മനാമ: രാജ്യത്തിന്‍െറ 44ാമത് ദേശീയദിനവും ഭരണാധികാരിയുടെ 16ാമത് സ്ഥാനാരോഹണ വാര്‍ഷികവും ആഘോഷിക്കുന്ന ബഹ്റൈന്‍ പുതിയ പ്രതീക്ഷകളുമായി കൂടുതല്‍ പുരോഗതിയിലേക്ക് നടന്നടുത്തുകൊണ്ടിരിക്കുകയാണെന്ന് മന്ത്രിസഭ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം ഗുദൈബിയ പാലസില്‍ നടന്ന മന്ത്രിസഭായോഗത്തില്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ അധ്യക്ഷത വഹിച്ചു. ഒന്നാം ഉപപ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ സാന്നിധ്യത്തിലായിരുന്നു മന്ത്രിസഭാ യോഗം. സന്തോഷത്തിന്‍െറയും ആനന്ദത്തിന്‍െറയും വേളയില്‍ അദ്ദേഹം ഹൃദ്യമായ ആശംസകളും അഭിവാദനങ്ങളും രാജാവ് ഹമദ് ബിന്‍ ഈസാ ആല്‍ഖലീഫക്ക് അറിയിച്ചു. രാജ്യത്തുള്ള ആബാലവൃന്ദം ജനങ്ങള്‍ക്കും അദ്ദേഹം ദേശീയദിനാശംസകള്‍ നേര്‍ന്നു. രാജാവിന്‍െറ കരുത്തുറ്റ നേതൃത്വത്തിന് കീഴില്‍ രാജ്യം നല്ല പുരോഗതിയാണ് കൈവരിച്ചുകൊണ്ടിരിക്കുന്നത്. രാജ്യം ആഗ്രഹിക്കുന്ന ഉന്നതമായ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഓരോ പൗരന്മാരും മുന്നിട്ടിറങ്ങേണ്ടതുണ്ട്. സാംസ്കാരിക, രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക, ജനാധിപത്യ മേഖലയില്‍ കൃത്യമായ ദിശാബോധത്തോടെയും സുചിന്തിതമായ തീരുമാനത്തോടെയുമാണ് നാം മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. രാജ്യത്തിന്‍െറ ആഭ്യന്തര ഭദ്രതക്കും സമാധാനാന്തരീക്ഷത്തിനും ഏറെ പ്രാധാന്യമാണ് കൊടുത്തുകൊണ്ടിരിക്കുന്നത്.
രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരോട് എന്നും കടപ്പെട്ടിരിക്കുകയും അവരുടെ ഓര്‍മകള്‍ ഓരോ രാജ്യസ്നേഹിയുടെയും ഉള്ളില്‍ വികാരമായി നിലകൊള്ളുകയും ചെയ്യും. എല്ലാ ഡിസംബര്‍ 17ഉം അവരെ ഓര്‍ത്തുകൊണ്ടാണ് കടന്നുപോകുന്നത്. ഈയടുത്ത് റിയാദില്‍ നടന്ന ജി.സി.സി ഉച്ചകോടിയുടെ പര്യവസാനം വളരെ വിജയകരമായിരുന്നുവെന്ന് മന്ത്രിസഭ വിലയിരുത്തി. അംഗരാജ്യങ്ങളിലെ സമാധാനത്തിന് വേണ്ടി സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ സഊദിന്‍െറ നേതൃത്വത്തിലുള്ള ശ്രമങ്ങള്‍ ഏറെ ശ്ളാഘനീയമാണെന്നും മന്ത്രിസഭ അഭിപ്രായപ്പെട്ടു.
പാരിസ് ഉച്ചകോടിയില്‍ നടത്തിയ കരാറിലൂടെ പാരിസ്ഥിക പ്രത്യാഘാതങ്ങള്‍ക്ക് ഫലപ്രദമായ പരിഹാരങ്ങള്‍ കാണാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോളതാപനത്തിന്‍െറ പ്രയാസങ്ങള്‍ കുറക്കാനും പരിസ്ഥിതി സൗഹൃദ വികസനം സാധ്യമാക്കാനും ഇതിലൂടെ കഴിയും. വര്‍ധിച്ചുവരുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാനും സുഗമമായ വാഹനഗതാഗതത്തിനും അനുഗുണമായ നിരവധി പദ്ധതികളെ കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ ഹൈവേ, വലിയ്യുല്‍ അഹ്ദ് ഹൈവേ എന്നിവിടള്‍ വീതി കൂട്ടുകയും ഇതര പ്രദേശങ്ങളില്‍ പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യും. ഉന്നത വിദ്യഭ്യാസ രംഗത്ത് ഗുണകരമായ മാറ്റങ്ങള്‍ക്കായുള്ള പുതിയ പദ്ധതികളെകുറിച്ചും ചര്‍ച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.