മസ്കത്ത്: കോവിഡ് പോരാട്ടത്തിനിടെ മരണം വരിച്ച ഒമാനിലെ മൂന്ന് ആരോഗ്യപ്രവർത്തകർക്കാണ് 'മീഡിയവൺ' ബ്രേവ്ഹാർട്ടിന്റെ വ്യക്തിഗത പുരസ്കാരങ്ങൾ സമർപ്പിച്ചത്. മരണാനന്തര ബഹുമതി ഏറ്റുവാങ്ങാൻ കുടുംബാംഗങ്ങളും സുഹൃത്തുക്കളും വേദിയിലെത്തി. വൈകാരികമായിരുന്നു പുരസ്കാരദാന ചടങ്ങ്. കോവിഡ് പോരാട്ടത്തിൽ മറ്റുള്ളവർക്കായി സ്വന്തം ജീവൻ സമർപ്പിച്ച മസ്കത്തിലെ പാവങ്ങളുടെ ഡോക്ടർ ചങ്ങനാശ്ശേരി സ്വദേശി ഡോ. രാജേന്ദ്രൻ നായർ, ആരോഗ്യമന്ത്രാലയത്തിലെ നഴ്സ് ബ്ലെസി തോമസ്, റുസ്താഖ് ആശുപത്രിയിലെ നഴ്സ് കോഴിക്കോട് പേരാമ്പ്ര സ്വദേശി രമ്യ റെജുലാൽ എന്നിവർക്കായിരുന്നു മരണാനന്തര ബഹുമതി. അമ്മയുടെ പേരിലുള്ള പുരസ്കാരം ഏറ്റുവാങ്ങാൻ ബ്ലെസി തോമസിന്റെ മക്കളായ കെസിയയും കെവിനും, ഭർത്താവ് സാം തോമസിന്റെ കൈപിടിച്ച് എത്തിയത് സദസ്സിനെ ഈറനണിയിച്ചു. ബ്ലെസിയുടെ കുടുംബത്തെ തൊഴുകൈകളോടെ വരവേറ്റാണ് ഡോ. ഗൾഫാർ പി.മുഹമ്മദലി അവർക്ക് അവാർഡ് സമ്മാനിച്ചത്. കുട്ടികളെ അദ്ദേഹം ചേർത്തുനിർത്തി. ഓർമകൾക്കു മുന്നിൽ വിങ്ങിപ്പൊട്ടിയ സാം തോമസിന് സദസ്സിനോട് സംസാരിക്കാൻ പോലും സാധിച്ചില്ല. ഡോ. രാജേന്ദ്രൻ നായർക്കുവേണ്ടി അദ്ദേഹത്തിന്റെ സഹപ്രവർത്തകനും ക്ലിനിക് മാനേജറുമായ ശശി ചേറുംകോട് പുരസ്കാരം ഏറ്റുവാങ്ങി. സുരക്ഷയെ കരുതി കോവിഡ് കാലത്ത് ക്ലിനിക് അടച്ചിടാമെന്ന് നിർദേശിച്ചപ്പോൾ പാവപ്പെട്ട രോഗികൾ ഈ ആതുരകാലത്ത് എവിടെപോകുമെന്ന ഡോക്ടറുടെ ചോദ്യം ഇപ്പോഴും തന്റെ കാതിലുണ്ടെന്ന് ശശി പറഞ്ഞു.
