍റെയെല്ലാം ക്ഷീണം തീർക്കാൻ വിജയത്തിൽ കുറഞ്ഞതൊന്നും വേണ്ടെന്നുറപ്പിച്ച് വീണ്ടും കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുകയാണ്. ഐ.എസ്.എൽ സീസണിൽ കരുത്തരായ ചെന്നൈയിൻ എഫ്.സിയുമായി ബ്ലാസ്റ്റേഴ്സിന്‍റെ സ്വന്തം ഹോം ഗ്രൗണ്ടായ കലൂർ സ്റ്റേഡിയത്തിൽ ഞായറാഴ്ച വൈകീട്ട് 7.30ന് അങ്കം കുറിക്കും. മൂന്ന് തോൽവിക്കുശേഷം ഈ മത്സരത്തിലും തോൽവിതന്നെയാണ് ഫലമെങ്കിൽ ഈ സീസണിലും മുന്നോട്ടുള്ള യാത്രയിൽ മഞ്ഞപ്പടക്ക് കൂടുതൽ വിയർക്കേണ്ടിവരുമെന്ന് ഉറപ്പ്.
ഇതുവരെ നടന്ന എട്ട് മത്സരത്തിൽ ആകെ രണ്ടെണ്ണം മാത്രമാണ് ബ്ലാസ്റ്റേഴ്സിന് അഭിമാനിക്കാനുള്ള വിജയങ്ങൾ. രണ്ട് സമനിലയും ടീമിന്‍റെ പേരിലുണ്ട്, നാല് പരാജയമാണ് ടീം ഇതിനകം ഏറ്റുവാങ്ങിയത്. നിലവിൽ റാങ്ക് പട്ടികയിൽ എട്ട് പോയന്‍റോടെ പത്താം സ്ഥാനത്താണ് കേരളത്തിന്‍റെ സ്വന്തം ടീം. ഇതിനാൽ തന്നെ ഞായറാഴ്ചത്തെ കളി ഏറെ നിർണായകമാകുമെന്നുറപ്പാണ്. കാര്യമിങ്ങനെയാണെങ്കിലും എതിരാളികളായ ചെന്നൈയിൻ എഫ്.സി മുൻ സീസണുകളെക്കാൾ ഈ സീസണിൽ മികച്ച പ്രകടനം തുടർന്നുകൊണ്ടിരിക്കുന്നതിനാൽ ബ്ലാസ്റ്റേഴ്സിന് കളിക്കളത്തിൽ കാര്യങ്ങൾ അത്ര എളുപ്പമാകില്ല. എട്ടില്‍ മൂന്ന് മത്സരം ജയിച്ച് 12 പോയന്‍റുമായി പോയന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് അവര്‍. 2024 ഫെബ്രുവരിയില്‍ ലീഗില്‍ അവസാനം നേര്‍ക്കുനേര്‍ വന്നപ്പോള്‍ ചെന്നൈയിന്‍ എഫ്.സിക്കായിരുന്നു ജയം. ബ്ലാസ്റ്റേഴ്‌സിനെതിരെ തുടര്‍ച്ചയായ ഏഴ് മത്സരത്തിലെ വിജയമില്ലാഫലമാണ് കൊച്ചിയില്‍ അവര്‍ അവസാനിപ്പിച്ചത്.
സ്ഥിരമായി ഗോള്‍ നേടുന്നവരാണ് ബ്ലാസ്റ്റേഴ്സ് എങ്കിലും ഇതുവരെ ഒരു ക്ലീന്‍ഷീറ്റ് പോലും ടീമിനില്ല. 12 ഗോള്‍ അടിച്ചപ്പോള്‍ വഴങ്ങിയത് 16 ഗോളാണ്. ടീമിന്‍റെ പ്രതിരോധം കരുത്തുള്ളതാണെന്ന് പറയുമ്പോഴും ഇനിയും മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കേണ്ടതുണ്ടെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ മൈക്കൽ സ്റ്റാറേ തുറന്നുപറയുന്നു. തങ്ങൾ വളരെയധികം ഗോളുകള്‍ വഴങ്ങിയെന്നും ഇക്കാര്യത്തിലൊരു പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്നും സ്റ്റാറേ പ്രീമാച്ച് വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. കഴിഞ്ഞ മത്സരങ്ങളിലല്ല, നടക്കാനുള്ള ഗെയിമിലാണ് ടീം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അവസാന മത്സരത്തില്‍ ഉള്‍പ്പെടെ തോല്‍വിക്ക് നിര്‍ഭാഗ്യങ്ങള്‍കൂടി കാരണമായെന്നും സ്റ്റാറേ പറയുന്നു.
സീസണില്‍ ഇതുവരെ അഞ്ച് പെനാല്‍റ്റികൾക്കാണ് ടീം വഴങ്ങിയത്. ടീമിലെന്തെങ്കിലും മാറ്റങ്ങളുണ്ടാവുമോയെന്ന ചോദ്യത്തിന് വ്യക്തമായി മറുപടി നൽകാതിരുന്ന സ്റ്റാറേ സചിന്‍ സുരേഷ് തിരിച്ചെത്തുമോയെന്ന ചോദ്യത്തിന് ഞായറാഴ്ച വൈകീട്ട് ഏഴരക്ക് കാണാമെന്ന് ഉത്തരം നൽകി. ചെന്നെയിനെതിരെ വിജയം നേടുകയാണ് ലക്ഷ്യമെന്ന് ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ പറഞ്ഞു. ഫുട്‌ബാള്‍ ടീം ഗെയിമായതിനാൽ മത്സരം ജയിക്കാന്‍ എല്ലാവരുടെയും പങ്ക് നിര്‍ണായകമാണെന്നും ലൂണ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.