മുംബൈ: മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് മഹാരാഷ്ട്രയിലെ പാർട്ടികളിൽനിന്ന് കൂറുമാറിയ രാഷ്ട്രീയക്കാർക്കിടയിൽ നിയമത്തെക്കുറിച്ചുള്ള ഭയം നീക്കിയതായി ആരോപിച്ച് ശിവസേന (യു.ബി.ടി) നേതാവ് സഞ്ജയ് റാവത്ത്. അയോഗ്യതാ ഹരജികളിൽ തീരുമാനമാകാത്തതിനാൽ കൂറുമാറ്റങ്ങൾക്കായി ചന്ദ്രചൂഢ് വാതിലുകളും ജനലുകളും തുറന്നിട്ടിരിക്കുകയാണെന്ന് റാവത്ത് വിമർശിച്ചു.
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടി കനത്ത പരാജയം നേരിട്ടതിനു പിന്നാലെയാണ് ശിവസേന (യു.ബി.ടി) നേതാവിന്റെ പ്രസ്താവന. പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാഡിയുടെ ഭാഗമായി മത്സരിച്ച 95 സീറ്റുകളിൽ 20 സീറ്റുകളിൽ മാത്രമേ വിജയിക്കാനായുള്ളൂ. കോൺഗ്രസ് മൽസരിച്ച 101 സീറ്റുകളിൽ 16 എണ്ണവും എൻ.സി.പി (എസ്.പി) മത്സരിച്ച 86 സീറ്റിൽ 10 എണ്ണവും മാത്രമാണ് നേടിയത്.
‘ചന്ദ്രചൂഢ് കൂറുമാറിയവരിൽ നിന്ന് നിയമത്തെക്കുറിച്ചുള്ള ഭയം നീക്കി. ചരിത്രത്തിൽ അദ്ദേഹത്തിന്റെ പേര് കറുത്ത അക്ഷരങ്ങളിൽ എഴുതപ്പെടും’- മാധ്യമപ്രവർത്തകരോട് സംസാരിക്കവെ റാവത്ത് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം മുൻകൂട്ടി നിശ്ചയിച്ചതാണെന്നും റാവത്ത് ആരോപിച്ചു. അയോഗ്യതാ ഹരജികളിൽ അന്നത്തെ ചീഫ് ജസ്റ്റിസ് കൃത്യസമയത്ത് തീരുമാനമെടുത്തിരുന്നെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നു. 2022ൽ ശിവസേനയിലെ പിളർപ്പിനെ തുടർന്ന് ഏകനാഥ് ഷിൻഡെക്കൊപ്പം കൂറുമാറിയ പാർട്ടി എം.എൽ.എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗം സുപ്രീംകോടതിയിൽ ഹരജികൾ നൽകിയിരുന്നുവെങ്കിലും അതിൽ തീരുമാനമുണ്ടായില്ല.
‘ഞങ്ങൾക്ക് സങ്കടമുണ്ട്. പക്ഷേ നിരാശയില്ല. പോരാട്ടം പാതിവഴിയിൽ നിർത്തില്ല. വോട്ട് വിഭജനവും ഒരു ഘടകമായിരുന്നു. തെരഞ്ഞെടുപ്പിൽ ആർ.എസ്.എസ് പ്രധാന പങ്ക് വഹിച്ചു. വിഷലിപ്തമായ പ്രചാരണം ഞങ്ങളെ പ്രതികൂലമായി ബാധിച്ചു’- അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.