ഇന്ത്യൻ എംബസിയിൽ നടന്ന ബിസിനസ് മീറ്റിനിടെ കേന്ദ്ര വാണിജ്യ, വ്യവസായ, ഭക്ഷ്യവകുപ്പ്​ മന്ത്രി പീയൂഷ്​ ഗോയലിനൊപ്പം എം.എ. യൂസുഫലി

പ്രഖ്യാപിക്കുന്ന പദ്ധതികൾ സൗദി അറേബ്യ അതിവേഗം നടപ്പാക്കുന്നു, ഒപ്പം സഞ്ചരിക്കാൻ ലുലു ശ്രമിക്കുന്നു -എം.എ. യൂസുഫലി

റിയാദ്​: ലുലുവി​െൻറ വളർച്ച കിരീടാവകാശി ഉൾപ്പെടെയുള്ള സൗദി ഭരണാധികാരികൾ നൽകിയ പിന്തുണ കൊണ്ടാണെന്ന്​ ചെയർമാനും മാനേജിങ്​ ഡയറക്​ടറുമായ എം.എ. യൂസുഫലി. സൗദി അഭൂതപൂർവമായ വളർച്ച കൈവരിച്ചതായും അദ്ദേഹം പറഞ്ഞു. ഏഴാമത്​ സൗദി ഭാവിനിക്ഷേപ സംരംഭകത്വ സമ്മേളന വേദിയായ റിയാദിലെ റിറ്റ്​സ്​ കാൾട്ടണിൽ കിരീടാവകാശിയെ കണ്ട ശേഷം മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റിയാദിലെ റിറ്റ്​സ്​ കാൾട്ടൺ ഹോട്ടലിൽ സൗദി ഭാവിനിക്ഷേപ സംരംഭകത്വ സമ്മേളന വേദിയിൽ ലുലു ഗ്രൂപ്പ്​ ചെയർമാൻ എം.എ. യൂസുഫലി

സൗദി അറേബ്യയുടെ പബ്ലിക് ഇൻവെസ്​റ്റ്​മെൻറ്​ ഫണ്ടിന് (എഫ്.ഐ.ഐ) കീഴിൽ ഫ്യൂച്ചർ ഇൻവെസ്​റ്റ്​മെൻറ്​ ഇനിഷ്യേറ്റീവ്​ ആരംഭിച്ചത്​ മുതൽ ഏഴുവർഷത്തെയും സമ്മേളനങ്ങളിൽ ഞങ്ങൾ മുടങ്ങാതെ പ​ങ്കെടുക്കുന്നുണ്ടെന്ന്​ അദ്ദേഹം പറഞ്ഞു. ​ഈ സംരംഭം സൗദി ആരംഭിച്ചത്​ തന്നെ ഒരു വിഷനോട്​ കൂടിയാണ്​​, ‘വിഷൻ 2030’. ഓരോ കൊല്ലം കഴിയു​േമ്പാഴും അത്​ അഭിവൃദ്ധിയിലേക്ക്​ നീങ്ങിക്കൊണ്ടിരിക്കുകയാണ്​. ഈ വർഷം നടക്കുന്ന സമ്മേളനത്തി​െൻറ ഊന്നൽ വിനോദ സഞ്ചാര മേഖലയിലും ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളിലും ധനകാര്യ മേഖലയിലും നിക്ഷേപം നടത്തുന്നതിനെ കുറിച്ചാണ്​.

ഇന്ത്യൻ എംബസിയിൽ മന്ത്രി പീയുഷ്​ ഗോയൽ വിളിച്ചുചേർത്ത ബിസിനസ്​ മീറ്റ്​

ഓരോ ദിവസം ചെല്ലുന്തോറും സൗദി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്​. സമ്പദ്​ വ്യവസ്​ഥ കൂടുതൽ കൂടുതൽ ശക്തിപ്രാപിക്കുന്നു. അതനുസരിച്ച്​ ലുലു ഗ്രൂപ്പും സൗദിയിൽ വികസന പദ്ധതികൾ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്​. 58 ഹൈപർമാർക്കറ്റുകൾ നിലവിൽ സൗദിയിലുണ്ട്​. അത്​ നൂറ്​ ഹൈപർമാർക്കറ്റുകളിലേക്കും മാളുകളിലേക്കും വിപുലപ്പെടുത്താനുള്ള ചുവടുവെപ്പിലാണ്​​ ഞങ്ങൾ​. കിരീടാവകാശിയെ കാണാൻ അവസരമുണ്ടായി. അദ്ദേഹം വളരെ ഹൃദ്യമായാണ്​ സ്വീകരിച്ചത്​.