ഗർഭിണിയായിരിക്കെ മരണത്തിന് കീഴടങ്ങിയ റുസ്താഖ് ആശുപത്രിയിലെ നഴ്സ് രമ്യ െറജുലാലിന്റെ പുരസ്കാരം സ്വീകരിക്കാൻ ബന്ധു അബിൻ, സഹപ്രവർത്തകരായ രാജി നൈനാൻ, നിതിൻ ശിവദാസ് എന്നിവരും വേദിയിലെത്തി. രമ്യയെ ഓർത്തെടുക്കവെ അബിനും കണ്ഠമിടറി. ഊർജസ്വലയായ ആരോഗ്യപ്രവർത്തകയായിരുന്നു രമ്യ. ഗർഭിണിയായിട്ടുപോലും കോവിഡ് കാലത്ത് സ്വന്തം സുരക്ഷക്കായി അവധി എടുത്തിരുന്നില്ല. കോവിഡ് ബാധിതയായപ്പോൾ താൻ ജീവിതത്തിലേക്ക് മടങ്ങിവന്നില്ലെങ്കിലും തന്റെ വയറ്റിലെ കുഞ്ഞിനെ രക്ഷപ്പെടുത്തണമെന്നായിരുന്നു അവസാന നിമിഷങ്ങളിൽ അവർ ആഗ്രഹിച്ചിരുന്നതെന്ന് അബിൻ പറഞ്ഞു. മരണാനന്തരം ഈ ആരോഗ്യപ്രവർത്തകരെ ആദരിച്ചതിലൂടെ മീഡിയവണാണ് ആദരിക്കപ്പെട്ടതെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. സുപ്രീംകോടതി നിർദേശ പ്രകാരം കോവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ സഹായധനം നൽകുമ്പോൾ പ്രവാസി കുടുംബങ്ങളെ കൂടി പരിഗണിക്കാൻ സർക്കാറുകൾ മുന്നോട്ട് വരണമെന്ന് പുരസ്കാര ചടങ്ങ് ആവശ്യപ്പെട്ടു.
'ദുരിതങ്ങളിൽ ഭിന്നിപ്പ് മറക്കുന്ന മലയാളിയെ അഭിനന്ദിക്കണം'
മസ്കത്ത്: നിരവധി അഭിപ്രായവ്യത്യാസങ്ങളും ഭിന്നിപ്പുമുണ്ടെങ്കിലും ദുരിതങ്ങൾക്ക് മുന്നിൽ ഒന്നിച്ചുനിൽക്കുന്ന മലയാളിയെ അഭിനന്ദിക്കേണ്ടതാണെന്ന് വ്യവസായ പ്രമുഖൻ ഗൾഫാർ പി. മുഹമ്മദലി. റൂവി ഗോൾഡൻ തുലിപ്പ് ഹോട്ടലിൽ മീഡിയവൺ ബ്രേവ്ഹാർട്ട് പുരസ്കാരം വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. താനടക്കമുള്ള മലയാളികൾ ഈ ഗുണമേൻമയുടെ കാര്യത്തിൽ അഭിനന്ദനമർഹിക്കുന്നുണ്ട്. പ്രതിസന്ധികളെ ഒന്നിച്ച് നേരിടുക എന്നത് മാതൃകാപരമാണ്. പലരും ഭയന്ന് മാറിനിന്ന മഹാമാരിയുടെ കാലത്ത് സേവനരംഗത്ത് കെ.എം.സി.സി, കൈരളി, ഒ.ഐ.സി.സി തുടങ്ങി ഒട്ടുമിക്ക കൂട്ടായ്മകളും മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവെച്ചത്. മസ്കത്തിലെ ഇന്ത്യൻ എംബസിയുടെ വിലയിരുത്തൽ യോഗങ്ങളിൽ ഇക്കാര്യം അധികൃതർ പ്രത്യേകം പരാമർശിച്ചിരുന്നുവെന്നും ഗൾഫാർ പി. മുഹമ്മദലി ചൂണ്ടിക്കാട്ടി.
നന്ദി പ്രകടിപ്പിക്കുക എന്നത് ഒട്ടുമിക്ക സംസ്കാരങ്ങളുടെയും ഭാഗമാണ്. മീഡിയവണിെൻറ ബ്രേവ്ഹാർട്ട് അവാർഡും അത്തരമൊരു നന്ദി പ്രകടനമാണ്. ദുരിതകാലത്ത് നമ്മൾക്കായി നിലകൊണ്ടവർക്കുള്ള നന്ദി പ്രകാശനം. കോവിഡ് പോരാട്ടത്തിന് ജീവൻ നൽകിയ ഡോ. രാജേന്ദ്രൻ നായർ, നഴ്സുമാരായ ബ്ലസി തോമസ്, രമ്യ റജുലാൽ എന്നിവരെ മലയാളികൾക്ക് മാത്രമല്ല, ഒമാനി സമൂഹത്തിനും മറക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. നമ്മുടെ ഹൃദയങ്ങളിൽ എന്നും ജീവിച്ചിരിക്കേണ്ടവരാണ് അവരെന്നും ഡോ. മുഹമ്മദലി പറഞ്ഞു. അവരുടെ ജീവത്യാഗത്തിന് മുന്നിൽ താനും ശിരസ്സ് നമിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.