യാംബു: ജല കായിക വിനോദമായ ‘സർഫിങ്’ പരിശീലനത്തിന് പദ്ധതികളുമായി സൗദി സർഫിങ് ഫെഡറേഷൻ. യാംബു റോയൽ കമീഷൻ വാട്ടർ ഫ്രണ്ട് ബീച്ചിൽ എല്ലാ ആഴ്ചയിലും വെള്ളി, ശനി ദിവസങ്ങളിൽ സൗജന്യമായി സർഫിങ് പരിശീലനം നൽകിവരുകയാണ്.
യാംബുവിലെ മലയാളികളും ഈ അവസരം ഉയോഗപ്പെടുത്തുന്നുണ്ട്. സൗദി ഒളിമ്പിക് കമ്മിറ്റിയുടെ പിന്തുണയുള്ള സൗദി ഫെഡറേഷൻ രാജ്യത്തെ ജല കായിക വിനോദങ്ങളിൽ ജനപ്രിയമായ എല്ലാത്തരം സർഫിങ് പരിശീലനങ്ങളും പ്രോത്സാഹിപ്പിക്കാൻ പദ്ധതികൾ ആവിഷ്‌കരിക്കുകയാണ്.
കായിക വിനോദരംഗങ്ങളിൽ യുവാക്കളെ കൂടുതൽ മികവുറ്റതാക്കി തീർക്കാനും രാജ്യത്തെ കായിക മുന്നേറ്റത്തെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് പരിപാടികൾ നടക്കുന്നത്. പൊതുവെ തിരമാലകൾ കുറഞ്ഞ ശാന്തമായ യാംബു റോയൽ കമീഷൻ വാട്ടർ ഫ്രണ്ട് ബീച്ചിലെ ചെങ്കടൽ തീരങ്ങളിലെ ആഴം കുറഞ്ഞ പ്രത്യേക ഭാഗങ്ങളാണ് ഫെഡറേഷൻ നവാഗതർക്ക് പരിശീലനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
പരിശീലനം ആഗ്രഹിക്കുന്നവർക്ക് ഓൺലൈൻ വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യാനാവും. ‘സൗദി സർഫിങ്’ അതോറിറ്റി വെബ് സൈറ്റ് വഴിയോ സ്പോട്ടിൽനിന്ന് നേരിട്ട് ക്യൂആർ കോഡ് സ്‌കാൻ ചെയ്തോ വ്യക്തി വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യാനാവും.
കടലിൽ ഇറങ്ങുന്നതിന് മുമ്പ് പരിശീലകർ ആവശ്യമായ സുരക്ഷാനിർദേശങ്ങളും ‘സർഫർ’ എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന നിർദേശങ്ങളും പങ്കായം തുഴയുന്ന രീതികളുമെല്ലാം പരിശീലകർ കായികപ്രേമികൾക്ക് വിശദീകരിച്ചു കൊടുക്കുന്നുണ്ട്. സേഫ്റ്റി ജാക്കറ്റും നൽകുന്നുണ്ട്.
മലർവാടി ബാലസംഘത്തിന്റെ നേതൃത്വത്തിൽ യാംബുവിലെ ധാരാളം മലയാളി കുട്ടികൾപരിശീലനത്തിൽ പങ്കെടുത്തു. പുത്തൻ അനുഭവമാണെന്ന് മലർവാടി യാംബു സോൺ കോഓഡിനേറ്റർ നൗഷാദ് വി. മൂസ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. യാംബുവിലെ മലയാളി സഞ്ചാരികളുടെ കൂട്ടായ്‌മയായ ‘യാംബു ഫ്ലൈ ബേഡ്‌സ്’ ക്ലബ് അംഗങ്ങളും സർഫിങ്ങിൽ പങ്കെടുക്കുന്നുണ്ട്.
ജിദ്ദ, യാംബു, അൽ ഖോബാർ, ജുബൈൽ, ജിദ്ദ കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി തുടങ്ങിയ മേഖലകളിലാണ് സൗദി സർഫിങ് ഫെഡറേഷൻ പരിശീലന പരിപാടി ഇപ്പോൾ നടത്തിവരുന്നത്. അൽ ഖോബാറിൽ ഡിസംബർ 13നും 14നുമാണ് അടുത്ത പരിശീലനപരിപാടി നടക്കുന്നത്. ജുബൈലിൽ ജനുവരി 17, 18 തീയതികളിലും ജിദ്ദ കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിൽ ജനുവരി 31, ഫെബ്രുവരി ഒന്നിനുമാണ് സൗജന്യ പരിശീലനം നടക്കുന്നത്.
താൽപര്യമുള്ളവർക്ക് https://docs.google.com/forms/d/e/1FAIpQLSekr0rzvg_ mbndCknYKVW1S5otQsFupQk xL4PGMc-z9e_xl6g/viewform എന്ന ലിങ്കിൽ പേര് രജിസ്റ്റർ ചെയ്ത് പരിശീലന പരിപാടിയിൽ പങ്കെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.