ഫിഫ പ്രസിഡൻറ്​ ഗിയാനി ഇൻഫൻറിനോടൊപ്പം എം.എ. യൂസുഫലി

ഒരു രാജ്യത്ത്​ ജോലി ചെയ്യാനും കച്ചവടം ചെയ്യാനും അതിൽനിന്ന്​ ജീവിതത്തിൽ നീക്കിയിരിപ്പുണ്ടാക്കാനും ആ രാജ്യത്തെ ഭരണകർത്താക്കളുടെ അനുഗ്രഹാശിസുകൾ ആവശ്യമാണ്​. ഇവിടെനിന്ന്​ കിട്ടുന്ന സമ്പാദ്യം എന്തെങ്കിലും ബാക്കിയുണ്ടെങ്കിൽ അത്​ സ്വന്തം നാട്ടിലേക്ക്​ അയക്കാനും കരുണ ചെയ്യുന്ന വിശാല ഹൃദയരാണ്​ സൗദിയിലെ ഭരണാധികാരികൾ. അവരോട്​ എപ്പോഴും നാം നന്ദി പ്രകാശിപ്പിക്കേണ്ടതാണ്​. അവരുമായി എപ്പോഴും സ്​നേഹം പങ്കിടേണ്ടതാണ്​. അവർ ചെയ്​തുതരുന്ന ഈ നന്മയ്​ക്ക്​ നമ്മൾ എപ്പോഴും നന്ദി പറയേണ്ടതാണ്​. എന്ത്​ പദ്ധതികൾ ജനങ്ങളോട്​ വാഗ്​ദാനം ചെയ്യുന്നുവോ അത്​ നടപ്പാക്കുന്നവരാണ്​ സൗദി ഭരണാധികാരികൾ.

നിക്ഷേപക സമ്മേളനത്തിൽ എം.എ. യൂസുഫലി

നിയോമടക്കം രാജ്യത്ത്​ ഇതുവരെ പ്രഖ്യാപിച്ച പദ്ധതികളെല്ലാം നിർമാണവഴിയിലാണ്​. ഇവിടുത്തെ സമ്പദ്​ വ്യവസ്ഥ അത്രയും കരുത്തുറ്റതാണ്​. അവർ അതിവേഗമാണ്​ പദ്ധതികൾ നടപ്പാക്കുന്നത്​. ആ വേഗതയ്​ക്കൊപ്പം നമ്മളും സഞ്ചരിക്കണം. അല്ലെങ്കിൽ നമ്മൾ പിന്നോക്കമടിച്ചുപോകും. ആർക്കായാലും ജീവിതത്തിൽ വിജയിക്കണമെങ്കിൽ ലക്ഷ്യബോധം വേണം. സൗദി അറേബ്യയുടെ ലക്ഷ്യബോധം കൃത്യമായി അടയാളപ്പെടുത്തുന്നതാണ്​ ‘വിഷൻ 2030’. സൗദി ഭരണാധികാരികൾക്ക്​ ഭാവിയെക്കുറിച്ച്​ കൃത്യമായ കാഴ്​ചപ്പാടുണ്ട്​​​. ആ ലക്ഷ്യത്തിലേക്ക്​ കുതിക്കുന്ന സൗദിയോടൊപ്പം അതേ വേഗതയിൽ സഞ്ചരിക്കാനാണ്​ ഞങ്ങളും ശ്രമിക്കുന്നത്​ -യൂസുഫലി കൂട്ടിച്ചേർത്തു.

പബ്ലിക്​ ഇൻവെസ്​റ്റ്​മെൻറ്​ ഫണ്ട്​ ഗവർണർ യാസിർ അൽറുമയ്യാനൊപ്പം എം.എ. യൂസുഫലി

‘പുതിയ ചക്രവാളം’ എന്ന ശീർഷകത്തിലെ ഈ വർഷത്തെ സൗദി ഭാവിനിക്ഷേപ സംരംഭകത്വ സമ്മേളനം ചൊവ്വാഴ്​ചയാണ്​ ആരംഭിച്ചത്​. ഉദ്​ഘാടനം മുതൽ എല്ലാ സെഷനിലും എം.എ. യൂസുഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പ്​ പ്രതിനിധി സംഘം പ​ങ്കെടുക്കുന്നുണ്ട്​. സമ്മേളനത്തിനിടെ കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനെ കണ്ട എം.എ. യൂസുഫലി സൗദി പബ്ലിക്​ ഇൻവെസ്​റ്റ്​മെൻറ്​ ഫണ്ട്​ ഗവർണർ യാസിർ അൽറുമയ്യാൻ, ഫിഫ പ്രസിഡൻറ്​ ഗിയാനി ഇൻഫൻറിനോ, ഇന്ത്യൻ വാണിജ്യ, വ്യവസായ, ഭക്ഷ്യവകുപ്പ്​ മന്ത്രി പീയൂഷ്​ ഗോയൽ എന്നിവരുമായി കൂടിക്കാഴ്​ച നടത്തി. ചൊവ്വാഴ്​ച വൈകീട്ട്​ റിയാദിലെ ഇന്ത്യൻ എംബസി ആസ്ഥാനത്ത് മന്ത്രി പീയുഷ്​ ഗോയലിനൊപ്പം ബിസിനസ് മീറ്റിലും അദ്ദേഹം പ​ങ്കെടുത്തു.

Tags:    
News Summary - Saudi Arabia is fast-tracking the announced plans and Lulu is trying to keep up -ma yusuff ali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.